57,000 കോടിയുടെ പദ്ധതികള്‍ക്കു കേന്ദ്രവിഹിതം ഇല്ലാതാക്കി
Sunday, March 1, 2015 12:39 AM IST
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ നികുതി വിഹിതം നല്‍കിയ 14-ാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കുറേ കേന്ദ്രപദ്ധതികള്‍ക്കു കേന്ദ്രത്തില്‍നിന്നു വിഹിതം നല്‍കുന്നതു നിര്‍ത്തിവച്ചു. വേറേ കുറേ പദ്ധതികള്‍ക്കു കേന്ദ്രവിഹിതം കുറച്ചു. മൊത്തം 56,885 കോടിയുടെ സഹായവും വിഹിതവുമുള്ള പദ്ധതികളും പരിപാടികളും നിര്‍ത്തി.

നിര്‍ത്തലാക്കുന്ന പദ്ധതികളും ഇക്കൊല്ലം അവയ്ക്കു ചെലവാ കുന്ന തുകയും (കോടി രൂപ)

1. നാഷണല്‍ ഇ ഗവേണന്‍സ് ആക്ഷന്‍ പ്ളാന്‍ (464)
2. പോലീസ് നവീകരണത്തിനുള്ള ദേശീയ പദ്ധതി (1423.20)
3. ബ്ളോക്ക് തലത്തില്‍ 6000 മികവുറ്റ മോഡല്‍ സ്കൂളുകള്‍ ഉണ്ടാക്കല്‍ (1020.99)
4. കയറ്റുമതി സൌകര്യങ്ങള്‍ കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസഹായം (564.84)
5. ടൂറിസം അടിസ്ഥാന സൌകര്യം (495)
6. പിന്നോക്ക മേഖല ഗ്രാന്റ് (3450)

ഇവയ്ക്കെല്ലാം കൂടി 7428 കോടി രൂപ സംസ്ഥാനങ്ങള്‍ക്കു ലഭിച്ചിരുന്നതാണ് ഏപ്രിലോടെ നിലയ്ക്കുന്നത്. ഈ പരിപാടികള്‍ ഇനി സംസ്ഥാനങ്ങള്‍ക്കു പണമുണ്െടങ്കില്‍ തുടരാം.

നിര്‍ത്തലാക്കുന്ന കേന്ദ്രസഹായങ്ങള്‍

ആറിനം കേന്ദ്രസഹായ പരിപാടികളും ഇതോടൊപ്പം നിര്‍ത്തലാക്കും. മൊത്തം 49,467 കോടി രൂപ ഇക്കൊല്ലം ഈ പദ്ധതികളുടെ പേരില്‍ സംസ്ഥാനങ്ങള്‍ക്കു കിട്ടുന്നതാണ്. കേന്ദ്രത്തിന് ഏകദേശം ആയിരം കോടി രൂപ ഈയിനങ്ങളില്‍ ലഭിക്കുമായിരുന്നു.

1. സാധാരണ കേന്ദ്രസഹായം (26,814 കോടി രൂപ)
2. അധിക കേന്ദ്രസഹായം (1,780)
3. പ്രത്യേക കേന്ദ്രസഹായം (10,150)
4. മലമേഖലയ്ക്കു പ്രത്യേക സഹായം (220)
5. പ്രത്യേക പദ്ധതിസഹായം (7,666)
6. പിന്നോക്കപ്രദേശ ഗ്രാന്റുകള്‍ (2,837)

കേന്ദ്രവിഹിതം വെട്ടിക്കുറച്ചവ

മറ്റു കുറേ പ്രധാന പദ്ധതികളിലെ കേന്ദ്രസഹായത്തിന്റെ അനുപാതം വെട്ടിക്കുറച്ചു. ഇന്റര്‍ഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സ്കീം (ഐസിഡിഎസ്) ആണ് ഇതില്‍ പ്രധാനം. ഗര്‍ഭിണികള്‍ക്കും ചെറിയ കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സഹായം നല്‍കിയിരുന്നതാണു പദ്ധതി. ഇതിന് ഇക്കൊല്ലം 16,316 രൂപ കേന്ദ്രം നല്‍കുന്നുണ്ട്. അടുത്തവര്‍ഷം 8,000 കോടിയേ നല്‍കൂ.


കേരളത്തിലും മറ്റും വിപുലമായി നടത്തുന്ന ഐസിഡിഎസ് ശരിയായി നടക്കണമെങ്കില്‍ കുറച്ച കേന്ദ്രവിഹിതത്തിന്റെ സ്ഥാനത്തു സംസ്ഥാനം പണം മുടക്കണം.

സ്വച്ഛ് ഭാരത് അഭിയാന്റെ വിഹിതവും പകുതിയാക്കി. കുടിവെള്ളവും ശുചീകരണവും അടക്കം ഈ പദ്ധതിക്ക് ഇക്കൊല്ലം നല്‍കിയത് 11,938.5 കോടി. അടുത്തവര്‍ഷം കേന്ദ്രം 6,000 കോടിയേ നല്‍കൂ. ബാക്കി സംസ്ഥാനങ്ങള്‍ മുട ക്കണം.

വന്യജീവികളുടെ വാസമേഖല വികസിപ്പിക്കലും വനവത്കര ണവും പദ്ധതിയുടെ കേന്ദ്രസഹായം 545.62 കോടിയില്‍നിന്ന് 299.39 കോടിയായി കുറച്ചു. പ്രോജക്ട് ടൈഗറിനുള്ള തുക 161 കോടിയില്‍നിന്ന് 136.46 കോടിയായി കുറച്ചു.

എയിഡ്സും ലൈംഗിക രോഗങ്ങളും തടയാനുള്ള ദേശീയ പരിപാടിയുടെ വിഹിതവും 890.89 കോടിയില്‍നിന്ന് 500 കോടിയായി കുറച്ചു.

നാഷണല്‍ ലൈവ്ലിഹുഡ് മിഷന്റെ വിഹിതം 2,034.40 കോടിയില്‍നിന്ന് 1800 കോടിയായി കുറച്ചു.

കൃഷോന്നതി യോജനയില്‍പ്പെടുത്തിയ മൂന്നു പദ്ധതികള്‍ക്കുംകൂടി 14,173.81 കോടി രൂപ ഉണ്ടായിരുന്നത് 9000 കോടിയായി കുറച്ചു. രാഷ്ട്രീയ കൃഷിവികാസ് യോജനയിലാണു വലിയ കുറവ്. 8,444 ല്‍നിന്നു 4,500 കോടിയിലേക്ക്. ഭക്ഷ്യസുരക്ഷാ മിഷന്റെ തുക 1830 കോടിയില്‍നിന്ന് 1300 കോടിയായി കുറച്ചു. പ്രധാനമന്ത്രി കൃഷി സഞ്ചയ് യോജനയില്‍ ഉപപദ്ധതികള്‍ക്കു വിഹിതം മാറ്റി. ആക്സിലേറ്റഡ് ഇറിഗേഷന്‍ ബനഫിറ്റ് ആന്‍ഡ് ഫ്ളഡ് മാനേജ്മെന്റ് പ്രോഗ്രാമിനുണ്ടായിരുന്ന 3276.56 കോടി ആയിരം കോടിയായി താഴ്ത്തി. അതേസമയം, മൈക്രോ ഇറിഗേഷന്‍ പ്രോഗ്രാമിന്റെ തുക 30 കോടിയില്‍നിന്ന് 1800 കോടിയാക്കി.

ആയുര്‍വേദം, യൂനാനി, സിദ്ധ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ആയുഷ് പദ്ധതിയുടെ വിഹിതം 117 കോടിയില്‍നിന്ന് 300 കോടി യാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.