ബംഗാളിലെ കോൺഗ്രസ് സഖ്യം: സിപിഎമ്മിൽ പൊട്ടിത്തെറി
ബംഗാളിലെ കോൺഗ്രസ് സഖ്യം: സിപിഎമ്മിൽ പൊട്ടിത്തെറി
Monday, June 20, 2016 12:30 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കൈപിടിച്ചു മത്സരവേദി പങ്കിട്ട ബംഗാൾ ഘടകത്തെച്ചൊല്ലി സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി. പാർട്ടിയുടെ രാഷ്ട്രീയ അടവുനയത്തെ മറികടന്നു കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാൾ ഘടകത്തിനെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കേന്ദ്രകമ്മിറ്റിയംഗവും ഹരിയാനയിൽ നിന്നുള്ള ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ജഗ്മതി സാംഗ്വാൻ രാജിവച്ചു.

സഖ്യം സംബന്ധിച്ചു കേന്ദ്ര കമ്മറ്റിയിൽ സമവായമുണ്ടാക്കാനുള്ള നീക്കത്തിനിടെ അപ്രതീക്ഷിതമായാണുരാജി. അര മണിക്കൂറിനുള്ളിൽ തന്നെ ജഗ്മതിയെ പുറത്താക്കിസിപിഎം പത്രക്കുറിപ്പുമിറക്കി. സിപിഎമ്മിൽ ഇങ്ങനെയൊരു നടപടി അത്യപൂർവമാണ്. താൻ പാർട്ടിയിൽ നിന്നു പുറത്തു പോകുകയാണെന്നു ജഗ്മതിയും പുറത്താക്കിയെന്നു പാർട്ടിയും വ്യക്‌തമാക്കിയതിനു പിന്നാലെ പോളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട് ഇവരെ നേരിട്ടു പോയിക്കണ്ടു സംസാരിച്ചിരുന്നു.

ജഗ്മതിയുടെ രാജി അപ്രതീക്ഷിതമായിരുന്നു എന്നാണു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ എഴുന്നേറ്റു നിന്ന ജഗ്മതി രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇരിക്കൂ, പ്രശ്നം ചർച്ച ചെയ്യാമെന്നു ത്രിപുര മുഖ്യമന്ത്രി കൂടിയായ മണിക് സർക്കാർ പറഞ്ഞെങ്കിലും ചെവികൊടുക്കാതെ ഇവർ ഇറങ്ങിപ്പോവുകയായിരുന്നു.

ഇന്നലെ വൈകിയും ഡൽഹി അശോക റോഡിൽ എ. സമ്പത്ത് എംപിയുടെ വസതിയിൽ ഉണ്ടായിരുന്ന ജഗ്മതി കൂടിക്കാഴ്ചക്കോ മറ്റു പ്രതികരണങ്ങൾക്കോ തയാറായില്ല. എകെജി ഭവനു പുറത്തു വന്ന ജഗ്മതി താൻ പാർട്ടി പ്രാഥമികാംഗത്വവും കേന്ദ്രകമ്മിറ്റിയംഗത്വവും രാജി വയ്ക്കുകയാണെന്നു മാധ്യമങ്ങളോടു പറഞ്ഞു.


പൊട്ടിക്കരഞ്ഞു കൊണ്ടാണു ജഗ്മതി മാധ്യമങ്ങളോടു സംസാരിച്ചത്. ഇതിനിടെ അനുനയിപ്പിക്കാൻ ശ്രമിച്ച പാർട്ടി നേതാക്കളുടെ വാക്കുകൾക്കു കാത്തു നിൽക്കാതെ അവർ ഒരു ഓട്ടോറിക്ഷയിൽ കയറിപ്പോയി.

മുൻപ് ചേർന്ന ഒരു പിബി യോഗത്തിൽ സഖ്യത്തോട് 16ൽ 13 അംഗങ്ങളും വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പോളിറ്റ്ബ്യൂറോ യോഗത്തിലും സഖ്യത്തിനെതിരേ വിമർശനം ഉയർന്നിരുന്നു. ബംഗാൾ ഘടകത്തിനെതിരേ നടപടിക്കു പകരം പരസ്യ ശാസനയുടെ രൂപത്തിൽ ഒറ്റവരി പ്രമേയമാണു ഇന്നലെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ വന്നത്.

പാർട്ടി നയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ടാണു ബംഗാൾ ഘടകം പ്രവർത്തിച്ചതെന്നും ബംഗാൾ ഘടകവുമായി ചർച്ചചെയ്തു പാർട്ടി തുടർ നടപടിയെടുക്കുമെന്നുമാണ് കേന്ദ്രകമ്മറ്റി യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കവേ യെച്ചൂരി പറഞ്ഞത്.

കേന്ദ്രകമ്മിറ്റിയിൽ 75 പേർ ബംഗാൾ ഘടകത്തിന്റെ നടപടിയെ എതിർത്തു. അഞ്ചുപേർ വിട്ടുനിന്നു. ബംഗാൾ പാർട്ടി ഘടകത്തിനെതിരെ കൂടുതൽ നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അതേസമയം, ബംഗാളിലെ സഖ്യം തുടരുമോ എന്ന ചോദ്യത്തിന് അതൊരു തെരഞ്ഞെടുപ്പു തന്ത്രം മാത്രമായിരുന്നെന്നാണ് യെച്ചൂരി മറുപടി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.