ജാതി സർട്ടിഫിക്കറ്റ് ആധാറുമായി ബന്ധിപ്പിക്കും
ജാതി സർട്ടിഫിക്കറ്റ് ആധാറുമായി ബന്ധിപ്പിക്കും
Tuesday, June 21, 2016 12:43 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജാതിയും സ്‌ഥിരവാസവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശം. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനും ഉന്നത വിദ്യാഭ്യാസത്തിനും സർക്കാർ ഉദ്യോഗത്തിനും ആധാർ ബാധകമാക്കണമെന്നും സംസ്‌ഥാന സർക്കാരുകൾക്കു നൽകിയ നിർദേശത്തിൽ പറയുന്നു.

പിന്നോക്ക വിഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് അഞ്ചിലോ എട്ടിലോ ആണ് സംസ്‌ഥാന സർക്കാരുകൾ ജാതി, സ്‌ഥിരവാസ സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഇത് ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര പഴ്സണേൽ മന്ത്രാലയത്തിന്റെ നിർദേശം.


പട്ടിക ജാതി, പട്ടിക വർഗ സർട്ടിഫിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ ഈ വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം മുടങ്ങുന്ന സാഹചര്യത്തിലാണ് ഈ നീക്കം. സാധ്യമാണെങ്കിൽ എല്ലാ സംസ്‌ഥാനങ്ങളും വിദ്യാർഥികൾക്കുള്ള ഈ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ ലഭ്യമാക്കാൻ അവസരം ഒരുക്കണം. സർട്ടിഫിക്കറ്റുകൾക്കായുള്ള രേഖകൾ സ്കൂൾ പ്രിൻസിപ്പൽമാരോ പ്രധാന അധ്യാപകരോ മൊത്തമായി ശേഖരിച്ച് ബന്ധപ്പെട്ട അധികാരികളെ ഏൽപ്പിക്കണമെന്നും 30 മുതൽ 60 വരെ ദിവസത്തിനുള്ളിൽ സൂക്ഷ്മപരിശോധനകൾ നടത്തി സർട്ടിഫിക്കറ്റുകൾ എത്തിച്ചു നൽകണമെന്നും പഴ്സണേൽ മന്ത്രാലയം പുറത്തിറക്കിയ നടപടി ക്രമങ്ങളിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.