ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സ് വീണ്ടുമില്ലെന്നു മോദി
ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സ് വീണ്ടുമില്ലെന്നു മോദി
Monday, August 31, 2015 12:41 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സ്ഥിതിയില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍, അത് അപൂര്‍ണമാണെന്നും കര്‍ഷകര്‍ക്കു നേരിട്ടു സാമ്പത്തിക നേട്ടങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള 13 ഇനങ്ങള്‍ കൂടി നിയമങ്ങളില്‍ ഉള്‍പ്പെടുത്തി നടപ്പില്‍ വരുത്തുകയായിരുന്നെന്നും നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി സംബന്ധിച്ചു കര്‍ഷകര്‍ക്കിടയില്‍ വളരെയേറെ തെറ്റിദ്ധാരണകള്‍ വ്യാപിച്ചിട്ടുണ്ട്. അത് അവരെ ഭയപ്പെടുത്തി. എന്നാല്‍, അങ്ങനെയൊരു സാഹചര്യമൊന്നും നിലവിലുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ പിടിയില്‍നിന്നു മോചിപ്പിക്കാനാണു ശ്രമിച്ചത്. കൃഷിക്കാര്‍ക്കു മെച്ചമുണ്ടാക്കുന്ന 13 ഇനങ്ങളാണ് ഓര്‍ഡിനന്‍സിലൂടെ ഒരു വര്‍ഷം കൊണ്ടു നടപ്പിലാക്കിയതെന്നും അതു വേണ്െടങ്കില്‍ അവസാനിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.

ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ സംബന്ധിച്ചു സംസ്ഥാനങ്ങളില്‍നിന്നു ഭേദഗതി നിര്‍ദേശങ്ങളുണ്ടായിട്ടുണ്ട്. കര്‍ഷകര്‍ക്കു ഗുണകരമായ എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മോദി പറഞ്ഞു.


ജയ് ജവാന്‍, ജയ് കിസാന്‍ എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല, നമ്മുടെ മന്ത്രമാണ്. സ്വാതന്ത്യ്രദിന ആഘോഷത്തില്‍ പറഞ്ഞതുപോലെ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പേര് കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം എന്നാക്കി മാറ്റാനുള്ള നടപടികളുമായി സര്‍ക്കാര്‍ വളരെവേഗം മുന്നോട്ടു പോകുകയാണ്. താഴേത്തട്ടിലുള്ളവര്‍ക്കു ജോലി ലഭ്യമാക്കാന്‍ ഇന്റര്‍വ്യു ഒഴിവാക്കപ്പെടണം. അതിലൂടെ സാധാരണക്കാര്‍ക്ക് ചെറിയ ജോലികള്‍ ലഭ്യമാകുന്നതിനു തടസമുണ്ടാകരുതെന്നും ശിപാര്‍ശയ്ക്കായി ഓടിനടക്കാന്‍ ഇടയുണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഉത്സവങ്ങള്‍ ശുചിത്വോത്സവമാക്കി മാറ്റണം. ശുചിത്വവുമായി ബന്ധിപ്പിച്ചു രക്ഷാബന്ധന്‍ മുതല്‍ ദീപാവലി വരെയുള്ള ഉത്സവകാലം ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ഒന്നായി പ്രവര്‍ത്തിക്കണം. ആരോഗ്യത്തിനും പരിസ്ഥിതിക്കും നല്ലതു വരുത്താന്‍ ആഴ്ചയിലൊരിക്കലെങ്കിലും സൈക്കിള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അടുത്ത മന്‍ കി ബാത്തിനായി പരിഗണിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ അയച്ചുതരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.