ദാദ്രിയിൽ ബീഫിനെ വീണ്ടും വില്ലനാക്കുന്നു
Tuesday, May 31, 2016 12:04 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഉത്തർപ്രദേശിൽ അടുത്ത വർഷം നിയമസഭാ തെര ഞ്ഞെടുപ്പു നടക്കാനിരിക്കേ, രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ ദാദ്രി സംഭവത്തിൽ നിർണായക വഴിത്തിരിവുമായി പുതിയ ഫോറൻസിക് റിപ്പോർട്ട്. ഗോവധം നടത്തിയെന്നും ഗോമാംസം ഭക്ഷിച്ചെന്നും ആരോപിച്ചു ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് ആഖ്ലാഖിന്റെ വീട്ടിൽനിന്നു കണ്ടെടുത്തതു പശുവിറച്ചിയാണെന്ന പുതിയ ഫോറൻസിക് റിപ്പോർട്ടു പുറത്തു വന്നതോടെ ദാദ്രിയിൽ വീണ്ടും വിവാദം പുകയുന്നു. ദാദ്രിയിലെ ബിസാദ ഗ്രാമത്തിൽ കഴിഞ്ഞ സെപ്റ്റംബർ 28നാണു രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ ക്രൂരകൃത്യം നടന്നത്.

വീട്ടിൽ ഗോമാംസം സൂക്ഷിച്ചെന്നാരോപിച്ചെത്തിയ നൂറുകണക്കിനാളുകളുടെ മർദനമേറ്റാണ് മുഹമ്മദ് ആഖ്ലാഖ് കൊല്ലപ്പെട്ടത്. തുടർന്ന് ഇയാളുടെ വീട്ടിലെ ഫ്രിഡ്ജിൽനിന്നും കണ്ടെടുത്ത മാംസം ലോക്കൽ പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ ഇത് ആട്ടിറച്ചിയാണെന്നായിരുന്നു കണ്ടെത്തിയത്. ഉത്തർപ്രദേശ് ഫോറൻസിക് വകുപ്പിന്റെ റിപ്പോർട്ടിനു വിരുദ്ധമായി നാളിത്ര കഴിഞ്ഞു പുറത്തു വന്ന വെറ്ററിനറി വകുപ്പിന്റെ കീഴിലുള്ള മഥുരയിലെ ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറിയിലെ ലാബിന്റെ പരിശോധനാഫലം നിരവധി ദൂരൂഹതകൾ ഉയർത്തുന്നു. ഇവർ കഴിഞ്ഞ ഏപ്രിലിൽ സമർപ്പിച്ച റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആദ്യം ദാദ്രിയിലെ ലാബിൽ പരിശോധന നടത്തിയ മാംസം പിന്നീടു വിശദമായ പരിശോധനകൾക്കായി മഥുരയിലെ ലാബിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാൽ, പുതിയ ഫോറൻസിക് റിപ്പോർട്ട് ആഖ്ലാഖിന്റെ കുടുംബം നിഷേധിച്ചു. ആക്രമണം നടന്ന ദിവസം വീട്ടിൽ ബീഫ് സൂക്ഷിക്കുകയോ ഭക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ഫ്രിഡ്ജിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് ആഖ്ലാഖിന്റെ മകൾ സാജിദയും പറയുന്നു. ആദ്യം ദാദ്രി പോലീസ് ആട്ടിറച്ചിയാണെന്നു പറഞ്ഞത് പിന്നെ പശുവിറച്ചിയായെന്നാണ് ആഖ്ലാഖിന്റെ സഹോദരൻ ചാന്ദ് മുഹമ്മദ് ചോദിക്കുന്നത്.


പുതിയ ഫോറൻസിക് ഫലം കൊലപാതക കൃത്യത്തെ സാധൂകരിക്കുന്നില്ലെന്നും തങ്ങൾ കേസെടുത്തിരിക്കുന്നതും അന്വേഷണം നടത്തുന്നതും മുഹമ്മദ് ആഖ്ലാഖിന്റെ കൊലപാതകത്തെക്കുറിച്ചാണെന്നും പോലീസ് വ്യക്‌തമാക്കി. മുഹമ്മദ് ആഖ്ലാഖിന്റെ വീട്ടിലെത്തിയ അക്രമിസംഘം ഇഷ്‌ടിക കൊണ്ടും മറ്റും ആക്രമിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. ആഖ്ലാഖിന്റെ ഇളയ മകൻ ഡാനിഷിനു തലയോടു തകർന്നു പരിക്കേറ്റിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നേതാവിന്റെ മകനും പ്രായപൂർത്തിയാത്ത യുവാക്കളും ഉൾപ്പടെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദാദ്രി സംഭവത്തെത്തുടർന്ന് പ്രതിപക്ഷ കക്ഷികൾ പാർലമെന്റിനകത്തും മനുഷ്യാവകാശ പ്രവർത്തകർ പുറത്തും രാജ്യത്ത് അസഹിഷ്ണുത വർധിച്ചു വരുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു.

ഇപ്പോൾ വീണ്ടും സംഭവം മറ്റൊരു വഴിത്തിരിവിലേക്കെത്തുന്നതിനു പിന്നിൽ രാഷ്ര്‌ടീയ ലക്ഷ്യങ്ങളുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.