കേന്ദ്രത്തില്‍ മന്ത്രിമാര്‍ക്ക് ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ: കെ.വി. തോമസ്
കേന്ദ്രത്തില്‍ മന്ത്രിമാര്‍ക്ക് ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ: കെ.വി. തോമസ്
Saturday, April 25, 2015 12:22 AM IST
ന്യൂഡല്‍ഹി: വളം, രാസവസ്തു മന്ത്രാലയത്തിലും വിദേശകാര്യ മന്ത്രാലയത്തിലും വകുപ്പുമന്ത്രിമാര്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലാത്ത സാഹചര്യമാണെന്നു കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. ലോക്സഭയില്‍ ഇന്നലെ വളം, രാസവസ്തു മന്ത്രാലയത്തിന്റെ ബജറ്റ് ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചു സംസാരിക്കുമ്പോഴാണു കേന്ദ്രമന്ത്രിമാരില്‍ ചിലര്‍ നോക്കുകുത്തികളെ പോലെയാണെന്ന് തോമസ് ആക്ഷേപമുന്നയിച്ചത്.

കേന്ദ്ര ധനകാര്യ വകുപ്പാണ് ഇപ്പോള്‍ വളം, രാസവസ്തു മന്ത്രാലയം ഭരിക്കുന്നത്. കര്‍മകുശലനായ വകുപ്പു മന്ത്രി ആനന്ദ് കുമാറിന് ഇതു കാരണം സ്വന്തം വകുപ്പില്‍ ഒന്നും ചെയ്യാനാകുന്നില്ല. വിദേശകാര്യ വകുപ്പിന്റെ കാര്യത്തിലും ഇതുതന്നെയാണു നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി കാര്യാലയം നേരിട്ടാണു വിദേശകാര്യ മന്ത്രാലയത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്- തോമസ് ആരോപിച്ചു. ഫെര്‍ട്ടിലൈസര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടേയും ഹിന്ദുസ്ഥാന്‍ ഫെര്‍ട്ടിലൈസര്‍ കോര്‍പറേഷന്റേയും അടച്ചുപൂട്ടിയ ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചാല്‍ കര്‍ഷകര്‍ വ്യാപകമായി ഉപയോഗിക്കുന്ന യൂറിയ വളത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കുമെന്നു കെ.വി. തോമസ് പറഞ്ഞു.


കൊച്ചിയില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിട്ടുള്ള പെട്രോ കെമിക്കല്‍ കോംപ്ളക്സിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും തോമസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.