മുന്‍ ചീഫ് സെക്രട്ടറി വി. രാമചന്ദ്രന്‍ അന്തരിച്ചു
മുന്‍ ചീഫ് സെക്രട്ടറി വി. രാമചന്ദ്രന്‍ അന്തരിച്ചു
Wednesday, December 2, 2015 12:52 AM IST
ബംഗളൂരു: കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറി വി. രാമചന്ദ്രന്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം. തിരുവനന്തപുരം ജ വഹര്‍ നഗറിലെ വ സതിയിലായിരുന്നു താമസിച്ചിരുന്നത്.

1953 ബാച്ചിലെ ഐഎഎസ് ഓഫീസറായിരുന്ന രാമചന്ദ്രന്‍ 1989ല്‍ സര്‍വീസില്‍നിന്നു വിരമിച്ചു. കളക്ടര്‍, പ്ളാനിംഗ് ആന്‍ഡ് ഫിനാന്‍സ് സെക്രട്ടറി, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍, വ്യാവസായിക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി എന്നിവരുടെ കാലത്ത് ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. മുന്‍ ചീഫ് സെക്രട്ടറി പദ്മാ രാമചന്ദ്രനാണു ഭാര്യ.

യുഎന്‍എസ്സിഎപി, ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹ്യ കൌണ്‍സില്‍ തുടങ്ങിയവയിലും പ്രവര്‍ത്തിച്ചു. 1980-84 കാലത്ത് ഐക്യരാഷ്ട്ര സഭയുടെ വികസനത്തിനുള്ള അവകാശ കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായിരുന്നു രാമചന്ദ്രന്‍. സര്‍വീസില്‍നിന്നു വിരമിച്ചശേഷം 1991ല്‍ തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയപ്പോള്‍ ഗവര്‍ണറുടെ ഉപദേശകനായി. 1991-96, 2001-05 കാലത്ത് കാബിനറ്റ് റാങ്കോടെ സംസ്ഥാന പ്ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.