ഡല്‍ഹിയില്‍ ആം ആദ്മിക്കു പ്രത്യാശ, ബേദി ബിജെപിയെ ആപ്പിലാക്കും
ഡല്‍ഹിയില്‍ ആം ആദ്മിക്കു പ്രത്യാശ, ബേദി ബിജെപിയെ ആപ്പിലാക്കും
Thursday, January 29, 2015 12:16 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്ന ശക്തമായ വെല്ലുവിളികളെ മറികടന്നു കിരണ്‍ ബേദിയെ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടും തെരഞ്ഞെടുപ്പിനെ ഭീതിയോടെ നോക്കിക്കാണേണ്ട അവസ്ഥയിലാണു ഡല്‍ഹിയില്‍ ബിജെപി. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതുകൊണ്ടു ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കു കാര്യമായ നേട്ടങ്ങളുണ്ടാകില്ലെന്നാണു തെരഞ്ഞെടുപ്പിനു മുമ്പേ നടത്തിയ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കിരണ്‍ ബേദി ബിജെപിക്കുവേണ്ടി പുതിയ വോട്ടുകള്‍ പിടിക്കുമെന്നതില്‍ കാര്യമായ പ്രതീക്ഷ വേണ്െടന്നും സര്‍വേ ഫലത്തില്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ സര്‍വേ ഫലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ നാലു ശതമാനം വര്‍ധയുണ്ടായതായും കണ്െടത്തി. മുസ്ലിം, എസ്എസി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ വോട്ടുകള്‍ കേജരിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയിലേക്കൊഴുകുമെന്നാണ് എബിപി ന്യൂസും നീല്‍സണും നടത്തിയ സര്‍വേകളില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ആം ആദ്മി പാര്‍ട്ടിയുടെ വോട്ടു വിഹിതം നാലു ശതമാനം കൂടിയപ്പോള്‍ ബിജെപിയുടെ വോട്ടു വിഹിതം നാലു ശതമാനമായി കുറഞ്ഞിരിക്കുന്നതായാണു കാണിക്കുന്നത്. കഴിഞ്ഞ ജനുവരി 24, 25 തീയതികളില്‍ ഡല്‍ഹിയിലെ 70 മണ്ഡലങ്ങളിലും നടത്തിയ സര്‍വേയോടു 2,262 പേര്‍ പ്രതികരിച്ചതായാണു വിവരം. ഇതിനു പുറമേ, ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അരവിന്ദ് കേജരിവാള്‍ കിരണ്‍ ബേദിയേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുമെന്ന സര്‍വേ ഫലം കൂടി വന്നതോടെ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരായ നിലപാടുകള്‍ മയപ്പെടുത്തണമെന്നാവശ്യപ്പെട്ടതിനെത്തുടര്‍ന്നു കിരണ്‍ ബേദിയുമായുള്ള ബന്ധം രണ്ടു വര്‍ഷം മുമ്പ് ഉലഞ്ഞതാണെന്നു കേജരിവാള്‍. ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ കിരണ്‍ ബേദിക്കു പണ്േട കാവി ഭാഗത്തേയ്ക്കു ചായ്വ് ഉണ്ടായിരുന്നതായും കേജരിവാള്‍ ആരോപിച്ചു. രണ്ടു വര്‍ഷം മുമ്പു തൊട്ടു തന്നെ കിരണ്‍ ബേദി തന്റെ ഫോണ്‍ കോളുകള്‍ എടുക്കാതായെന്നും സന്ദേശങ്ങള്‍ക്കു മറുപടി അയയ്ക്കുന്നതു നിര്‍ത്തിയിരുന്നെന്നും കേജരിവാള്‍ ചൂണ്ടിക്കാട്ടി. ബിജെപി മുങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണു കിരണ്‍ ബേദി പാര്‍ട്ടിയിലേക്കു ചേക്കേറുന്നത്. ഇനി ആ പാര്‍ട്ടി മുങ്ങാനുള്ള പ്രധാന കാരണവും കിരണ്‍ ബേദി ആയിക്കൊള്ളുമെന്നും കേജരിവാള്‍ പറഞ്ഞു.

എന്നാല്‍, തനിക്കു ബിജെപി ചായ്വുണ്ടായിരുന്നെങ്കില്‍ എന്തിനാണ് ആം ആദ്മി പാര്‍ട്ടി മുമ്പു തനിക്കു മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തതെന്നായിരുന്നു കേജരിവാളിന്റെ ആരോപണങ്ങള്‍ക്കു കിരണ്‍ ബേദിയുടെ മറുപടി. കേജരിവാളിനോടു ബിജെപിക്കെതിരായ നടപടികള്‍ മയപ്പെടുത്തണമെന്നു കിരണ്‍ ബേദി മുമ്പ് ആവശ്യപ്പെട്ടിരുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസും ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ തനിക്കനുകൂലമായ തരംഗമുണ്െടന്നാണു കിരണ്‍ ബേദി ഇന്നലെ വ്യക്തമാക്കിയിരുന്നു.


എന്നാല്‍, കിരണ്‍ ബേദിക്കു വേണ്ടി പ്രചാരണ രംഗത്തിറങ്ങാന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കു മടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പുറമേ കൃഷ്ണ നഗറില്‍ പ്രചാരണത്തിനിടെ കിരണ്‍ ബേദി നടത്തുന്ന പ്രസ്താവനകളും ചില നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്.

കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അഞ്ചു തവണ എംഎല്‍എ ആയിരുന്ന മണ്ഡലത്തില്‍ പ്രാചരണത്തിനിടെ ഡോക്ടര്‍ സാബ് നിങ്ങളെ അഞ്ചു വര്‍ഷം സേവിച്ചു, ഇനി ഞാനാണു നിങ്ങളുടെ ഡോക്ടര്‍ എന്നു കിരണ്‍ ബേദി പറഞ്ഞതില്‍ ഹര്‍ഷവര്‍ധനു അസംതൃപ്തി ഉണ്ടാക്കിയെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡല്‍ഹിയില്‍ പ്രചാരണത്തിന്റെ ചുമതല കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കാണ്. നാലു തെരഞ്ഞെടുപ്പു റാലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.

പാര്‍ട്ടികകത്തു കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിലുള്ള അമര്‍ഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. കോണ്‍ഗ്രസ് ഇനിയുള്ള ദിവസങ്ങളില്‍ പ്രചാരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുകയാണ് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും. തെരഞ്ഞെടുപ്പു കമ്മീഷന്റെ ശക്തമായ താക്കീതുണ്ടായിട്ടും കേജരിവാള്‍ മറ്റു പാര്‍ട്ടികളില്‍ നിന്നു പണം വാങ്ങിയിട്ടു തന്റെ പാര്‍ട്ടിക്കു വോട്ടു ചെയ്യണമെന്നു ജനങ്ങളോടു ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്കുകള്‍ അവഗണിച്ചാല്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നു കേജരിവാളിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ചില ബിജെപി നേതാക്കള്‍ തന്നെ കിരണ്‍ ബേദിയെ പരാജയപ്പെടുത്താന്‍ തന്നോടൊപ്പം നില്‍ക്കാമെന്നു ഉറപ്പു നല്‍കിയതായും കേജരിവാള്‍ ആരോപിച്ചു. തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഡല്‍ഹിയെ ഇന്ത്യയിലെ ആദ്യത്തെ അഴിമതി വിരുദ്ധ സംസ്ഥാനമാക്കി മാറ്റുമെന്നു പറയുന്ന കേജരിവാള്‍ ഫെബ്രുവരി പത്തിനു ശേഷം ലോകത്തിലെ ഏറ്റവും നല്ല നഗരമായി പുതിയ ഒരു ഡല്‍ഹിയെ വാര്‍ത്തെടുക്കുമെന്നും വാഗ്ദാനം നല്‍കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.