കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും എതിരായ സര്‍ക്കാരെന്നു സോണിയ
കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും എതിരായ സര്‍ക്കാരെന്നു സോണിയ
Monday, April 20, 2015 12:29 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും എതിരാണു ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. എന്‍ഡിഎ സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ വെറും വാക്കുകള്‍ മാത്രമാണെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞെന്നും സോണിയ ആരോപിച്ചു. ഡല്‍ഹിയിലെ രാംലീല മൈതാനത്തു കോണ്‍ഗ്രസ് നടത്തിയ കിസാന്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ടിവരില്ലെന്നായിരുന്നു സര്‍ക്കാര്‍ രൂപീകരിക്കുന്ന അവസരത്തില്‍ അവര്‍ പറഞ്ഞത്. എന്നാല്‍, ഇന്നു കര്‍ഷകര്‍ എവിടെ നില്‍ക്കുന്നു. കര്‍ഷകരും തൊഴിലാളികളും ആശങ്കയില്‍ കഴിയുന്നതില്‍ സര്‍ക്കാരിന് ഇപ്പോള്‍ ഒരു അലട്ടലുമില്ല. കനത്ത മഴയെത്തുടര്‍ന്നു കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്കുവേണ്ടി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം വെറുംവാക്കാണെന്നു വ്യക്തമായി. ഈ നടപടികള്‍ കര്‍ഷകരുടെ മുറിവുകളില്‍ ഉപ്പു തേയ്ക്കുന്നതിനു തുല്യമാണ്. കര്‍ഷകരില്‍നിന്നു ഗോതമ്പ് സംഭരിക്കാന്‍ തയാറാകാത്ത സര്‍ക്കാരിന് ഓസ്ട്രേലിയയുമായി ഇറക്കുമതി കരാറുകളിലേര്‍പ്പെടാനാണു താത്പര്യം.

ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കൊണ്ടുവരുന്ന പുതിയ വ്യവസ്ഥകളെയും സോണിയ ചോദ്യംചെയ്തു. കര്‍ഷകര്‍ക്ക് ആവശ്യമുള്ള എല്ലാ വ്യവസ്ഥകളും ആ നിയമത്തില്‍ ഉണ്ട്.


ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ ഭേദഗതികള്‍ കൊണ്ടുവരുന്നതായി പ്രചരിപ്പിക്കുന്ന ബിജെപി വ്യവസായികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും അനുകൂലമായ വ്യവസ്ഥകളുള്ള ബില്ല് കൊണ്ടുവരാന്‍ അണിയറയില്‍ ഗൂഢാലോചന നടത്തുകയാണ്. ഏറ്റെടുത്ത ഭൂമി അഞ്ചു വര്‍ഷത്തേക്കു വിനിയോഗിച്ചില്ലെങ്കില്‍ അതു തിരികെ ലഭിക്കുമെന്നു യാതൊരു ഉറപ്പും പുതിയ ബില്ലിലില്ല. കര്‍ഷകരുടെ നേരെയുള്ള അനീതിക്കെതിരേ പൊരുതാന്‍ സര്‍വശക്തിയും ഉപയോഗിക്കേണ്ടതുണ്ട്. അധികാരം കൈയിലില്ലെങ്കിലും കര്‍ഷകര്‍ക്കു വേണ്ടിയുള്ള യുദ്ധം തുടരും. പൊതുജനത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനാവില്ലെന്നും സോണിയ വ്യക്തമാക്കി.

കര്‍ഷകരുടെ അവകാശങ്ങള്‍ക്കായുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. സോണിയഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഈ ശ്രമങ്ങള്‍ക്കു വിജയം കൈവരിക്കാനാവും. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ കര്‍ഷകര്‍ക്കൊപ്പമെന്ന പ്രചാരണത്തില്‍നിന്ന് മോദി വ്യതിചലിച്ചുവെന്നത് ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിയിലൂടെ വ്യക്തമാണ്. ഇത്തരം നിയമങ്ങള്‍ക്കെതിരേ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.