ഒന്നും ചെലവാക്കാത്ത നിര്‍ഭയയ്ക്കു പിന്നെയും 1000 കോടി
Sunday, March 1, 2015 12:36 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വനിതാ സുരക്ഷയെക്കുറിച്ചു കാര്യമായൊന്നും പറയാതിരുന്ന കേന്ദ്രബജറ്റില്‍ ഇതു വരെ ഒരു രൂപ പോലും ചെലവഴിക്കാത്ത നിര്‍ഭയ പദ്ധതിക്കു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി 1000 കോടി രൂപ വീണ്ടും അനുവദിച്ചു. യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച നിര്‍ഭയ പദ്ധതിക്കു കഴിഞ്ഞ രണ്ടു വര്‍ഷമായി അനുവദിച്ച 2000 കോടി രൂപയില്‍ ഒരു രൂപപോലും ഇതു വരെ ചെലവഴിച്ചിട്ടില്ല.

മാനഭംഗത്തിനിരയാകുന്ന സ്്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനുള്ള നിര്‍ഭയ പദ്ധതി സാമ്പത്തികബാധ്യത ഭയന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിയൊതുക്കിയതിനു പിന്നാലെയാണു ഇപ്പോള്‍ നിര്‍ജീവമായിക്കിടക്കുന്ന പദ്ധതിയിലേക്കു വീണ്ടും തുക വകയിരുത്തിയിരിക്കുന്നത്. നിര്‍ഭയ കേന്ദ്രങ്ങള്‍ക്കായുള്ള ഫണ്ട് 244.48 കോടിയില്‍നിന്നു 18 കോടി രൂപയാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിക്കുറച്ചിരുന്നു.

2012 ഡിസംബര്‍ 16നു ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും തുടര്‍ന്നു മരണപ്പെടുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണു കേന്ദ്ര സര്‍ക്കാര്‍ നിര്‍ഭയ പദ്ധതി ആരംഭിച്ചത്.


രാജ്യത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും മെട്രോ നഗരങ്ങളിലുമായി 660 നിര്‍ഭയ കേന്ദ്രങ്ങള്‍ ആരംഭിക്കുകയായിരുന്നു ലക്ഷ്യം. ഓഫീസുകള്‍ ആരംഭിക്കുന്നതിനായി 36.98 ലക്ഷം രൂപവീതം ഓരോ കേന്ദ്രത്തിനും മാറ്റിവയ്ക്കാനും തീരുമാനിച്ചിരുന്നു.

എന്നാല്‍, എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 36 നിര്‍ഭയ കേന്ദ്രങ്ങള്‍ മാത്രം മതിയെന്നാണു പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റിലും സ്ത്രീസുരക്ഷയ്ക്കായി ട്രെയിനുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ഭയ ഫണ്ടില്‍ നിന്നും തുക വകയിരുത്തുമെന്നാണു ചൂണ്ടിക്കാട്ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.