ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ രണ്ടാം ഭര്‍ത്താവും അറസ്റില്‍
ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ രണ്ടാം ഭര്‍ത്താവും അറസ്റില്‍
Thursday, August 27, 2015 12:37 AM IST
മുംബൈ: മാധ്യമലോകത്തെ ഞെട്ടിച്ച ഷീന ബോറ വധക്കേസ് പുതിയ വഴിത്തിരിവിലേക്ക്. കൊല്ലപ്പെട്ടത് മുന്‍ മാധ്യമ മേധാവി ഇന്ദ്രാണി മുഖര്‍ജിയുടെ സഹോദരിയല്ലെന്നും മകളാണെന്നും മുംബൈ പോലീസ് സ്ഥിരീകരിച്ചു. കൊലക്കുറ്റത്തിന് ഇന്ദ്രാണി മുഖര്‍ജിയുടെ രണ്ടാം ഭര്‍ത്താവും കോല്‍ക്കത്തയിലെ റിസോര്‍ട്ട് ഉടമയുമായ സഞ്ജീവ് ഖന്നയെ ഇന്നലെ പോലീസ് അറസ്റ് ചെയ്തു.

മാധ്യമസ്ഥാപനമായ സ്റാര്‍ ഇന്ത്യയുടെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയാണ് ഇന്‍ക്സ് മീഡിയ മുന്‍ ചീഫ് എക്സിക്യൂട്ടീവായ ഇന്ദ്രാണി മുഖര്‍ജി. ഇന്ദ്രാണിയും പീറ്ററും നേരത്തെ വേറെ വിവാഹം കഴിച്ചിരുന്നവരാണ്. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണു ഷീന. ഷീന തന്റെ സഹോദരിയാണെന്നാണ് ഇന്ദ്രാണി പറഞ്ഞിരുന്നതെന്നു പീറ്റര്‍ പറഞ്ഞു.

ഒരു വാഹനാപകടക്കേസില്‍ അറസ്റിലായ ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാം റായിയാണു ഷീനയെ ഇന്ദ്രാണി മൂന്നു വര്‍ഷം മുമ്പ് കൊലപ്പെടുത്തിയതായി പോലീസിനു മൊഴി നല്കിയത്. ഇതേത്തുടര്‍ന്നു നാല്പത്തിമൂന്നുകാരിയായ ഇന്ദ്രാണിയെ ചൊവ്വാഴ്ച അറസ്റ് ചെയ്യുകയായിരുന്നു. ഷീന തന്റെ സഹോദരിയാണെന്ന് ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകനായ മിഖായേല്‍ ബോറ വെളിപ്പെടുത്തി. വിമാനക്കമ്പനിയില്‍ ജോലിക്കാരനാണ് മിഖായേല്‍.

ഷീനയുടെ മൃതദേഹം മുംബൈയില്‍നിന്ന് 84 കിലോമീറ്റര്‍ അകലെ റായ്ഗഡിലെ വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാം പോലീസിനോടു പറഞ്ഞു. കൊലപാതകത്തിനു മുന്‍ ഭര്‍ത്താവായ സഞ്ജീവ് ഖന്നയുടെ സഹായം ഇന്ദ്രാണിക്കു ലഭിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കോല്‍ക്കത്തയില്‍നിന്നു പോലീസ് പിടികൂടിയത്.

2012 ഏപ്രില്‍ 24നായിരുന്നു ഷീനയുടെ കൊലപാതകം. മേയ് 23ന് ശരീരാവശിഷ്ടങ്ങള്‍ പോലീസിനു ലഭിച്ചു. അജ്ഞാതയുടെ കൊലപാതകമായി പോലീസ് കേസ് രജിസ്റര്‍ ചെയ്തു. 24-ാമത്തെ വയസിലാണു ഷീന കൊല്ലപ്പെട്ടത്. അമ്പത്തേഴുകാരനായ പീറ്റര്‍ മുഖര്‍ജിയുടെ ആദ്യവിവാഹത്തിലുള്ള മകന്‍ രാഹുലുമായി ഷീന അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ചു താമസിച്ചിട്ടുമുണ്ട്. ഈ ബന്ധം ഇന്ദ്രാണി ഇഷ്ടപ്പെട്ടിരുന്നില്ലെന്നും തുടര്‍ന്നു മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മാരിയ പറഞ്ഞു. സ്വത്തുതര്‍ക്കമല്ല കൊലപാതകത്തിനു പിന്നിലെന്നും കമ്മീഷണര്‍ പറഞ്ഞു.


കുറേനാളായി ഷീനയുമായി ബന്ധമില്ലെന്നും പ്ളസ്ടു കഴിയുന്നതുവരെ ഷീനയും താനും ഗോഹട്ടിയിലെ അമ്മവീട്ടിലാണു താമസിച്ചിരുന്നതെന്നും സഹോദരന്‍ മിഖായേല്‍ ബോറ പറഞ്ഞു. സെന്റ് സേവ്യേഴ്സ് കോളജില്‍ ബിരുദ പഠനത്തിനായാണു ഷീന മുംബൈയിലേക്കു പോയത്. തുടര്‍ന്നു മുംബൈയിലെ റിലയന്‍സ് എഡിഎജിയില്‍ ജോലി ചെയ്തുവന്ന ഷീനയെ 2012ല്‍ കാണാതാവുകയായിരുന്നു. ഷീന അമേരിക്കയില്‍ പോയെന്നാണു തങ്ങളോടു പറഞ്ഞിരുന്നത്. അമ്മ ഷീനയെ കൊലപ്പെടുത്തിയതിന്റെ യഥാര്‍ഥ കാരണം അറിയാമെന്നും യഥാസമയം താന്‍ അതു വെളിപ്പെടുത്തുമെന്നും മിഖായേല്‍ പറഞ്ഞു.

പീറ്ററും ഇന്ദ്രാണിയും ചേര്‍ന്നു സ്ഥാപിച്ച ഇന്‍ക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ബാനറിലാണ് ഇരുവരും ന്യൂസ് എക്സ്, 9 എക്സ്, 9 എക്സ്എഫ്എം എന്നീ ചാനലുകള്‍ തുടങ്ങിയത്. പിന്നീട് ന്യൂസ് ചാനല്‍ 2009 ല്‍ സിംഗപ്പൂരിലെ ടെമാസെകിനു വിറ്റു. അവര്‍ പിന്നീടു പരിശോധിച്ചപ്പോള്‍ കോടിക്കണക്കിനു രൂപ ഇന്ദ്രാണിയും പീറ്ററും അപഹരിച്ചതായി കണ്െടത്തി. പക്ഷേ, പണം തിരിച്ചുപിടിക്കാനായില്ല. തട്ടിയെടുത്തതില്‍ ഷീനയുടെ പേരില്‍ നിക്ഷേപിച്ച തുക അമ്മയ്ക്കു തിരികെ കൊടുക്കാന്‍ മകള്‍ വിസമ്മതിച്ചതാണു കൊലപാതക കാരണമെന്നു തെഹല്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

2012നുശേഷം ഷീനയെ ആരും കണ്ടിട്ടില്ലെന്നു പീറ്റര്‍ പറഞ്ഞു. അമേരിക്കയില്‍ പഠിക്കാന്‍ പോയെന്നാണു തന്നോടു പറഞ്ഞത്. ഇന്ദ്രാണിയും ഷീനയും തമ്മിലുള്ള സംഭാഷണങ്ങള്‍ ആസാം ഭാഷയിലായിരുന്നുവെന്നും തനിക്ക് ആ ഭാഷ അറിയില്ലെന്നും പീറ്റര്‍ പറഞ്ഞു.

ഇന്ദ്രാണി, സഞ്ജീവ് ഖന്ന, ശ്യാം റായി എന്നിവര്‍ക്കെതിരേ കൊലപാതകം, തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. മുംബൈ കോടതി ഇവരെ 14 ദിവസത്തേക്കു പോലീസ് കസ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.