രാഹുൽ ഗാന്ധി വിദേശത്തേക്ക്
രാഹുൽ ഗാന്ധി വിദേശത്തേക്ക്
Monday, June 20, 2016 12:30 PM IST
<ആ>പ്രത്യേക ലേഖകൻ

ന്യൂഡൽഹി: പതിവുപോലെ എവിടേക്കെന്നും എത്ര ദിവസത്തേക്കെന്നും പറയാതെ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക്. നാൽപത്തിയാറാം പിറന്നാളിന്റെ പിറ്റേന്നായ ഇന്നലെ രാവിലെ ട്വിറ്റർ സന്ദേശത്തിലൂടെ രാഹുൽ തന്നെയാണ് ‘ചെറിയൊരു സന്ദർശനത്തിന്‘ വിദേശത്തേക്കു പോകുന്നതായി അറിയിച്ചത്.

ഏതാനും ദിവസത്തേക്കു ഒരു ചെറു സന്ദർശനത്തിനായി രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നു. പിറന്നാളിന് ആശംസകൾ അറിയിക്കുകയും കാണുകയും ചെയ്തു സ്നേഹം നൽകിയ എല്ലാവരോടും ശരിക്കും നന്ദിയുണ്ട്– രാഹുലിന്റെ ഓഫീസിന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നൽകിയ സന്ദേശത്തിൽ പറയുന്നു. ഇന്നലെ തന്നെ രാഹുൽ വിദേശത്തേക്കു പോയതായാണു സൂചന.

കോൺഗ്രസ് പ്രസിഡന്റു പദവി ഏറ്റെടുത്തേക്കുമെന്ന വാർത്തകൾ വ്യാപകമാകുന്നതിനിടെ രാജ്യമേതെന്നു പരാമർശിക്കാതെ വീണ്ടും വിദേശത്തേക്കു പോകുന്നത് പല തരത്തിലുള്ള അഭ്യൂഹങ്ങൾക്കു കാരണമായി. സാമൂഹ്യ മാധ്യമങ്ങളിലും പതിവുപോലെ രാഹുലിനെ കളിയാക്കിയും അനുകൂലിച്ചും നന്മകൾ നേർന്നും വലിയ പ്രതികരണങ്ങളുണ്ട്. പലതരത്തിലുള്ള ട്രോളുകളും നിരവധി.


കഴിഞ്ഞ വർഷം ആദ്യം മ്യാൻമറിൽ ധ്യാനത്തിനും മറ്റുമായി വിദേശയാത്ര നടത്തിയ ശേഷം പൊതുരംഗത്ത് കൂടുതൽ ഊർജ്വസ്വലനായിരുന്നു. ഡൽഹിയിലെ ചൂടുപിടിച്ച കാലാവസ്‌ഥയിൽ നിന്ന് ഏതാനും ദിവസത്തേക്കു മാറി നിൽക്കാൻ ചെറിയ വിനോദയാത്രയാണു രാഹുലിന്റെ ഇത്തവണത്തെ ലക്ഷ്യമെന്നാണു കരുതുന്നത്.

രാഹുലിന്റെ തിരിച്ചുവരവിനു ശേഷമാകും എഐസിസി തലപ്പത്ത് അഴിച്ചുപണി ഉണ്ടാകുക. അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കുന്ന യുപിയിലെ കോൺഗ്രസിനെ ഉടച്ചുവാർക്കാനുള്ള നടപടികളും ഒപ്പമുണ്ടാകും. കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി ചർച്ച ഈ മാസം അവസാനത്തോടെ ഡൽഹിയിൽ നടന്നേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.