ഖനി നിയന്ത്രണ ഭേദഗതി ബില്‍ രാജ്യത്തെ വില്‍ക്കാനുള്ളതെന്ന് എ. സമ്പത്ത്
Wednesday, March 4, 2015 12:01 AM IST
ന്യൂഡല്‍ഹി: ഖനനവും ഖനികളും നിയന്ത്രിക്കുന്നതിനുള്ള ഭേദഗതി ബില്‍ രാജ്യത്തെ വിറ്റു കാശാക്കാനുള്ള നിയമനിര്‍മാണങ്ങളില്‍ ഒന്നാണെന്ന് ഡോ. എ. സമ്പത്ത് എംപി. ഈ ബില്‍ നിയമമാകുന്നതോടെ രാജ്യത്തെ ഖനികള്‍ 50 വര്‍ഷത്തേക്കു തുടര്‍ച്ചയായി ചൂഷണം ചെയ്യാനുള്ള അനുവാദമാണു ബിജെപി സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്കു നല്‍കുന്നതെന്നും അദ്ദേഹം ലോക്സഭയില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഖനികളില്‍ അക്ഷരാര്‍ഥത്തില്‍ കൊള്ളയടിയാണു നടക്കുന്നതെന്നും എംപി ആരോപിച്ചു. സംസ്ഥാനങ്ങള്‍ക്കു ലഭിക്കേണ്ട വിഹിതം പോലും ഖനിമാഫിയകള്‍ തട്ടിയെടുക്കുകയാണ്. ഈ നിയമത്തിലെ വകുപ്പുകളുടെ ലംഘനത്തിനുള്ള പരമാവധി ശിക്ഷ രണ്ടു വര്‍ഷവും അഞ്ചു ലക്ഷം രൂപയും എന്നത് 10 വര്‍ഷവും 50 ലക്ഷവുമാക്കി ഉയര്‍ത്തണമെന്നും സമ്പത്ത് ആവശ്യപ്പെട്ടു.


സീഷല്‍സില്‍ തടവില്‍ കഴിയുന്ന 21 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ എട്ടു മലയാളികളും 13 തമിഴ്നാടു സ്വദേശികളുമാണു സീഷല്‍സില്‍ തടവില്‍ കഴിയുന്നത്. ഇവരുടെ ബോട്ടുകള്‍ സീഷല്‍സില്‍ അധികൃതര്‍ നിര്‍ബന്ധിതമായി നങ്കൂരമിടീച്ച് പ്രാഥമിക ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ അനുവദിക്കാതെ തടവില്‍ വെച്ചിരിക്കുകയാണെന്നാണു കുടുംബാംഗങ്ങള്‍ക്കു ലഭിച്ചിട്ടുള്ള വിവരം. ഇവരെ അടിയന്തരമായി മോചിപ്പിച്ചു നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനു നല്‍കിയ നിവേദനത്തില്‍ സമ്പത്ത് അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.