കോണ്‍ഗ്രസില്‍ അഴിച്ചുപണി തുടങ്ങി
Tuesday, March 3, 2015 12:02 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലുള്ള അഴിച്ചുപണിയുടെ ഭാഗമായി എഐസിസി, പിസിസി തലപ്പത്തു കോണ്‍ഗ്രസ് അഴിച്ചുപണി തുടങ്ങി. കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ഗാന്ധിയെ യും നിയമിക്കാനും ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക വധേരയെയും നിയമിക്കാന്‍ പാര്‍ട്ടിയില്‍ ഓരോ വിഭാഗങ്ങള്‍ കരുനീക്കുന്നതിനിടെ, കോണ്‍ഗ്രസിന് ആറു പുതിയ സംസ്ഥാന അധ്യക്ഷന്‍മാരെ പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധി നിയമിച്ചു.

എഐസിസിയിലെ വന്‍ അഴിച്ചുപണിക്കു മുന്നോടിയായാണു പുതിയ സംസ്ഥാന അധ്യക്ഷന്മാരുടെ നിയമനം. കോണ്‍ഗ്രസിനു നഷ്ടമായ അടിത്തറ വീണ്െടടുക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ താത്പര്യം പുതിയ നിയമനങ്ങളില്‍ വ്യക്തമാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ മുദ്ര വ്യക്തമായ നിയമനങ്ങള്‍ നടന്നത് രാഹുല്‍ ധ്യാന’ത്തിനായി അവധിയില്‍ പോയ സമയത്താണെന്നതും ശ്രദ്ധേയമായി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ നിയമിച്ചുവെന്നാണു സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അറിയിച്ചത്.

ഡല്‍ഹി, മഹാരാഷ്ട്ര, ജമ്മു കാഷ്മീര്‍, ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളിലും മും ബൈ മേഖലാ കമ്മിറ്റിയിലുമാണു പുതിയ അധ്യക്ഷന്‍മാരെ നിയമിച്ചത്. ഡല്‍ഹിയില്‍ അജയ് മാക്കനാണു പുതിയ പിസിസി അധ്യക്ഷന്‍. മഹാരാഷ്ട്രയില്‍ അശോക് ചവാന്‍, ജമ്മു കാഷ്മീരില്‍ ഗുലാം അഹമ്മദ് മിര്‍, ഗുജറാത്തില്‍ ഭരത്സിംഗ് സോളങ്കി, തെലുങ്കാനയില്‍ ഉത്തം റെഡ്ഡി എന്നിവരാണു പുതിയ പിസിസി പ്രസിഡന്റുമാര്‍. എഐസിസി സെക്രട്ടറി സഞ്ജയ് നിരുപമിനെ മുംബൈ റീജണല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുത്തു. പഞ്ചാബില്‍ ഇടഞ്ഞുനില്‍ക്കുന്ന മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ വിശ്വസ്തനായ ലാല്‍ സിംഗിനെ പിസിസി പ്രസിഡന്റായി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. അമരീന്ദറിനു പാര്‍ട്ടിയില്‍ പ്രധാന്യം നല്‍കി അനുനയിപ്പിക്കുകയാണു ലക്ഷ്യം. മഹാരാഷ്ട്രയില്‍ രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന അശോക് ചവാനെ മണിക് റാവു താക്കറെയ്ക്കു പകരമായാണു നിയമിച്ചത്.


കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ എസ്.ബി. ചവാ ന്റെ മകനാണു നാന്ദെഡില്‍നിന്നുള്ള ലോക്സഭാംഗമായ അശോക് ചവാന്‍.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രചാരണത്തെ നയിച്ചു തോറ്റ മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കനാണ് പുതിയ സംസ്ഥാന അധ്യക്ഷന്‍. ഡല്‍ഹിയിലെ പിസിസി പ്രസിഡന്റായിരുന്ന അരവിന്ദര്‍ സിംഗ് ലൌവ്ലി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാക്കനുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. ഒരു വര്‍ഷം മുമ്പാണു ലൌവിലിയെ പിസിസി പ്രസിഡന്റാക്കിയത്.

ഗുജറാത്തില്‍ അര്‍ജുന്‍ മോദ്വാധിയയ്ക്കു പകരമാണു മുന്‍ കേന്ദ്രമന്ത്രിയായ ഭരത് സോളങ്കി പിസിസി അധ്യക്ഷനായത്. 2006 മുതല്‍ 2008വരെ പിസിസി അധ്യക്ഷനായിരുന്ന ഇദ്ദേഹം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മാധവ് സിംഗ് സോളങ്കിയുടെ മകനുമാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയെത്തുടര്‍ന്ന് അര്‍ജുന്‍ മോദ്വാദിയ രാജിവച്ചിരുന്നു.

തെലുങ്കാന പിസിസി അധ്യക്ഷനായി നിയമിതനായ ഉത്തം റെഡ്ഡി ആന്ധ്രയില്‍ മുന്‍ മന്ത്രിയും മുന്‍ വ്യോമസേനാ പൈലറ്റുമാണ്. ഒരു വര്‍ഷമായി സംസ്ഥാനത്തെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മാത്രം നിയമിതനായ പി. ലക്ഷ്മയ്യയ്ക്കാണു കസേര നഷ്ടമായത്. തെലുങ്കാനയില്‍ കോണ്‍ഗ്രസിനേറ്റ പരാജയമാണു ലക്ഷ്മയ്യയ്ക്കു തിരിച്ചടിയായത്.

ജമ്മു കാഷ്മീരില്‍ ഗുലാം അഹമ്മദ് മിര്‍ ആണു പുതിയ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ്. സൈഫുദീന്‍ സോസിനു പകരക്കാരനായാണു മിറിന്റെ നിയമനം. മുംബൈ മേഖലാ കോണ്‍ഗ്രസ് സമിതി അധ്യക്ഷനായി നിയമിതനായ സഞ്ജയ് നിരുപമും രാഹുലിന്റെ അടുത്തയാളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.