മല്യയുടെ രാജി നിരസിച്ചു,ഇന്നു പുറത്താക്കും
മല്യയുടെ രാജി നിരസിച്ചു,ഇന്നു പുറത്താക്കും
Tuesday, May 3, 2016 12:14 PM IST
ന്യൂഡൽഹി: രാജ്യസഭാംഗത്വം രാജിവച്ച് മദ്യവ്യവസായി വിജയ് മല്യ നൽകിയ കത്ത് രാജ്യസഭാധ്യക്ഷൻ ഹമീദ് അൻസാരി നിരസിച്ചു. നടപടിക്രമങ്ങളിലെ പോരായ്മ മൂലമാണ് രാജിക്കത്ത് അംഗീകരിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. രാജി സമർപ്പിക്കേണ്ട നിശ്ചിത രീതിയിലല്ല മല്യ ഇന്നലെ രാജിക്കത്ത് നൽകിയത്. ഫാക്സ് സന്ദേശത്തിലൂടെ ലഭിക്കുന്ന രാജിക്കത്ത് സ്വീകരിക്കാനാവില്ലെന്നതും നിശ്ചിത രൂപത്തിലായിരുന്നില്ല രാജിക്കത്ത് എഴുതിയിരുന്നത് എന്നതുമാണ് നിരസിക്കാൻ കാരണം.

കോടികളുടെ കടബാധ്യതയുള്ള മല്യ മാർച്ച് രണ്ടിന് ബ്രിട്ടനിലേക്ക് മുങ്ങിയിരുന്നു. മല്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഹമീദ് അൻസാരി അനുമതി നൽകിയതിനെത്തുടർന്ന് ചേർന്ന രാജ്യസഭ എത്തിക്സ് കമ്മിറ്റി അംഗത്വം റദ്ദാക്കുന്നതിനു ശിപാർശ ചെയ്തിട്ടുണ്ട്. ഇന്ന് രാജ്യസഭ എത്തിക്സ് കമ്മിറ്റി ശിപാർശ അംഗീകരിച്ച് മല്യയെ പുറത്താക്കും. രണ്ടാം തവണ രാജ്യസഭാംഗമായ മല്യയുടെ കാലാവധി ജൂൺ 30നാണ് അവസാനിക്കേണ്ടിയിരുന്നത്. കിംഗ്ഫിഷർ എയർലൈൻസ് ഉടമയായ മല്യ 9431.65 കോടി രൂപയാണ് വിവിധ ബാങ്കുകൾക്കായി കൊടുക്കാനുള്ളത്. നേരത്തെ മല്യയുടെ പാസ്പോർട്ട് റദ്ദാക്കുകയും ഇന്ത്യയിലേക്ക് മല്യയെ തിരിച്ചയയ്ക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.