നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്
Saturday, February 28, 2015 12:09 AM IST
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ പ്രഥമ സമ്പൂര്‍ണ ബജറ്റ് ഇന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിക്കും. സാധാരണക്കാരെ പ്രീണിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ക്കൊപ്പം മേക്ക് ഇന്‍ ഇന്ത്യ പ്രചാരണം മുന്നോട്ടുകൊണ്ടുപോകാനുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നികുതിവര്‍ധനയ്ക്കോ നിക്ഷേപരിധി ഉയര്‍ത്തുന്നതിനോ സര്‍ക്കാര്‍ തയാറാകില്ലെന്നാണു വിലയിരുത്തപ്പെടുന്നത്. മേക്ക് ഇന്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കു നിക്ഷേപത്തിനും ബജറ്റില്‍ വഴിയൊരുക്കിയേക്കാം.

2014 ജൂലൈയില്‍ ബിജെപി സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിടിവും ആഗോളസമ്പദ്ഘടനയിലെ മാറ്റങ്ങളും അനുകൂലമായിട്ടും രാജ്യത്തെ സമ്പദ്ഘടന പ്രയാസങ്ങള്‍ നേരിടുന്നതാണു ധനമന്ത്രിയുടെ മുമ്പിലുള്ള പ്രധാന വെല്ലുവിളി. ക്രൂഡ്ഓയില്‍ വില ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ ഇറക്കുമതിച്ചെലവില്‍ 5000 കോടി ഡോളറിന്റെ കുറവുണ്ടാകും. ഇതു പ്രയോജനപ്പെടുത്താനാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.


കഴിഞ്ഞ ബജറ്റില്‍ ആദായനികുതി പരിധിയില്‍ ഇളവ് അനുവദിച്ചതിനാല്‍ ഇത്തവണ നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നേക്കും. അതേസമയം, പാചകവാതകം, വളം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി വെട്ടിക്കുറച്ചേക്കുമെന്നാണു ധനമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.