ഭീഷണികള്‍ വിലപ്പോവില്ലെന്നു മോദി
ഭീഷണികള്‍ വിലപ്പോവില്ലെന്നു മോദി
Wednesday, March 4, 2015 11:51 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഭീഷണികള്‍ ജനാധിപത്യത്തില്‍ വിലപ്പോവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥക്കാലത്തു പോലും രാജ്യം തലകുനിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. രാജ്യസഭയില്‍ രാഷ്ട്രപ തിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

ജമ്മുകാഷ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷ ബഹളത്തിനിടെയാണു മോദി പ്രസംഗം തുടര്‍ന്നത്. തങ്ങള്‍ ഒരാളുടെയും പരാമര്‍ശങ്ങളെ പിന്തുടരില്ലെന്നു രാജ്യത്തെ 125 കോടി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്. ഭീകരതയുടെ നേരേ ഒരുതരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയാറാകില്ലെന്നും മോ ദി വ്യക്തമാക്കി. കാഷ്മീരില്‍ തെരഞ്ഞെടുപ്പു ജയിക്കാനുള്ള സാഹചര്യം ഒരുക്കിയതു ജനങ്ങളാണെന്നും മോദി പറഞ്ഞു.

ഇതു സംസ്ഥാനങ്ങള്‍ക്കു പ്രാതിനിധ്യമുള്ള ഇടമാണ്. ഇവിടെ രാഷ്ട്രീയ കക്ഷികളേക്കാള്‍ പ്രാധാന്യം സംസ്ഥാനങ്ങള്‍ക്കാണ്. സര്‍ക്കാരിനു മാത്രമായി രാജ്യത്തെ മുന്നോട്ടു നയിക്കാനാവില്ല. ജനങ്ങളാണു രാജ്യത്തെ മുന്നോട്ടു നയിക്കുന്നതെന്നും മോദി പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായപ്പോള്‍ താന്‍ പാര്‍ലമെന്റില്‍ പുതുമുഖമാണെന്നും തന്നെ രക്ഷിക്കണമെന്നും മോദി രാജ്യ സഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയോട് അഭ്യര്‍ഥിച്ചതു സഭയില്‍ ചിരി പടര്‍ത്തി. എല്ലാ സര്‍ക്കാരും എല്ലാ പ്രധാനമന്ത്രിമാരും ഈ രാജ്യത്തെ മുന്നോട്ടു നയിച്ചിട്ടുണ്െടന്ന് ചെങ്കോട്ടയില്‍ നിന്നു താന്‍ പറഞ്ഞിട്ടുള്ളതാണ്.

ഒരു പ്രതിപക്ഷ പാര്‍ട്ടിയെയും തങ്ങള്‍ കള്ളപ്പണത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ഭീഷണികളെ ഏറെ നേരിട്ടുള്ള വ്യക്തിയാണു താനെന്നും മോദി ചൂണ്ടിക്കാട്ടി. വാജ്പേയി സര്‍ക്കാരിന്റെ പല നയങ്ങളും നിലനിര്‍ത്തിയ യുപിഎ സര്‍ക്കാര്‍ ചെറിയ വ്യത്യാസങ്ങളോടെ പല നയങ്ങളും തുടര്‍ന്നിരുന്നതായും മോദി പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ നയങ്ങളെ പേരുമാറ്റി അവതരിപ്പിക്കുയാണു കേന്ദ്ര സര്‍ക്കാര്‍ എന്ന ആരോപണങ്ങള്‍ക്കു മറുപടിയായിരുന്നു ഇത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി, സര്‍വശിക്ഷാ അഭിയാന്‍, പെന്‍ഷന്‍ പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളുടെ പേരുകള്‍ വായിച്ച മോദി പദ്ധതികള്‍ പുതിയതോ പഴയതോ എന്നതല്ല പഴയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളാണ് ആവശ്യമെന്നും വ്യക്തമാക്കി.


കോര്‍പറേറ്റുകളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ളതാണു കേന്ദ്ര ബജറ്റെന്ന ആരോപണങ്ങള്‍ക്കും പ്രധാനമന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കി. സ്കൂളുകളില്‍ ശുചിത്വ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ജന്‍ധാന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതും കോര്‍പറേറ്റുകള്‍ക്കുവേണ്ടി ആയിരുന്നോ എന്നായിരുന്നു പ്രധാനമന്ത്രി ഉന്നയിച്ച ചോദ്യം.

ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു നേരേ വിമര്‍ശനമുന്നയിച്ച മോ ദി, പശ്ചിമബംഗാളിനു വേണ്ടി ഇടതു പാര്‍ട്ടികള്‍ എന്താണു ചെയ്തിട്ടുള്ളതെന്നും ചോദിച്ചു.

ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണെന്നു ഗുലാം നബിയും ആനന്ദ് ശര്‍മയും ഉന്നയിച്ച ആരോപണങ്ങള്‍ക്കും മോദി മറുപടി നല്‍കി. 2004ല്‍ കാബിനറ്റ് സെക്രട്ടറിയെ മാറ്റി. സീനിയോറിറ്റി പരിഗണിക്കാതെ വിദേശകാര്യ സെക്രട്ടറിയെ മാറ്റി.

നീതിയിലൂടെയും രീതിയിലൂടെയുമാണു വികസനം കൈവരുന്നതെന്നും മോദി പറഞ്ഞു. ബിജെപിക്കെതിരായ ആരോപണങ്ങളോടു പ്രതികരിച്ച പ്രധാനമന്ത്രി ലേ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ അരുണാചല്‍ പ്രദേശ് വരെയും വ്യാപിച്ചുകിടക്കുന്ന പാര്‍ട്ടിയാണു ബിജെപിയെന്നും ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ ഗോവ മുതല്‍ സിക്കുകാര്‍ ഏറെയുള്ള പഞ്ചാബില്‍ വരെ ഭരണം നടത്തുന്ന പാര്‍ട്ടിയാണെന്നും ചൂണ്ടിക്കാട്ടി.

ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിനെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാണരുത്. ബില്ലില്‍ നഷ്ടപരിഹാരം സംബന്ധിക്കുന്ന ഭാഗത്തേക്കു സര്‍ക്കാര്‍ കടന്നിട്ടില്ല. നിയമം നിലനില്‍ക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി നിയമത്തില്‍ കുറവുള്ള കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.