മൈസൂര്‍ കൊട്ടാരം ഒരിക്കല്‍ക്കൂടി കിരീടധാരണത്തിന് ഒരുങ്ങുന്നു
മൈസൂര്‍ കൊട്ടാരം ഒരിക്കല്‍ക്കൂടി കിരീടധാരണത്തിന് ഒരുങ്ങുന്നു
Friday, May 22, 2015 12:11 AM IST
മൈസൂരു: മൈസൂരുവിലെ വൊഡയാര്‍ രാജകുടുംബം ദത്തെടുത്ത യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാറുടെ കിരീടധാരണം ഈമാസം 27, 28 തീയതികളില്‍ മൈസൂരുവിലെ ചരിത്രപ്രസിദ്ധമായ അംബവിലാസ് കൊട്ടാരത്തില്‍ നടക്കും. പരമ്പരാഗത പ്രൌഢിയോടെ നടക്കുന്ന ചടങ്ങിനായി കൊട്ടാരം അണിഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. കൊട്ടാരത്തിനു പുറത്തു കൂറ്റന്‍ പന്തലും തയാറായി വരുന്നുണ്ട്. ചടങ്ങ് നടക്കുന്നതിനാല്‍ 27, 28 തീയതികളില്‍ കൊട്ടാരത്തിലേക്ക് വിനോദസഞ്ചാരികള്‍ക്കു പ്രവേശനം അനുവദിക്കില്ല. 27ന് വിവിധ പൂജകളും 28ന് പ്രമുഖരുടെ സാന്നിധ്യത്തില്‍ കിരീടധാരണചടങ്ങുമാണു നടക്കുക. ചടങ്ങിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ രാജകുടുംബങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ എന്നിവരടക്കം 5,000 അതിഥികളെയാണു ക്ഷണിച്ചിരിക്കുന്നത്. അതിഥികളെ ക്ഷണിക്കുന്നതിന്റെ തിരക്കിലാണു യദുവീറും വളര്‍ത്തമ്മ പ്രമോദദേവിയും.

വൊഡയാര്‍ രാജകുടുംബത്തിന്റെ അവസാനത്തെ രാജാവായിരുന്ന ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാര്‍ 2013 ഡിസംബര്‍ 10നാണ് അന്തരിച്ചത്. വൊഡയാര്‍ക്കും ഭാര്യ പ്രമോദദേവിക്കും മക്കളില്ലാത്തതിനാല്‍ കഴിഞ്ഞ ഫെബ്രുവരി 23ന് യദുവീറിനെ ദത്തെടുക്കുകയായിരുന്നു. ശ്രീകണ്ഠദത്ത നരസിംഹ രാജ വൊഡയാറുടെ മൂത്ത സഹോദരി ത്രിപുര സുന്ദരി ദേവിയുടെയും ആനന്ദ് ഗോപാല്‍ അര്‍സിന്റെയും മകനായ യദുവീര്‍ ഗോപാല്‍ രാജ് അര്‍സ് ദത്തെടുക്കല്‍ ചടങ്ങോടെ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ എന്ന രാജകീയ പേരു സ്വീകരിക്കുകയും ചെയ്തിരുന്നു. ദത്തെടുക്കല്‍ ചടങ്ങില്‍ യദുവീറിനെ മൈസൂരു വൊഡയാര്‍ രാജവംശത്തിന്റെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി.


അമേരിക്കയിലെ ബോസ്റണ്‍ യൂണിവേഴ്സിറ്റിയില്‍ ബിഎ ഇംഗ്ളീഷ് ആന്‍ഡ് ഇക്കണോമിക്സില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ യദുവീര്‍ കഴിഞ്ഞ 15നാണ് മൈസൂരുവില്‍ തിരിച്ചെത്തിയത്. അന്നുമുതല്‍ കൊട്ടാരത്തോടുചേര്‍ന്ന വസതിയിലാണു താമസം. പരമ്പരാഗത കീഴ്വഴക്കമനുസരിച്ച് ഈ വര്‍ഷംമുതല്‍ മൈസൂരുവിലെ ചരിത്രപ്രസിദ്ധമായ ദസറ ആഘോഷചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്നത് യദുവീര്‍ ആയിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.