ദാദ്രി സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി: പ്രതികരണം പ്രധാനമന്ത്രിയുടെ ജോലിയല്ല
ദാദ്രി സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി: പ്രതികരണം പ്രധാനമന്ത്രിയുടെ ജോലിയല്ല
Friday, October 9, 2015 12:15 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ദാദ്രി സംഭവം പോലെ എല്ലാ വിവാദ വിഷയങ്ങളിലും പ്രതികരിക്കേണ്ടതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജോലിയല്ലെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഗോമാംസം കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗൃഹനാഥനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി മൌനം പാലിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എല്ലാ വിഷയത്തിലും പ്രതികരിക്കാറുണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

പറയുമ്പോള്‍ പറയും എന്തിനു പറയുന്നെന്ന്, പറയാതിരുന്നാല്‍ ചോദിക്കും എന്തുകൊണ്ടു പറയുന്നില്ലെന്ന്. എന്താണ് ഇവിടെ സംഭവിക്കുന്നത്? എല്ലാ വിഷയങ്ങളിലും സംസാരിക്കുന്നതാണോ പ്രധാനമന്ത്രിയുടെ ജോലി? എല്ലാ വിഷയങ്ങളിലും മന്‍മോഹന്‍ സിംഗ് സംസാരിക്കുമായിരുന്നോ? എന്തെങ്കിലും ഉണ്ടായാല്‍ ന്യൂനപക്ഷങ്ങള്‍ എപ്പോഴും മോദിയെ പഴിക്കുകയാണെന്നും ഗഡ്കരി കുറ്റപ്പെടുത്തി. അതേസമയം, ദാദ്രി സംഭവം നിര്‍ഭാഗ്യകരമാണെന്നും അതിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൃഹനാഥനെ കൊലപ്പെടുത്തിയ ദാദ്രി സംഭവത്തില്‍ ബിജെപി അനുഭാവികള്‍ അറസ്റിലാകുന്നതിനിടെയാണു വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കിയത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി ബിജെപി നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതു നിയന്ത്രിക്കുന്നില്ലെന്നും മോദിക്കെതിരേ വിമര്‍ശനമുയര്‍ന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അനന്തിരവള്‍ നയന്‍താര സേഗാള്‍ അടക്കമുള്ള എഴുത്തുകാരും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ തിരികെ നല്‍കി പ്രതിഷേധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.