വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: ഡല്‍ഹി നിയമമന്ത്രിയെ പുറത്താക്കണമെന്നു കോണ്‍ഗ്രസും ബിജെപിയും
Wednesday, April 29, 2015 12:27 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമമന്ത്രിയുടെ നിയമബിരുദം വ്യാജമാണെന്നു ബിഹാര്‍ സര്‍വകലാശാല വ്യക്തമാക്കിയ സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്തു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രാജിവയ്ക്കണമെന്ന് ആവശ്യമുയരുന്നു. ആം ആദ്മി പാര്‍ട്ടി മന്ത്രി സഭയില്‍നിന്നു നിയമ മന്ത്രി ജിതേന്ദര്‍ സിംഗ് തൊമാറിനെ ഉടന്‍ പുറത്താക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസും രംഗത്തെത്തി. രാഷ്ട്രീയ ധാര്‍മികത പ്രസംഗിക്കുന്ന ആം ആദ്മിയുടെ യഥാര്‍ഥ മുഖം ഇതോടെ വെളിപ്പെട്ടെന്നു ബിജെപിയും ആരോപിച്ചു. പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്നു വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജിതേന്ദ്ര സിംഗ് തൊമാറിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, തന്റെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളെല്ലാം തന്നെ നൂറു ശതമാനം യഥാര്‍ഥമാണെന്നു ജിതേന്ദ്ര സിംഗ് തൊമാര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. വിഷയം കോടതിയുടെ പരിഗനണയിലാണ്. ഇക്കാര്യത്തില്‍ അവസാന വാക്കും കോടതിയുടേതാണ്. എല്ലാ രേഖകളും കോടതിയുടെ മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. എല്ലാ ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും യഥാര്‍ഥമാണ്. ഇക്കാര്യത്തില്‍ സര്‍വകലാശാലയ്ക്കാണു തെറ്റു പറ്റിയതെന്നും ഡല്‍ഹി നിയമ മന്ത്രി വിശദീകരിക്കുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ ബിജെപിയു രാഷ്ട്രീയക്കളിയാണെന്നും തൊമാര്‍ ആരോപിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും തൊമാര്‍ ആരോപിച്ചു.

ഇതേസമയം, തോമറിനെ ആം ആദ്മി സര്‍ക്കാരില്‍നിന്നു പുറത്താക്കണമെന്നു കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടും തൊമാര്‍ കേജരിവാള്‍ മന്ത്രി സഭയില്‍ തുടരുന്നതിനെയും ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ അജയ് മാക്കന്‍ ചോദ്യം ചെയ്തു. തൊമാറിനെ പുറത്താക്കിയില്ലെങ്കില്‍ നാളെ ഡല്‍ഹി നിയമസഭയ്ക്കു പുറത്തു വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അജയ് മാക്കന്‍ മുന്നറിയിപ്പു നല്‍കി. ഡല്‍ഹി സര്‍ക്കാരിനു ഇതു നാണക്കേടിന്റെ വിഷയമാണെന്നാണു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പ്രതികരിച്ചത്. ഇപ്പോള്‍ കോടതിയില്‍ കാര്യങ്ങള്‍ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി നിയമന്ത്രിയോടു രാജി ആവശ്യപ്പെടണം. അല്ലാത്ത പക്ഷം തൊമാറിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നും പി.സി. ചാക്കോ ആവശ്യപ്പെട്ടു.

ഇത്തരം ഒരാള്‍ക്ക് എങ്ങനെ ആപ്പ് സര്‍ക്കാര്‍ നിയമവകുപ്പ് നല്‍കിയെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി ചോദിച്ചു. തോമറിനെ എന്തുകൊണ്ടാണ് നിയമന്ത്രി സ്ഥാനത്തുനിന്ന് നീക്കാത്തതെന്നും അവര്‍ ചോദിച്ചു. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയിലെ ജനങ്ങളോടു മാപ്പു പറയണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. അതേസമയം ആരോപണങ്ങള്‍ക്കുള്ള മറുപടി തൊമാര്‍ കോടതിയില്‍ നല്‍കുമെന്നാണു ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം.


ഇതിനിടെ, തോമാറിന്റെ ലൈസന്‍സ് റദ്ദാക്കിയതായി ഡല്‍ഹി ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തോമാറിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് യുപിയിലെ ഡോ. രാം മനോഹര്‍ ലോഹ്യ അവധ് സര്‍വകലാശാല അറിയിച്ചതിനെത്തുടര്‍ന്നാണിത്. ഇവിടെനിന്നു ബിഎസ്സി ബിരുദം നേടിയിട്ടുണ്െടന്നാണു തൊമാര്‍ അറിയിച്ചിട്ടുള്ളത്. കേസില്‍ ഓഗസ്റ് 20നു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബാര്‍ അസോസിയേഷന് കോടതി നിര്‍ദ്ദേശം.

കേസില്‍നിന്ന് ഹര്‍ജിക്കാരന്‍ പിന്മാറിയാലും നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജസ്റീസ് ശക്ദര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെയും കോടതി നിയോഗിച്ചു. ഹര്‍ജിക്കാരനായ സന്തോഷ് കുമാര്‍ ശര്‍മ കോടതിയിലെത്താത്ത സാഹചര്യത്തിലാണു ബെഞ്ച് നിലപാട് അറിയിച്ചത്. അടുത്ത വാദത്തിനു ശര്‍മ കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനിടെ തൊമാറിന്റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പി നേതാവ് നന്ദ് കിഷോര്‍ ഗാര്‍ഗ് കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തോമറിനെതിരെ കൂടുതല്‍ തെളിവുകളുണ്െടന്നാണ് ഗാര്‍ഗ് പറയുന്നത്. ആം ആദ്മി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഡല്‍ഹി നിയമന്ത്രി ജിതേന്ദ്ര സിംഗ് തൊമാറിന്റെ നിയമബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കഴിഞ്ഞ ദിവസമാണു ബിഹാറിലെ തിലക് മഞ്ജി ഭഗല്‍പൂര്‍ സര്‍വകലാശാല ഡല്‍ഹി കോടതിയില്‍ വ്യക്തമാക്കിയത്. തൊമാറിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹത്തിന്റെ പേര് സര്‍വകലാശാല രേഖകളില്‍ ഇല്ലെന്നുമാണു സര്‍വകലാശാല കോടതിയെ അറിയിച്ചത്. തൊമാറിന്റേതെന്നു പറയുന്ന സര്‍ട്ടിഫിക്കറ്റിലെ സീരിയല്‍ നമ്പര്‍ മറ്റൊരു വ്യക്തിയുടേതാണ്. വിഷയത്തില്‍ ഓഗസ്റ്റ് ഇരുപതിനകം മറുപടി നല്‍കണമെന്നു കോടതി മന്ത്രി തൊമാറിനോടു നിര്‍ദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.