108 ആംബുലന്‍സ്: സിബിഐ കേസെടുത്തു
108 ആംബുലന്‍സ്: സിബിഐ കേസെടുത്തു
Sunday, August 30, 2015 11:25 PM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള എട്ടു പേര്‍ക്കെതിരേ 108 ആംബുലന്‍സ് അഴിമതിക്കേസില്‍ സിബിഐ കേസെടുത്തു. മുന്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഉപദേ

ഷ്ടാവ് ഷാഫി മേത്തര്‍, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് എന്നിവരെയും കേസില്‍ സിബിഐ പ്രതിചേര്‍ത്തിട്ടുണ്ട്.

എന്നാല്‍, രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണു കോണ്‍ഗ്രസ് നേതാക്കളെയും നേതാക്കളുടെ മക്കളെയും പ്രതിചേര്‍ത്തതെന്നു കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിനെ ചീത്തയാക്കാനും ഭീഷണിപ്പെടുത്താനുമുള്ള രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിന്റെ ശ്രമം മാത്രമാണിതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കേസില്‍ സ്വതന്ത്ര അന്വേഷണം നടന്നാല്‍ ഞാന്‍ കുറ്റവിമുക്തനാകും. സത്യം കോടതിയില്‍ തെളിയുമെന്നു കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. അഴിമതിയുമായി ബന്ധമില്ലെന്നു കാര്‍ത്തി ചിദംബരം അവകാശപ്പെട്ടു. 2012 ഫെബ്രുവരി 24 വരെ സിഗിറ്റ്സ ഹെല്‍ത്ത്കയെര്‍ കമ്പനിയുടെ നോണ്‍ എക്സിക്യുട്ടീവ് സ്വതന്ത്ര ഡയറക്ടര്‍ മാത്രമായിരുന്നു താനെന്നും കമ്പനിയുടെ നടത്തിപ്പുമായി തനിക്കു ബന്ധമൊന്നും ഇല്ലെന്നും കാര്‍ത്തി ചിദംബരം ചെന്നൈയില്‍ പറഞ്ഞു.

എട്ടു മാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് ആംബുലന്‍സ് അഴിമതിയില്‍ കേസെടുത്തതെന്നു സിബിഐ അറിയിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണകാലത്തു 2010ല്‍ തുടങ്ങിയ ആംബുലന്‍സ് പദ്ധതിയില്‍ പലതലത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണു ക്രമക്കേടും അഴിമതിയും നടത്തിയതെന്നാണു പരാതി.

108 ആംബുലന്‍സ് സര്‍വീസ് പദ്ധതി നടത്തിയ സിഗിറ്റ്സ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് കമ്പനിക്കെതിരേ പങ്കജ് ജോഷി എന്നൊരാള്‍ ജയ്പുരിലെ അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഒരു വര്‍ഷം മുമ്പു രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ കേസന്വേഷണം സിബിഐക്കു വിട്ടത്.


രാജസ്ഥാനിലെ മുന്‍ ആരോഗ്യ മന്ത്രി എ.എ. ഖാന്‍, കോണ്‍ഗ്രസ് നേതാവ് വിഷ്ണു മോദിയുടെ മകള്‍ ശ്വേത മംഗള്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ (എന്‍ആര്‍എച്ച്എം) ഡയറക്ടര്‍ എന്നിവര്‍ക്കെതിരേയും കേസ് ഉണ്ട്.

രണ്ടര കോടിയുടെ അഴിമതി നടന്നതായാണു ആദ്യ ഓഡിറ്റിംഗില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ആംബുലന്‍സുകള്‍ വാങ്ങിയതടക്കം 14 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണു പരാതി. വഞ്ചന (സെക്ഷന്‍ 420), വ്യാജരേഖ ചമയ്ക്കല്‍ (467, 468), ക്രിമിനല്‍ ഗൂഢാലോചന (120-ബി) തുടങ്ങിയ വകുപ്പുകളിലാണു സിബിഐ കേസെടുത്തത്.

ടസിഗിറ്റ്സ കമ്പനിയുടെ ജയ്പുരിലെയും മുംബൈയിലെയും ഓഫീസുകളില്‍ സിബിഐ വെള്ളിയാഴ്ച പരിശോധന നടത്തി.

രാജസ്ഥാന്‍, ബിഹാര്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ജിപിഎസ് സംവിധാനങ്ങളോടെയുള്ള 108 ആംബുലന്‍സ് സര്‍വീസുകള്‍ നടത്താന്‍ 2009ലാണു രവികൃഷ്ണയുടെ സിഗിറ്റ്സ ഹെല്‍ത്ത്കെയര്‍ കമ്പനി കരാര്‍ നേടിയത്. പലയിടത്തും ഇല്ലാത്ത സര്‍വീസുകള്‍ നടത്തിയതായി വ്യാജരേഖകള്‍ ചമച്ചു വന്‍ക്രമക്കേടു നടത്തിയെന്നാണ് ആരോപണം.

കമ്പനി പ്രമോട്ടര്‍മാരുടെയും ഡയറക്ടര്‍മാരുടെ രാഷ്ട്രീയ ബന്ധങ്ങള്‍ മൂലം കമ്പനിക്കു അവിഹിത ആനുകൂല്യങ്ങള്‍ കിട്ടിയെന്നാണു ബിജെപി ആരോപിക്കുന്നത്. സിഗിറ്റ്സ കമ്പനിയുടെ 60 ശതമാനം ഓഹരികള്‍ വിദേശകമ്പനികള്‍ക്കും ചില ഇന്ത്യന്‍ കമ്പനികള്‍ക്കും പിന്നീടു വിറ്റിരുന്നു.

അക്യുമെന്‍ ഫണ്ട്, എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എന്നിവയ്ക്കു പുറമേ എച്ച്ഡിഎഫ്സി, ഐഡിഎഫ്സി തുടങ്ങിയവയും സിഗിറ്റ്സ കമ്പനിയില്‍ നിക്ഷേപം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.