തിരുത്താനാവാത്ത തെറ്റില്‍ നീറിപ്പുകഞ്ഞ് സോഹന്‍ലാല്‍
തിരുത്താനാവാത്ത തെറ്റില്‍ നീറിപ്പുകഞ്ഞ് സോഹന്‍ലാല്‍
Sunday, May 31, 2015 12:26 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: ഒരു കുഞ്ഞുസ്വപ്നം പോലും കാണാന്‍ അനുവദിക്കാതെ മരിച്ചു ജീവിച്ച 42 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അരുണ ഷാന്‍ബാഗിനെ മരണം കൂട്ടിക്കൊണ്ടു പോയത്. അരുണ ഷാന്‍ബാഗ് എന്ന 23കാരി നഴ്സിന് ആ അവസ്ഥ സമ്മാനിച്ച സോഹല്‍ ലാല്‍ വാല്‍മീകി ഇന്നു നീറിയെരിയുന്ന കുറ്റബോധത്തിന്റെ നടുവിലാണ്. ജീവിതം എത്ര തിരുത്തിയെഴുതിയിട്ടും ഓര്‍മകള്‍ വേട്ടയാടുന്ന തനിക്കിനി മരണം മാത്രം മതിയെന്നാണ് അയാള്‍ പറയുന്നത്.

മുംബൈ ഏര്‍വാദാ ജയിലില്‍ ഏഴു വര്‍ഷത്തെ തടവുജീവിതത്തിനുശേഷമാണ് സോഹന്‍ ലാല്‍ പുറത്തിറങ്ങിയത്. ഇതിനിടെ, സോഹന്‍ലാലിന്റെ ജീവിതത്തെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങള്‍ പരന്നിരുന്നു. ഡല്‍ഹിയില്‍ മറ്റൊരു ആ ശുപത്രിയില്‍ ജോലി ചെയ്യുന്നുണ്െടന്നായിരുന്നു ഒരു വാര്‍ത്ത. ക്ഷയം ബാധിച്ചെന്നും അതല്ല എയ്ഡ്സ് ബാധിച്ചു മരിച്ചു എന്നും വാര്‍ത്തകള്‍ വന്നു. ജയില്‍ശിക്ഷ കഴിഞ്ഞു വന്നപ്പോഴേക്കും അയാളുടെ സ്വത്തുക്കളെല്ലാം ബന്ധുക്കള്‍ കൈയടക്കിയിരുന്നു. പിന്നീട് ഭാര്യവീട്ടുകാരോടൊപ്പമായിരുന്നു താമസം. സോഹന്‍ലാല്‍ ജയിലില്‍ ആയിരിക്കുമ്പോള്‍ മകള്‍ മരിച്ചു. ജയില്‍മോചിതനായി 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മകന്‍ ജനിച്ചത്. ഇപ്പോള്‍ രണ്ട് ആണ്‍മക്കളുണ്ട്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പാര്‍പ ഗ്രാമത്തില്‍ സോഹന്‍ലാല്‍ ഇന്നൊരു കൂലിത്തൊഴിലാളിയാണ്. പുകവലി, മദ്യപാനം ഉള്‍പ്പടെയുള്ള ദുശീലങ്ങളൊന്നുമില്ല. സസ്യാഹാരം മാത്രം. കഴുത്തില്‍ രുദ്രാക്ഷം.

സോഹന്‍ലാലിനെതിരായി പുതിയ കേസുകളൊന്നും എടുക്കാനാവില്ലെന്നാണ് മുംബൈ പോലീസ് പറയുന്നത്. ന്യൂമോണിയ ആണ് അരുണയുടെ മരണകാരണമെന്നും മുംബൈ ജോയിന്റ് പോലീസ് കമ്മീഷണര്‍ ദേവന്‍ ഭാരതി വ്യക്തമാക്കി.

1973 നവംബര്‍ 27 എന്ന ആ കറുത്ത ദിനത്തെ സോഹന്‍ ലാല്‍ ഓര്‍മിക്കുന്നതിങ്ങനെ: ആശുപത്രിയില്‍ പരീക്ഷണാര്‍ഥം മൃഗങ്ങളെ സൂക്ഷിച്ചിരുന്ന വിഭാഗത്തിന്റെ ചുമതലയായിരുന്നു അരുണയ്ക്ക്. അവിടെ തൂപ്പുകാരനായിരുന്ന സോഹന്‍ലാലിന് പട്ടികളെ പേടിയായിരുന്നു. ഇതറിയാമായിരുന്നിട്ടും നായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുമ്പോഴും മറ്റും അരുണ സോഹന്‍ലാലിനെ നിര്‍ബന്ധിച്ചു കൂടെകൂട്ടുമായിരുന്നു. ഒരു ദിവസം ഭാര്യയുടെ മാതാവിനു സുഖമില്ലാത്തതു കൊണ്ടു സോഹന്‍ലാല്‍ കുറച്ചു ദിവസത്തെ അവധി ആവശ്യപ്പെട്ടെങ്കിലും അരുണ അനുവദിച്ചില്ല. മാത്രമല്ല അയാള്‍ ജോലിയൊന്നും ചെയ്യില്ലെന്നും നായ്ക്കളുടെ ഭക്ഷണം മോഷ്ടിച്ചുവെന്നു പരാതിപ്പെടുകയും ചെയ്തു.


ജോലിസമയത്ത് താന്‍ മറ്റു നഴ്സുമാര്‍ക്കും വാര്‍ഡ് ബോയിമാര്‍ക്കുമൊപ്പം ചീട്ടു കളിക്കുന്ന കാര്യം പരാതിപ്പെടുമെന്ന് അരുണ പറഞ്ഞുവെന്നും സോഹന്‍ലാല്‍ ഓര്‍മിക്കുന്നു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി. എന്നാല്‍, താന്‍ അരുണയെ മാനംഭംഗപ്പെടുത്തിയിട്ടില്ലെന്നാണ് അയാള്‍ പറയുന്നത്.

ഡ്യൂട്ടി കഴിഞ്ഞ് ഡ്രസിംഗ് റൂമില്‍ അരുണ വസ്ത്രം മാറുമ്പോള്‍ സോഹന്‍ലാല്‍ പിന്നില്‍നിന്നും പട്ടികള്‍ക്കിടുന്ന ചങ്ങല കൊണ്ടു കഴുത്തില്‍ ചുറ്റി ആക്രമിക്കുകയായിരുന്നുവെന്നാണ് ലോകം അറിഞ്ഞത്. സംഭവം നടന്ന് പതിനൊന്നു മണിക്കൂറുകള്‍ക്കു ശേഷമാണ് തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹം നിലച്ച നിലയില്‍ അരുണയെ കണ്െടത്തിയത്. അപ്പോഴേക്കും അരുണയുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഗുരുതരമായ മസ്തിഷ്കാഘാതവും സംഭവിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം സോഹന്‍ലാല്‍ കുറ്റസമ്മതം നടത്തുമ്പോള്‍ അതിലെത്രമാത്രം വിശ്വാസ്യത ഉണ്െടന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. അരുണാ ഷാന്‍ബാഗ് മരിച്ച വിവരം ഒരാഴ്ചയ്ക്കു ശേഷമാണ് അറിയുന്നത്. ടിവിയും പത്രവുമൊന്നും ഇല്ലാത്തൊരു ഗ്രാമത്തിലാണ് സോഹന്‍ലാല്‍ താമസിക്കുന്നത്. തനിക്ക് 67 വയസായെന്നു സോഹന്‍ ലാലും 72 വയസായെന്നു മകനും പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.