പിഎഫ് പലിശ: വെള്ളിയാഴ്ച പ്രതിഷേധദിനം
Tuesday, April 26, 2016 12:44 PM IST
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പലിശ കുറയ്ക്കാനുള്ള തീരുമാനത്തിനെതിരേ വെള്ളിയാഴ്ച പ്രതിഷേധ ദിനാചരണം. വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്‌തമായാണു പ്രതിഷേധം നടത്തുക.

2015–16ലെ പിഎഫ് പലിശ 8.8 ശതമാനമാക്കാനുള്ള പിഎഫ് കേന്ദ്ര ട്രസ്റ്റിമാരുടെ ശിപാർശ തള്ളി പലിശ 8.7 ശതമാനമായി കേന്ദ്ര ധനമന്ത്രാലയം നിശ്ചയിച്ചിരുന്നു. ഇതു 2014–15–ൽ നൽകിയ 8.75 ശതമാനത്തിലും കുറവാണ്. 8.95 ശതമാനം നല്കിയാലും 100 കോടി രൂപ മിച്ചം വരുമെന്ന് വ്യക്‌തമായിരുന്നപ്പോഴാണ് ധനമന്ത്രാലയം മറിച്ചു തീരുമാനിച്ചത്. ആർഎസ്എസ് ബന്ധമുള്ള ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) അടക്കമുള്ള യൂണിയനുകൾ ഇതിനെതിരായി രംഗത്തുവന്നു.


ട്രേഡ് യൂണിയനുകൾ ആദ്യം ആവശ്യപ്പെട്ടത് 8.95 ശതമാനമായിരുന്നു. ഇനി ട്രസ്റ്റിമാരുടെ യോഗം ചേരുമ്പോൾ 8.95 ശതമാനത്തിനുവേണ്ടി വാശിപിടിക്കാനും യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്.

അഞ്ചു കോടിയിലേറെ സ്വകാര്യ മേഖലാ ജീവനക്കാർ ഇപിഎഫ് സംഘടനയിൽ നിക്ഷേപകരാണ്.തൊഴിൽ മന്ത്രി അധ്യക്ഷനായ ട്രസ്റ്റിമാരുടെ കേന്ദ്ര ബോർഡ് നല്കിയ ശിപാർശ ധനമന്ത്രാലയം തിരുത്തിയതിൽ തൊഴിൽ മന്ത്രാലയവും അസ്വസ്‌ഥമാണ്. ഇതാദ്യമായാണു ട്രസ്റ്റിമാരുടെ ശിപാർശ ധനമന്ത്രാലയം തള്ളുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.