ട്രെയിനില്‍ ഇനി 25 ഇനത്തില്‍ ചായ
ട്രെയിനില്‍ ഇനി  25 ഇനത്തില്‍ ചായ
Wednesday, February 10, 2016 12:44 AM IST
ന്യൂഡല്‍ഹി: ഇഞ്ചി, ഏലക്ക, ഗ്രാമ്പൂ, തുളസി, നാരങ്ങ എന്നിവ മാത്രമല്ല, പച്ചമുളകിട്ട ചായയും ഇനി ട്രെയിനില്‍ കിട്ടും. റെയില്‍വെ കേറ്ററിംഗിന്റെ ചുമതലയുള്ള ഐആര്‍സിടിസിയാണ് 25 ഇനത്തിലുള്ള ചായ യാത്രക്കാര്‍ക്ക് എത്തിക്കാന്‍ പദ്ധതി തയാറാക്കുന്നത്. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് തങ്ങള്‍ ഇരിക്കുന്ന സീറ്റില്‍ സ്റേഷനില്‍ നിന്നു ചായ ലഭ്യമാക്കാനാണു പദ്ധതി. 12,000 റൂട്ടുകളില്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഐആര്‍സിടിസി വ്യക്തമാക്കി.

ദേശി ചായ, ആം പാപ്പട് ചായ, പച്ചമുളകിട്ട ചായ, മണ്‍കോപ്പയിലുള്ള ചായ, ഇഞ്ചി തുളസി ചായ, ഇഞ്ചി നാരങ്ങ ചായ ഇങ്ങനെ വിവിധ ഇനം ചായകള്‍ ഉണ്ടാവും. വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ളിക്കേഷനുകളിലൂടെയും ചായ ബുക്ക് ചെയ്യാം. 300 രൂപയില്‍ കൂടുതലുള്ള ഓരോ ബുക്കിംഗിനും 10 ശതമാനം പണം തിരികെ നല്‍കുമെന്നും ഐആര്‍സിടിസി ചെയര്‍മാന്‍ അരുണ്‍ കുമാര്‍ മനോച്ച പറഞ്ഞു. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് മുംബൈയിലേക്കും മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.


അതേസമയം, പ്രമേഹ രോഗികള്‍ക്ക് മധുരമില്ലാത്ത ചായ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ജോയി ഏബ്രഹാം എംപി നിരന്തരമായി നടത്തിയ ശ്രമങ്ങളുടെ ഫലമായായിട്ടായിരുന്നു ഈ ഉത്തരവ്. ഇതു നടപ്പിലാക്കാത്ത നടപടിക്കെതിരേ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.