നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
Saturday, October 10, 2015 12:43 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അഹന്തയും ധാര്‍ഷ്ട്യവും നിറഞ്ഞയാളാണ് നിഷാമെന്നു നിരീക്ഷിച്ച സുപ്രീംകോടതി, ദാരിദ്യ്രത്തിന് അതിന്റേതായ ആത്മാഭിമാനമുണ്െടന്നും ചൂണ്ടിക്കാട്ടി. പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളും സാക്ഷിമൊഴികളും തെളിവുകളുമെല്ലാം എതിരാണെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റീസ് ദീപക് മിശ്ര വ്യക്തമാക്കി. കേസിന്റെ വിചാരണ ജനുവരി 31നകം പൂര്‍ത്തിയാക്കണമെന്നും കോടതി തൃശൂര്‍ കോടതിയോടു നിര്‍ദേശിച്ചു.

അപ്പാര്‍ട്മെന്റിന്റെ ഗേറ്റ് തുറക്കാന്‍ വൈകിയതിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര വാഹനമായ ഹമ്മര്‍ ഇടിപ്പിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ സംഭവത്തിലാണു വ്യവസായിയായ മുഹമ്മദ് നിഷാം ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. നിഷാമിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകുമെന്നായിരുന്നു വാര്‍ത്തകളെങ്കിലും മുന്‍ സോളിസിറ്റര്‍ ജനറലായ ഗോപാല്‍ സുബ്രഹ്മണ്യമാണ് ഇന്നലെ വാദിക്കാനെത്തിയത്. ചന്ദ്രബോസിന്റെ കൊലപാതകം മനഃപൂര്‍വമല്ലെന്നും വാഹനത്തിന്റെ വേഗത കൂടിപ്പോയതു കൊണ്ടാണെന്നും ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. ഇതു തള്ളിക്കളഞ്ഞ കോടതി, നിങ്ങളാണ് ആ അപ്പാര്‍ട്മെന്റില്‍ താമസിക്കുന്നതെങ്കില്‍ പാവപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്റെ മുകളിലൂടെ വണ്ടിയോടിക്കുമായിരുന്നോയെന്നു മറുചോദ്യം ഉന്നയിച്ചു.


സെക്യൂരിറ്റി ജീവനക്കാരന്‍ തന്റെ ജോലിക്കിടയിലാണ് ദുരന്തത്തിനിരയായത്. ഇത്തരക്കാരുടെ ജീവന്‍ ആര് സംരക്ഷിക്കുമെന്നും കോടതി ചോദിച്ചു. നിഷാമിനെതിരേയുള്ള സാക്ഷിമൊഴികളും തെളിവുകളും ശക്തമാണ്. അങ്ങനെയുള്ളയാളിന്റെ ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇവിടെ പരിശോധിക്കേണ്ട കാര്യമില്ല. എന്നാല്‍, കുറ്റം നടത്തിയതു ഏതു രീതിയിലാണെന്നതാണ് ഇവിടത്തെ പ്രശ്നമെന്നും ജസ്റീസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിക്കു ജാമ്യം നല്‍കുന്നത് മറ്റുള്ള പൌരന്മാരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും അതിവേഗ കോടതിയില്‍ നടക്കുന്ന വിചാരണ നവംബര്‍ 17ന് പൂര്‍ത്തിയാകുമെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

കഴിഞ്ഞ ജനവരി 29 പുലര്‍ച്ചെയാണു കേസിനാസ്പദമായ സംഭവം. നിഷാം താമസിക്കുന്ന ശോഭാ സിറ്റി ഫ്ളാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചും അടിച്ചും പിരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രബോസ് 19 ദിവസത്തിനുശേഷം മരണമടഞ്ഞു. നിഷാമിന്റെ ജാമ്യാപേക്ഷ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.