വിവാഹം കൊതിച്ചു വെട്ടിയ വഴിയിലൂടെ വരുന്നതു കേസും കോടതിയും
Thursday, April 2, 2015 1:25 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി:കല്യാണ മോഹങ്ങള്‍ മുരടിക്കും എന്നുറപ്പായപ്പോഴാണു സുപ്രീം കോടതി വിധി പോലും ലംഘിച്ച് 130 അവിവാഹിതരുടെ നേതൃത്വത്തില്‍ ഒരു വഴിവെട്ടാന്‍ ഇറങ്ങിത്തിരിച്ചത്. രാപകല്‍ അധ്വാനിച്ചപ്പോള്‍ രണ്ടു വര്‍ഷം കൊണ്ട് ഒരു വഴി തുറന്നത് അവരുടെ ജീവിത്തിലേക്കും ഒറ്റപ്പെട്ടുപോയ ഗ്രാമത്തിലേക്കുമായിരുന്നു. ഇനി അവരുടെ കല്യാണമോഹങ്ങള്‍ കഠിനാധ്വാനം തെളിച്ച വഴിയിലൂടെ മലയിറങ്ങി വരും.

വന്യജീവി സങ്കേതത്തിനടുത്തു നിയമം ലംഘിച്ചു വഴി വെട്ടിയതിന്റെ പേരില്‍ ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. പിഴയും ചുമത്തിയിട്ടുണ്ട്. ഇതിനു പുറമേ ചിലര്‍ക്കു ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്കൊരു പ്രശ്നമേയല്ലെന്നാണു ഗ്രാമത്തിലെ ചെറുപ്പക്കാര്‍ പറയുന്നത്. റോഡ് വെട്ടാന്‍ തങ്ങള്‍ക്കു ശക്തി തന്നതിനു ഗ്രാമത്തില്‍ പ്രത്യേക പ്രാര്‍ഥനകളും നടത്തി.

ബീഹാറിലെ കൈമൂര്‍ ജില്ലയിലെ ഗോത്രവര്‍ഗ ഗ്രാമത്തില്‍ ഒരു വഴിയില്ലാത്തതിന്റെ പേരില്‍ കല്യാണം മുടങ്ങി നില്‍ക്കുന്ന 130 യുവാക്കളാണ് ഈ ഗ്രാമത്തിലുണ്ടായിരുന്നത്. പാറ്റ്നയില്‍ നിന്നും 300 കിലോമീറ്റര്‍ ദൂരെയാണ് ഖാര്‍വാര്‍ ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന ബാര്‍വാന്‍ കാലാന്‍, ബാര്‍വാന്‍ ഖുര്‍ദ് എന്നീ ഇരട്ട ഗ്രാമങ്ങള്‍. 3000 ഗ്രാമവാസികളുള്ള ഗ്രാമം ഒരു റോഡില്ലാത്തതിന്റെ പേരില്‍ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. കല്യാണം നടക്കാത്ത ചെറുപ്പക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറി വന്നു. വെള്ളവും വെളിച്ചവും കറന്റും ടെലഫോണുമില്ലാത്ത ഗ്രാമത്തിലേക്കു തങ്ങളുടെ പെണ്‍കുട്ടികളെ കല്യാണം കഴിച്ചയയ്ക്കാന്‍ അയല്‍ ഗ്രാമത്തിലുള്ളവര്‍ തയാറായിരുന്നില്ല. ഇവിടെ നിന്നും ഏറ്റവും അടുത്ത ടൌണിലേക്ക് അഞ്ചു കിലോമീറ്ററിലേറെ ദൂരമുണ്ട്. വെള്ളമെടുക്കാനും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും ഏറെ ദുര്‍ഘടം പിടിച്ച വഴികളിലൂടെ ഗ്രാമവാസികള്‍ക്കു ദീര്‍ഘദൂരം സഞ്ചരിക്കേണ്ടിയിരുന്നു.


കഴിഞ്ഞ ആഴ്ചയാണ് ഇരു ഗ്രാമങ്ങള്‍ക്കുമിടയിലുള്ള റോഡിന്റെ ഉദ്ഘാടനവും നടന്നത്. ഒരു റോഡിനായി ഏറെക്കാലും സര്‍ക്കാരിനു നിരവധി പരാതികള്‍ അയച്ചെങ്കിലും ഒരു പരിഹാരവും ഉണ്ടായിരുന്നില്ല. വന്യജീവി സങ്കേതത്തിനടുത്ത പ്രദേശമായതിനാല്‍ സ്ഥലത്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് അവിവാഹിതരായി ശിഷ്ടകാലം ജീവിക്കേണ്ടി വരുമെന്ന ആശങ്ക പരിഹരിക്കാന്‍ പണിയായുധങ്ങളുമേന്തി അവര്‍ റോഡു പണിക്കിറങ്ങിയത്. പരാമ്പരാഗതമായി പണിയായുധങ്ങള്‍ മാത്രമുപയോഗിച്ചാണ് ഇവര്‍ മലതുരുന്ന് റോഡ് നിര്‍മിച്ചത്. ഇപ്പോള്‍ ഗ്രാമത്തിലേക്കു മോട്ടോര്‍ സൈക്കി ളും ട്രാക്ടറും ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കു സുഗമമായി കടന്നു വരാം. കല്യാണ ഘോഷയാത്രകള്‍ക്കും കടന്നു വരാമെന്നു സന്തോഷ് ഖാര്‍വാര്‍ എന്ന ഭാവി വരന്‍ സന്തോഷം പ്രകടിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.