ഗുജറാത്തിൽ ദളിതർക്കെതിരേയുള്ള അക്രമം: മൂന്നു യുവാക്കൾകൂടി ജീവനൊടുക്കാൻ ശ്രമിച്ചു
Friday, July 22, 2016 12:40 PM IST
അഹമ്മദാബാദ്: ഗുജറാത്തിൽ മൂന്നു ദിവസമായി തുടരുന്ന ദളിത് പ്രക്ഷോഭത്തിനിടെ ബോടാഡ് ജില്ലയിലെ റാൻപുരിൽ ഇന്നലെ മൂന്നു യുവാക്കൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇവരെ ഭവനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശുക്കളെ കൊന്നു തോൽ വില്ക്കുകയാണെന്നാരോപിച്ചു ദളിത് യുവാക്കളെ കെട്ടിയിട്ടു ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം.

ജൂലൈ 11നു സൗരാഷ്ട്രയിലെ ഗിർ സോംനാഥ് ജില്ലയിൽ ഉനാ ടൗണിൽ നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഇതുവരെ 20 ദളിതരാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രക്ഷോഭത്തിനിടെ അംറേലിയിൽ പങ്കജ് എന്ന പോലീസ് കോൺസ്റ്റബിൾ മരിച്ചു. ഇരുപതോളം സർക്കാർ ബസുകൾ തകർക്കപ്പെട്ടു. കല്ലേറിൽ പരിക്കേറ്റ് നിരവധി പോലീസുകാർ ചികിത്സയിലാണ്.

ഇതിനിടെ, ദളിത് പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകർ വഡോദരയിൽ ദേശീയപാത ഉപരോധിച്ചു. 16 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദ് ജില്ലയിലെ പലയിടങ്ങളിലും ഇന്നലെ വിവിധ ദളിത് സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. വ്യാപാരസ്‌ഥാപനങ്ങൾ തകർക്കപ്പെട്ടതിൽ പ്രതിഷേധിച്ച് വ്യാപാരികളും സമരത്തിലാണ്. സംഘർഷസാധ്യത കണക്കിലെടുത്ത് മോടാ സലധിയ വില്ലേജിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യവിലോപത്തിന് നാലു പോലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

ഗോരക്ഷാ പ്രവർത്തകരുടെ മർദനമേറ്റ് രാജ്കോട്ടിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ ഇന്നലെ സന്ദർശിച്ചു. ഗുജറാത്ത് ഭരിക്കുന്നത് ദളിത് വിരുദ്ധ സർക്കാരാണെന്നു കേജരിവാൾ പറഞ്ഞു.

സിപിഐ നേതാവ് ഡി. രാജ, സിപിഎം ലോക്സഭാംഗം പി.കെ. ബിജു, ജെഡി–യു നേതാവ് ശരദ് യാവദ് എന്നിവർ ഇന്നു ഗുജറാത്ത് സന്ദർശിക്കും. രണ്ടുദിവസം മുമ്പ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയും ഗുജറാത്ത് സന്ദർശിച്ചിരുന്നു.

ഗുജറാത്തിലെ ദളിത് പീഡനങ്ങൾക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.