വിദേശനിക്ഷേപ നയത്തിലെ മാറ്റം ഭീഷണി: എ.കെ. ആന്റണി
വിദേശനിക്ഷേപ നയത്തിലെ മാറ്റം ഭീഷണി: എ.കെ. ആന്റണി
Monday, June 20, 2016 12:30 PM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനു തൊട്ടു പിന്നാലെ കേന്ദ്ര സർക്കാർ തന്ത്രപ്രധാനമായ പ്രതിരോധ മേഖലയിൽ അടക്കം വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തിൽ വരുത്തിയ കാതലായ മാറ്റങ്ങൾ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും സ്വതന്ത്ര വിദേശ നയത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണെന്നു മുൻപ്രതിരോധമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എ.കെ.ആന്റണി.

സുഹൃദ് രാജ്യമെന്നതിനു പകരം ഇന്ത്യയെ അമേരിക്കയുടെ സഖ്യകക്ഷിയാക്കുന്ന നീക്കത്തെ ആന്റണി അപലപിച്ചു. പരമ്പരാഗത സുഹൃത്തുക്കളായ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെപ്പോലും ഇത്തരം നീക്കങ്ങൾ ദുർബലപ്പെടുത്തും. രാജ്യതാത്പര്യം മുൻനിർത്തി ഈ തീരുമാനത്തിൽ നിന്നു കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിരോധ മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാൻ തീരുമാനിച്ചതോടെ ഇന്ത്യൻ പ്രതിരോധ മേഖല അമേരിക്കയിലെയും മറ്റു നാറ്റോ രാജ്യങ്ങളിലെയും ആയുധ വ്യാപാരികളുടെ നിയന്ത്രണത്തിലാകാനുള്ള സാധ്യത കൂടുതലാണെന്ന് ആന്റണി ചൂണ്ടിക്കാട്ടി. ക്രമേണ ഇതു ദേശസുരക്ഷയെയും സ്വതന്ത്ര വിദേശ നയത്തെയും അവതാളത്തിലാക്കും. മാത്രമല്ല, പുതിയ തീരുമാനം നിലവിൽ ഇന്ത്യയിൽ നടക്കുന്ന തദ്ദേശീയ പ്രതിരോധ ഗവേഷണ പ്രവർത്തനങ്ങളെയും ദുർബലപ്പെടുത്തും.


ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തിലും ദേശീയ സുരക്ഷയിലും ഉണ്ടാക്കുന്ന ഈ തീരുമാനങ്ങൾ ഉണ്ടായതു പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിനു തൊട്ടുപിന്നാലെയാണെന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ ഉണ്ടായ സംയുക്‌ത പ്രസ്താവന അക്ഷരാർഥത്തിൽ അമേരിക്കയുടെ സഖ്യകക്ഷിയായി ഇന്ത്യ മാറിയതിനു സമാനമായുള്ളതാണെന്ന് ആന്റണി കുറ്റപ്പെടുത്തി.

ഏഷ്യ, പസഫിക് മേഖലയുടെ സുരക്ഷയ്ക്കു വേണ്ടി അമേരിക്കയും ഇന്ത്യയും പങ്കാളികളായി പ്രവർത്തിക്കുമെന്നാണു സംയുക്‌ത പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ ഇതെല്ലാം ദോഷകരമായി ബാധിക്കാൻ എല്ലാ സാധ്യതയുമുണ്ട്. ഗൾഫ് മേഖലയിലും പശ്ചിമേഷ്യയിലും അമേരിക്കയ്ക്കൊപ്പം സുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യ സഹകരിക്കുമെന്ന സംയുക്‌ത പ്രസ്താവനയിലെ പരാമർശം അതീവ ഗൗരവമായ പ്രശ്നം സൃഷ്‌ടിക്കുന്നതാണ്. മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ സംയുക്‌ത പ്രസ്താവനയോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ രംഗത്തെ സഹകരണം സുഹൃത് രാജ്യങ്ങൾ എന്നതിൽ നിന്നും സഖ്യകക്ഷികൾ എന്ന നിലയിലേക്കു മാറിയെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.