ഉത്സവങ്ങളില്‍ ആനകള്‍: സംസ്ഥാനങ്ങള്‍ക്കു സുപ്രീംകോടതി നോട്ടീസ്
ഉത്സവങ്ങളില്‍ ആനകള്‍: സംസ്ഥാനങ്ങള്‍ക്കു സുപ്രീംകോടതി നോട്ടീസ്
Saturday, April 25, 2015 12:15 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്നതുമായ ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിനും കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ്. എട്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം. സംസ്ഥാനങ്ങളിലുള്ള നാട്ടാനകളുടെ എണ്ണം അടക്കമുള്ള വിശദാംശങ്ങളും നല്‍കണം. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്നതിനെതിരേ ബാംഗളൂര്‍ ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് ആന്‍ഡ് റെസ്ക്യു ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ അടക്കമുള്ള സമിതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

നാട്ടിലുള്ള ആനകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കൂടാതെ ആനയുടെ ഉടമകള്‍ ആരൊക്കെ, ആനകളെ പാര്‍പ്പിക്കുന്ന സ്ഥലവും ഫോട്ടോസഹിതമുള്ള വിവരങ്ങളും, റെസ്ക്യൂ സെന്ററുകളുടെ എണ്ണം, അവിടെ എത്ര ആനകളെ സംരക്ഷിക്കാം, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെ വിവരം, ആനകളെ പീഡിപ്പിച്ചതിന് എത്ര കേസ് എടുത്തു, എത്ര ആനകള്‍ കൊല്ലപ്പെട്ടു, പരിക്കേറ്റവയുടെ എണ്ണം, ആന തകര്‍ത്ത വസ്തുവകകളുടെ വിവരം, ആനകളെ ചികിത്സിക്കാന്‍ പ്രാഗത്ഭ്യമുള്ള മൃഗഡോക്ടര്‍മാരുടെ എണ്ണം, എത്ര ആനകളെ സംസ്ഥാനത്തിന് പുറത്തേക്കു കൊണ്ടു പോയി തുടങ്ങിയ വിവരങ്ങളും സംസ്ഥാനങ്ങള്‍ അറിയിക്കണമെന്നും ജസ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.


ആനകള്‍ക്കെതിരായ ക്രൂരത ഗൌരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷാവസരങ്ങളിലും ആനകളെ എഴുന്നള്ളിക്കുന്നത് ക്രൂരതയാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. അതുപോലെ ആനകള്‍ക്കെതിരായ ക്രൂരതകള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങള്‍ ആനയുടമകളോ ഉത്സവനടത്തിപ്പുകാരോ പാലിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ആനകളെ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുന്നത് തടയണം, വനത്തില്‍നിന്നു പിടികൂടിയ ആനകളുടെ സെന്‍സസ് എടുക്കണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിജിയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.