പെല്ലറ്റ് ഗണ്ണിനു ബദൽ ഉടനെന്നു രാജ്നാഥ് സിംഗ്
പെല്ലറ്റ് ഗണ്ണിനു ബദൽ ഉടനെന്നു രാജ്നാഥ് സിംഗ്
Thursday, July 21, 2016 12:07 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാഷ്മീരിൽ പ്രതിഷേധക്കാർക്കു നേരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഇക്കാര്യത്തിൽ ഉടൻ പരിഹാരം കാണുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇത്തരത്തിലുള്ള മാരകായുധങ്ങൾ ജനക്കൂട്ടത്തിനു നേരേ പ്രയോഗിക്കുന്നതു കർശനമായി തടയും. പെല്ലറ്റ് ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരെയും കാഴ്ചവൈകല്യം ഉൾപ്പടെ ഗുരുതര പരിക്കേറ്റവരെയും ഓർത്തു ഖേദിക്കുന്നുവെന്നും രാജ്നാഥ് പറഞ്ഞു. കാഷ്മീർ വിഷയത്തിൽ ലോക്സഭയിൽ നടന്ന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പെല്ലറ്റ് ഗണ്ണുകൾക്കു പകരം മറ്റ് ഉപാധികൾ നിർദേശിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ഈ കമ്മിറ്റി രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. പെല്ലറ്റ് ആക്രമണത്തിൽ കാഷ്മീരിൽ ഒരാൾ മരിക്കുകയും 53 പേർക്കു കണ്ണിനു പരിക്കേൽക്കുകയും ചെയ്തു.


എന്നാൽ, മാരകായുധങ്ങളുടെ പട്ടികയിൽ പെടാത്ത പെല്ലറ്റ് ഗണ്ണുകൾ ആദ്യമായല്ല കാഷ്മീരിൽ പ്രയോഗിക്കുന്നതെന്നും മന്ത്രി ന്യായീകരിച്ചു. 2010ൽ പെല്ലറ്റ് ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും 98 പേർക്കു കണ്ണിനു പരിക്കേൽക്കുകയും അഞ്ചു പേർക്കു പൂർണമായും കാഴ്ച നഷ്‌ടപ്പെടുകയും ചെയ്തുവെന്നാണ് മന്ത്രി പറഞ്ഞത്.

കാഷ്മീർ താഴ്വരയിൽ അസ്വസ്‌ഥതകളുണ്ടാക്കാനുള്ള ശ്രമങ്ങൾ പാക്കിസ്‌ഥാനും നടത്തുന്നു. ഉടൻ തന്നെ സ്‌ഥിതിഗതികൾ ശാന്തമാകുമെന്നും മന്ത്രി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.