സാമൂഹ്യസുരക്ഷാ പദ്ധതികള്‍: ആര്‍ക്കു ചേരാം? എന്തു ലഭിക്കും?
സാമൂഹ്യസുരക്ഷാ പദ്ധതികള്‍: ആര്‍ക്കു ചേരാം? എന്തു ലഭിക്കും?
Tuesday, March 3, 2015 12:14 AM IST
കേന്ദ്രബജറ്റില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ച മൂന്നു സാമൂഹ്യസുരക്ഷാ പദ്ധതികളുടെ വിശദാംശങ്ങള്‍ കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ടു. അസംഘടിത മേഖലയിലെ തൊഴിലാളികളെയും ദരിദ്രരെയും ദുര്‍ബലവിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ളതാണു പദ്ധതികള്‍. എങ്കിലും നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും ചേരാം.

പ്രധാനമന്ത്രി സുരക്ഷ ബീമ യോജ
അപകടമരണം നേരിടുന്ന സാഹചര്യത്തില്‍ ആശ്രിതര്‍ക്കു രണ്ടു ലക്ഷം രൂപ വരെ കിട്ടുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി.

ആര്‍ക്കു ചേരാം: 18നും 70നും ഇടയില്‍ പ്രായവും ബാങ്ക് അക്കൌണ്ടും ഉള്ള ആര്‍ക്കും ചേരാം.

പ്രീമിയം: വര്‍ഷം 12 രൂപ.

പ്രീമിയം അടയ്ക്കുന്ന രീതി: അപേക്ഷകന്റെ ബാങ്ക് അക്കൌണ്ടില്‍നിന്നു കിഴിക്കും. മറ്റു രീതിയിലൊന്നും പ്രീമിയം സ്വീകരിക്കില്ല.

ലഭിക്കുന്നത്: അപകടത്തില്‍ മരണമോ സമ്പൂര്‍ണ അയോഗ്യതയോ സംഭവിച്ചാല്‍ രണ്ടുലക്ഷം രൂപ. ഭാഗിക അയോഗ്യതയ്ക്ക് ഒരുലക്ഷം രൂപ.

ചേരുന്നതിന്: എല്ലാവര്‍ഷവും ജൂണ്‍ ഒന്നിനു മുമ്പ് ബാങ്കില്‍ ഇതിനുള്ള ഫോറം പൂരിപ്പിച്ചു നല്‍കണം. നോമിനിയെ നിര്‍ദേശിക്കാം. ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൌണ്ട് ആയിരിക്കണം.

വ്യവസ്ഥകള്‍: ഓരോ വര്‍ഷവും അപേക്ഷിക്കണം. ദീര്‍ഘകാലത്തേക്ക് ഒരുമിച്ച് അപേക്ഷിക്കാനുള്ള ഓപ്ഷനും ലഭിക്കും. അപ്പോള്‍ ഓരോ വര്‍ഷവും അക്കൌണ്ടില്‍നിന്നു തുക കിഴിക്കും.

ഇന്‍ഷ്വറന്‍സ് നടത്തിപ്പുകാര്‍: പൊതുമേഖലയിലെ നാലു ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനികളും ബാങ്കുകളുമായി ചേര്‍ന്ന് ഇതു നടത്താന്‍ താത്പര്യമുള്ള മറ്റ് ഇന്‍ഷ്വറന്‍സ് കമ്പനികളും.

പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമ യോജ
ഏതു കാരണത്താല്‍ മരിച്ചാലും രണ്ടുലക്ഷം രൂപയുടെ നഷ്ടപരിഹാരം ലഭിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ് സ്കീം.

ആര്‍ക്കു ചേരാം: 18 മുതല്‍ 50 വയസുവരെ പ്രായവും ബാങ്ക് അക്കൌണ്ടും ഉള്ള ആര്‍ക്കും. 50 വയസിനു മുമ്പ് ചേരുന്നവര്‍ക്ക് 50 വയസിനു ശേഷവും പ്രീമിയം അടച്ചാല്‍ 55 വയസുവരെ ഇന്‍ഷ്വറന്‍സ് സംരക്ഷണം ലഭിക്കും.

പ്രീമിയം: വര്‍ഷം 330 രൂപ. ബാങ്ക് അക്കൌണ്ടില്‍നിന്ന് പ്രീമിയം തുക ഒറ്റത്തവണയായി കിഴിക്കും.


പ്രീമിയം അടയ്ക്കുന്ന രീതി: അപേക്ഷകന്റെ ബാങ്ക് അക്കൌണ്ടില്‍നിന്ന് പ്രീമിയം തുക കിഴിക്കും.

ലഭിക്കുന്നത്: മരിച്ചാല്‍ രണ്ടുലക്ഷം രൂപ. അപകടമരണമോ സ്വാഭാവിക മരണമോ മറ്റേതെങ്കിലും കാരണത്താലുള്ള മരണമോ ആകാം.

വ്യവസ്ഥകള്‍: എല്ലാവര്‍ഷവും അപേക്ഷ നല്‍കണം. ദീര്‍ഘകാല അപേക്ഷയും നല്‍കാം. അപ്പോള്‍ ഓരോ വര്‍ഷവും പ്രീമിയം അക്കൌണ്ടില്‍നിന്നു കിഴിക്കും.

നടത്തിപ്പുകാര്‍: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷനും ബാങ്കുകളുമായി ചേര്‍ന്ന് ഇതു നടത്താന്‍ താത്പര്യമുള്ള മറ്റ് ഇന്‍ഷ്വറന്‍സ് കമ്പനികളും.

അടല്‍ പെന്‍ഷന്‍ യോജ
സര്‍ക്കാരിന്റെ ഏതെങ്കിലും സോഷ്യല്‍ സെക്യൂരിറ്റി പദ്ധതികളില്‍ ഇല്ലാത്തവരും ന്യൂ പെന്‍ഷന്‍ സ്കീമില്‍ ചേരുന്നവരുമായ ആള്‍ക്കാര്‍ക്ക് വാര്‍ധക്യത്തില്‍ ആശ്വാസം നല്‍കുന്ന പദ്ധതിയാണിത്. 2010-11 ല്‍ അവതരിപ്പിച്ച സ്വാവലംബന്‍ പദ്ധതിയുടെ വിപുലമായ പതിപ്പാണിത്. ജൂണ്‍ ഒന്നിന് ഇതു പ്രവര്‍ത്തനമാരംഭിക്കും.

1. 60 വയസിലാണ് ആനുകൂല്യം കിട്ടിത്തുടങ്ങുക. ചേരുന്ന പ്രായമനുസരിച്ച് അടയ്ക്കേണ്ട തുകയും ലഭിക്കുന്ന തുകയും മാറും.

2. ആയിരം രൂപ മുതല്‍ 5000 രൂപവരെയാണ് ഇപ്പോള്‍ പദ്ധതിയില്‍ ഓഫര്‍ ചെയ്യുന്ന പെന്‍ഷന്‍. അടയ്ക്കുന്ന തുകയനുസരിച്ചാണ് പെന്‍ഷന്‍ തുക.

ചേരുന്ന പ്രായം: കുറഞ്ഞത് 18 വയസ്, കൂടിയത് 40 വയസ്. കുറഞ്ഞത് 20 വര്‍ഷം വരിസംഖ്യ അടയ്ക്കണം.

ലഭിക്കുന്നത്: നിശ്ചിത പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ ഗാരന്റി ചെയ്യുന്നു. വരിക്കാര്‍ അടയ്ക്കുന്ന തുകയുടെ പകുതിയോ പ്രതിവര്‍ഷം ആയിരം രൂപയോ ഏതാണോ കുറവ് അത് കേന്ദ്രം നല്‍കും. അഞ്ചുവര്‍ഷത്തേക്കാണ് കേന്ദ്രവിഹിതം നല്‍കുക. ഈ ഡിസംബര്‍ 31നു മുമ്പ് എന്‍പിഎസില്‍ (ന്യൂ പെന്‍ഷന്‍ സ്കീം) ചേരുന്നവര്‍ക്ക് 2015-16 മുതല്‍ 2019-20 വരെയാണു കേന്ദ്രത്തിന്റെ ഈ വിഹിതം. സ്വാവലംബന്‍ സ്കീമില്‍ ചേര്‍ന്നവര്‍ ഈ പദ്ധതിയിലേക്കു സ്വമേധയാ മാറ്റപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.