ദേശീയ പാർട്ടി പദവി: സിപിഎമ്മിന് ആശങ്ക
ദേശീയ പാർട്ടി പദവി: സിപിഎമ്മിന് ആശങ്ക
Saturday, May 21, 2016 12:36 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദേശീയ പാർട്ടി പദവി തെറിക്കുമെന്ന ആശങ്കയിൽ സിപിഎം. പശ്ചിമബംഗാളിലേറ്റ കനത്ത പരാജയത്തോടൊപ്പം തമിഴ്നാട്ടിൽ ഒരു എംഎൽഎ പോലുമില്ലാതായതും പാർട്ടിയുടെ ആശങ്ക വർധിപ്പിക്കുന്നു. പദവി നഷ്‌ടപ്പെടാതിരിക്കാൻ കാരണം ആവശ്യപ്പെട്ടു കൊണ്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ് ഉടൻ ലഭിക്കുമെന്നാണു സൂചന. ദേശീയ പാർട്ടി പദവിയെന്ന ലേബലും ഈ പരിഗണനയിൽ തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്നു ലഭിക്കുന്ന ഇളവുകളും ഇല്ലാതാകും. എന്നാൽ പാർട്ടി ദിനംപ്രതി ശോഷിക്കുന്നുവെന്നതാണ് ഇക്കാര്യത്തിൽ സിപിഎം നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി.

മൂന്നു സംസ്‌ഥാനങ്ങളിൽനിന്നായി ലോക്സഭയിലെ രണ്ടു ശതമാനമായ പതിനൊന്നു സീറ്റോ ഏതെങ്കിലും നാലു സംസ്‌ഥാനങ്ങളിൽനിന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ കുറഞ്ഞത് ആറു ശതമാനം വീതം വോട്ടുവിഹിതമോ ഏതെങ്കിലും നാലു സംസ്‌ഥാനങ്ങളിലെ സംസ്‌ഥാന പാർട്ടി എന്ന പദവിയോ എന്ന മൂന്നു നിബന്ധനകളിൽ ഒന്നെങ്കിലും പാലിച്ചാൽ മാത്രമേ ദേശീയ പാർട്ടി എന്ന ലേബൽ സിപിഎമ്മിനു നിലനിർത്താനാകു. എന്നാൽ, നിബന്ധനകളിൽ മാറ്റം വരുത്തുന്നതു തെരഞ്ഞെടുപ്പു കമ്മീഷൻ പരിഗണിച്ചുവരുകയാണെന്ന വിവരമാണ് ഇക്കാര്യത്തിൽ പാർട്ടിക്കുള്ള ഏക ആശ്വാസം.

ആദ്യത്തെ രണ്ടു നിബന്ധനകളും സിപിഎമ്മിന് അവകാശപ്പെടാനാകില്ല. ലോക്സഭയിൽ ആകെ ഒമ്പത് അംഗങ്ങൾ മാത്രമാണുള്ളത്. ആറു ശതമാനം വോട്ടുവിഹിതം സംസ്‌ഥാന പാർട്ടി പദവിയും ബംഗാൾ, കേരളം, ത്രിപുര സംസ്‌ഥാനങ്ങളിൽ മാത്രമാണുള്ളത്. തമിഴ്നാട്ടിൽ ആറു ശതമാനം വോട്ടുവിഹിതവും പത്ത് എംഎൽഎമാരുമായി സംസ്‌ഥാന പാർട്ടി അംഗീകാരമുണ്ടായിരുന്നതിന്റെ ബലത്തിലാണ് പാർട്ടി ഇതുവരേക്കും ദേശീയ പാർട്ടി എന്ന പദവി നിലനിർത്തിയത്.


എന്നാൽ, ഇത്തവണ തമിഴ്നാട്ടിൽനിന്ന് ഒരു എംഎൽഎയും ഇല്ലാതെ വന്നതോടെ സംസ്‌ഥാന പാർട്ടി എന്ന പദവി പോലുമില്ലാതെയായി. സംസ്‌ഥാന പദവി നിലനിർത്താൻ ചുരുങ്ങിയത് ഏഴു സീറ്റിലെങ്കിലും ജയിക്കണം. ബിജെപി, കോൺഗ്രസ്, സിപിഎം എന്നിവയാണു നിലവിൽ ദേശീയ പാർട്ടി അംഗീകാരമുള്ള പാർട്ടികൾ. പ്രചാരണത്തിനു സർക്കാർ മാധ്യമങ്ങളിൽ സൗജന്യസമയം, 40 വിവിഐപികളുടെ പ്രചാരണച്ചെലവ്, സ്‌ഥാനാർഥികളുടെ പ്രചാരണ ചെലവ് പരിധിക്കു പുറത്തു കണക്കാക്കാനുള്ള ഇളവ് എന്നിവയാണു ദേശീയ പാർട്ടി പദവിക്കു ലഭിക്കുന്ന ആനുകൂല്യം. 2011ൽ ജയലളിതയുടെ മുന്നണിയിൽ മത്സരിച്ചപ്പോഴാണ് സിപിഎമ്മിനു തമിഴ്നാട്ടിൽ പത്ത് എംഎൽഎമാരെ ലഭിച്ചത്. ഇക്കുറി ജയലളിതയെ വിട്ട് വിജയകാന്തിെൻറ മുന്നണിയിലാണ് സിപിഎം മൽസരിച്ചത്. സിപിഎമ്മിനു പുറമേ വിജയകാന്തിെൻറ പാർട്ടിക്കു പോലും ഇത്തവണ തമിഴ്നാട്ടിൽ ഒരു സീറ്റു പോലും ലഭിച്ചില്ല. വിജയകാന്തിന്റെ പാർട്ടിക്കും സംസ്‌ഥാന പാർട്ടി എന്ന പദവി നഷ്‌ടപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.