ഉയരങ്ങളിലെ യുദ്ധഭൂമി...
ഉയരങ്ങളിലെ യുദ്ധഭൂമി...
Wednesday, February 10, 2016 12:35 AM IST
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണു സിയാച്ചിന്‍. പകല്‍ മൈനസ് 22ഉം രാത്രി മൈനസ് 45നും 50നും ഇടയിലാണ് ഇവിടെ താപനില. മനുഷ്യവാസം സാധ്യമല്ലാത്ത ഇവിടെയാണ് ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കാക്കുന്നത്. 1984ല്‍ പാക്കിസ്ഥാന്‍ പട്ടാളം പിടിച്ചെടുത്ത സിയാച്ചിന്‍ ഒരാഴ്ച നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ സേന തിരിച്ചുപിടിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഇന്ത്യ ഇവിടെ സ്ഥിരമായി സൈനിക ക്യാമ്പ് സ്ഥാപിച്ചത്.

ഒരു ദിവസം ഒരു കോടിയിലേറെ രൂപ ചെലവിട്ടാണ് ഇന്ത്യ ഇവിടെ സൈനികരെ വിന്യസിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡും ഇവിടെയാണ്. കടുത്ത രക്തസമ്മര്‍ദത്തെയും ശ്വാസതടസത്തെയും അതിജീവിച്ചു വേണം സൈനികര്‍ക്ക് ഇവിടെ കഴിയാന്‍. ബേസ് ക്യാമ്പില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയാണു സേനാ ക്യാമ്പ്.

കഠിനപരിശീലനത്തിനു ശേഷം മൂന്നുമാസത്തേക്കാണ് ഇവിടേക്കു സൈനിക സംഘത്തെ നിയോഗിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയിലും ഹിമപാളികളുടെ വിള്ളലുകളിലും അകപ്പെട്ട നിരവധി സൈനികരുടെ മൃതദേഹങ്ങള്‍ വീണ്െടടുക്കാനാവാതെ ഇപ്പോഴും ഇവിടെയുണ്ട്. 18 വര്‍ഷങ്ങള്‍ക്കുശേഷം മൃതദേഹങ്ങള്‍ കണ്െടടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്.


19,600 അടി ഉയരത്തിലുള്ള സിയാച്ചിനില്‍ ഇന്ത്യക്ക് മൂന്നുദശകംകൊണ്ട് നഷ്ടമായത് 860-ലേറെ സൈനികരെയാണ്. ആരും വെടിവയ്പിലോ യുദ്ധത്തിലോ അല്ല മരിച്ചത്. പ്രതികൂല കാലാവസ്ഥയും ഹിമപാതങ്ങളുമാണ് മരണകാരണം.

110 കിലോമീറ്റര്‍ നീളമുള്ള സിയാച്ചിന്‍ ഹിമാതി(മഞ്ഞുമല)യില്‍ പാക്കിസ്ഥാനും വലിയ ആള്‍നാശം ഉണ്ടായിട്ടുണ്ട്. 2012 ഏപ്രിലില്‍ സിയാച്ചിനിലെ ഗയാരിയില്‍ ഹിമപാതമുണ്ടായി 11 പൌരന്മാരും 129 സൈനികരും കൊല്ലപ്പെട്ടു.

അന്നത്തെ പാക് കരസേനാധിപന്‍ ജനറല്‍ അഷ്ഫാക് കയാനി, സിയാച്ചിനെ നിസൈനീകൃതമേഖലയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടത് ഈ ദുരന്തത്തെത്തുടര്‍ന്നാണ്.

2011-ല്‍ 24-ഉം 2012-ല്‍ 12-ഉം 2013-ല്‍ 10-ഉം 2014-ല്‍ നാലും ഇന്ത്യന്‍ സൈനികരാണ് സിയാച്ചിനില്‍ മരണമടഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.