കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ കേസ് : രണ്ടു പ്രതികളെ റിമാന്‍ഡ് ചെയ്തു; സിബിഐ അന്വേഷിക്കില്ല
Saturday, March 28, 2015 12:05 AM IST
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ റാണാഘട്ടില്‍ വയോധികയായ കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ കേസ് സിബിഐ അന്വേഷിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു.

സംഭവത്തിന്റെ ഗൌരവം കണക്കിലെടുത്തും പ്രതികളില്‍ രാജ്യത്തിനു പുറത്തുള്ളവര്‍ ഉണ്ടായേക്കുമെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ലഭ്യമാക്കാമെന്നു മമത ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കത്ത് ലഭിച്ചെങ്കിലും അതു നിരസിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് ഇന്നലെ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്നു സംസ്ഥാന ഗവണ്‍മെന്റ് സിഐഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച മുംബൈയില്‍ നിന്ന് ബംഗ്ളാദേശ് സ്വദേശികളായ സലീം എന്ന മുഹമ്മദ് സലിം ഷേഖിനെ(44)യും ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്നു കൂട്ടാളിയായ ഗോപാല്‍ സര്‍ക്കാറിനെ(30)യും പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. മൊബൈല്‍ സിഗ്നല്‍ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിലാണ് സലിം പോലീസ് വലയില്‍ കുടുങ്ങിയത്. കോല്‍ക്കത്തയില്‍നിന്നു മുംബൈ പോലീസിനു നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മത്സ്യവില്പനക്കാരന്റെ വേഷത്തില്‍ നടന്ന ഇയാളെ തന്ത്രപരമായി കസ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്. അന്വേഷണ സംഘം രണ്ടു ദിവസം മുമ്പ് മുംബൈ പോലീസിന് ഒരു സെല്‍ ഫോണിന്റെ നമ്പര്‍ കൈമാറി. മൊബൈല്‍ സിഗ്നലുകളും ബന്ധപ്പെട്ട ടവറും കൃത്യമായി മനസിലാക്കിയ പോലീസ് വിവരം കോല്‍ക്കത്തയിലെ സിഐഡിക്കു നല്‍കുകയും ഉടന്‍തന്നെ അവര്‍ എത്തി സലിമിനെ അറസ്റ് ചെയ്യുകയുമായിരുന്നു. അക്രമിസംഘത്തില്‍പ്പെട്ട നാലു പേരുടെ ചിത്രങ്ങള്‍ കോണ്‍വെന്റിലെ സിസിടിവിയില്‍ തെളിഞ്ഞിരുന്നു. വയോധികയെ കൂട്ടമാനഭംഗം ചെയ്ത ശേഷം വിലപിടിപ്പുള്ള ഉപകരണങ്ങള്‍ തകര്‍ക്കുകയും ലോക്കറില്‍ സ്കൂളിന്റെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ അപഹരി ക്കുകയും ചെയ്തു. അര്‍ധരാത്രിക്കു ശേഷം മഠത്തില്‍ അതിക്രമിച്ചുകടന്ന സംഘം വെളുപ്പിനു നാലുമണിക്കാണ് ഇറങ്ങിപ്പോയത്. പിടികിട്ടാനുള്ള ബാക്കി ആറു പ്രതികള്‍ ബംഗ്ളാദേശിലേ ക്കു കടന്നതായാണു സൂചന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.