കട്ജുവിനെതിരേ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതില്‍ തെറ്റില്ലെന്നു സുപ്രീംകോടതി
കട്ജുവിനെതിരേ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതില്‍ തെറ്റില്ലെന്നു സുപ്രീംകോടതി
Tuesday, August 4, 2015 12:28 AM IST
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിക്കും സുഭാഷ് ചന്ദ്രബോസിനുമെതിരേ സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്േടയ കട്ജു മോശം പരാമര്‍ശം നടത്തിയത് അപലപിച്ച് പാര്‍ലമെന്റ് പ്രമേയം പാസാക്കിയതില്‍ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്ന് സുപ്രീംകോടതി. പൊതുവേദിയില്‍ അഭിപ്രായങ്ങള്‍ അറിയിക്കുമ്പോള്‍ അതിനെതിരേയുള്ള വിമര്‍ശനങ്ങള്‍ നേരിടാന്‍ തയാറായിരിക്കണമെന്നും ജസ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ബ്രിട്ടിഷ് ഏജന്റായിരുന്നെന്നും സുഭാഷ് ചന്ദ്രബോസ് ജാപ്പനീസ് ഏജന്റായിരുന്നെന്നും പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനായിരുന്ന ജസ്റീസ് മാര്‍ക്കണ്േടയ കട്ജു ബ്ളോഗിലെഴുതിയ കുറിപ്പില്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ ലോക്സഭയും രാജ്യസഭയും കട്ജുവിന്റെ നിലപാടിനെ അപലപിച്ച് പ്രമേയം പാസാക്കി. എന്നാല്‍, തന്റെ ഭാഗം കേള്‍ക്കാതെയാണ് പ്രമേയം പാര്‍ലമെന്റ് പാസാക്കിയതെന്നും അതിനാല്‍ പ്രമേയം റദ്ദാക്കണമെന്നുമാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റീസ് കട്ജു ആവശ്യപ്പെട്ടത്.


വ്യക്തിപരമായ പഠനത്തിലൂടെ ലഭിക്കുന്ന ബദല്‍ നിഗമനങ്ങളെ ഒറ്റയടിക്ക് അടച്ചാക്ഷേപിക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്നും താനൊരു സ്വകാര്യ വ്യക്തിയാണെന്നും തനിക്കെതിരെ പ്രമേയം പാസാക്കാന്‍ പാര്‍ലമെന്റിന് അവകാശമില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം മുഖേന നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചു. അതേസമയം, സ്വകാര്യ വ്യക്തിയാണെങ്കിലും പ്രമേയം പാസാക്കാന്‍ പാര്‍ലമെന്റിന് അവകാശമുണ്െടന്നും അതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

ഗാന്ധിജിക്കും ബോസിനുമെതിരേ കട്ജു നടത്തിയ പരാമര്‍ശം അപകീര്‍ത്തിപരം തന്നെയാണ്. പൊതുവേദിയില്‍ ഇത്തരം പ്രസ്താവന നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയാറാവണമെന്നും ജസ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസില്‍ വാദം കേള്‍ക്കാമെന്നു വ്യക്തമാക്കിയ കോടതി, കോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാനെ അമിക്കസ് ക്യൂറിയായും നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.