കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്
Wednesday, December 2, 2015 12:44 AM IST
ചെന്നൈ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയുടെ വിവിധ സ്ഥാപനങ്ങളില്‍ റെയ്ഡ്. ചെന്നൈയിലെ അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് കമ്പനി, വാസന്‍ ഐകെയര്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് വകുപ്പും വരുമാന നികുതി ഉദ്യോഗസ്ഥരും ഇന്നലെ റെയ്ഡ് നടത്തിയത്. രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു മിന്നല്‍ പരിശോധന. എന്നാല്‍, വിശദവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

അഡ്വാന്റേജ് സ്ട്രാറ്റജിക് എന്ന കമ്പനി എയര്‍സെല്‍ ടെലിവെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന് 26 ലക്ഷം രൂപ കണക്കില്‍പെടാതെ നല്കിയെന്നു കണ്െടത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ കാര്‍ത്തി തയാറായിട്ടില്ല. 2ജി അഴിമതി കേസുമായി ബന്ധപ്പെട്ടുള്ള എയര്‍സെല്‍-മാക്സിസ് കരാറിനെക്കുറിച്ചു സിബിഐയും വരുമാന നികുതി വകുപ്പുമാണ് അന്വേഷണം നടത്തുന്നത്. തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢതന്ത്രമാണ് ഇതിനുപിന്നിലെന്നു പി. ചിദംബരം പറഞ്ഞു. ആക്രമണലക്ഷ്യം താനാണെങ്കില്‍ മകനെയും കമ്പനികളില്‍ ഓഹരി പങ്കാളത്തിമുള്ള മകന്റെ സുഹൃത്തുക്കളെയും വെറുതേവിടണം: ചിദംബരം അഭിപ്രായപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.