ഹെലികോപ്റ്റർ അഴിമതി രാജ്യസഭയിൽ: തൃണമൂൽ അംഗത്തിനു സസ്പെൻഷൻ
ഹെലികോപ്റ്റർ അഴിമതി രാജ്യസഭയിൽ: തൃണമൂൽ അംഗത്തിനു സസ്പെൻഷൻ
Monday, May 2, 2016 12:30 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി വിഷയം ഉന്നയിച്ച് ബഹളംവച്ച തൃണമൂൽ എംപി സുഖേന്ദു ശേഖർ റോയിയെ രാജ്യസഭയിൽ നിന്നു സസ്പെൻഡ് ചെയ്തു. സഭ നാടകീയ രംഗങ്ങൾക്കു വേദിയാക്കുകയും തുടർച്ചയായി തടസപ്പെടുത്തുകയും ചെയ്തതിനാണു ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ നടപടി. ഇന്നലെ ഒരു ദിവസത്തേക്കായിരുന്നു സസ്പെൻഷൻ. ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ഇന്നലെ രാജ്യസഭ ബഹിഷ്കരിച്ചു.

ഇടപാടിൽ കൈക്കൂലി വാങ്ങിയതാരെന്നു വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ ചോദ്യോത്തരവേളയിൽ സുഖേന്ദു റോയ് എഴുന്നേറ്റു നിന്ന് ബഹളമുണ്ടാക്കിയത്.

സഭയിലുണ്ടായിരുന്ന ചെയർമാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഇരിക്കാൻ എംപി തയാറായില്ല. അംഗത്തിന്റെ നടപടി ഏതെങ്കിലും ആവശ്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ളതല്ലെന്നു ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുതിർന്ന അംഗങ്ങളെ പോലും വകവയ്ക്കാതെ സഭയെ അവഹേളിക്കുന്നതാണ് ഇതെന്നും വ്യക്‌തമാക്കി.


ഇതിനിടെ, ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുൻ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയെ സിബിഐ ചോദ്യം ചെയ്തു. അഗസ്ത വെസ്റ്റ്ലാൻഡിന്റെ മാതൃസ്‌ഥാപനമായ ഫിൻമെക്കാനിക്കയുമായി പലതവണ കൂടിക്കാഴ്ച നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് ത്യാഗിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ തുടരുമെന്നു സിബിഐ വ്യക്‌തമാക്കി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണു ത്യാഗിക്കെതിരേ കള്ളപ്പണ നിരോധന നിയമ പ്രകാരം കേസെടുത്തത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങി വിവിഐപികൾക്കു വേണ്ടി 12 ഹെലികോപ്റ്റർ വാങ്ങുന്നതിനുള്ള 3,727 കോടിയുടെ ഇടപാടിൽ അഗസ്ത വെസ്റ്റ്ലാൻഡിനു കരാർ കിട്ടാൻ ത്യാഗി വഴിവിട്ട് ഇടപെട്ടെന്നാണ് ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.