നീരജ് കുമാര്‍ സിംഗിന് അശോകചക്ര
Monday, January 26, 2015 12:36 AM IST
ന്യൂഡല്‍ഹി: സമാധാനകാലത്തെ പരമോന്നത ധീരതാപുരസ്കാരമായ അശോകചക്രം 13 രജപുത്താന റൈഫിള്‍സിലെ നായിക് നീരജ് കുമാര്‍ സിംഗിന് മരണാനന്തര ബഹുമതിയായി നല്‍കും.

2014 ഓഗസ്റ് 24-ന് ജമ്മു-കാഷ്മീരിലെ കുപ്വാരയില്‍ ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിനിടെ വെടിവയ്പിലാണ് അശോക ചക്രയ്ക്ക് അര്‍ഹനായ നായിക് നീരജ് സിംഗ് വീരചരമം പ്രാപിച്ചത്. തെരച്ചിലിനിടെ തന്റെ കൂട്ടുകാരനെ ആക്രമണത്തില്‍ നിന്നു രക്ഷിച്ച നായിക് നീരജ് സിംഗിന്റെ നേര്‍ക്ക് ഒരു ഭീകരന്‍ ഗ്രനേഡെറിഞ്ഞു. എന്നാല്‍, അതിസാഹസികമായ പ്രവര്‍ത്തനത്തിലൂടെ നായിക് നീരജ് കുമാര്‍ ആ ഭീകരനു സമീപത്തെ ത്തി വെടിവച്ചുകൊന്നു.

ഇതേസമയംതന്നെ മറ്റൊരു ഭീകരന്‍ നീരജിനെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റെങ്കിലും അയാളുടെമേല്‍ ചാടിവീണ നായിക് നീരജ് സിംഗ് അയാളെ നിരായുധനാക്കി നേരിട്ട് ഏറ്റുമുട്ടി കൊലപ്പെടുത്തി. ബോധം മറയുംവരെ ആക്രമണസ്ഥലത്തുനിന്ന് ഒഴിപ്പിക്കാന്‍ വിസമ്മതിച്ച നായിക് നീരജ്സിംഗ് പിന്നീട് ബോധരഹിതനായപ്പോള്‍ അവിടെനിന്നു മാറ്റുകയായിരുന്നു. പിന്നീടദ്ദേഹം വീരചരമം പ്രാപിക്കുകയാണുണ്ടായത്.


ജമ്മു-കാഷ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഭീകരവിരുദ്ധ വേട്ട നയിക്കവേ വീരമൃത്യു വരിച്ച രാഷ്ട്രീയ റൈഫിള്‍സ് 44-ാം ബറ്റാലിയയിലെ മേജര്‍ മുകുന്ദ് വരദരാജന് മരണാനന്തര ബഹുമതിയായി രാഷ്ട്രപതി അശോകചക്രം സമ്മാനിക്കും. കഴിഞ്ഞ ഓഗസ്റ് 15-നു പ്രഖ്യാപിച്ചതാണിത്. വീരമൃത്യു വരിക്കുന്നതിനു മുമ്പ് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മൂന്ന് കൊടും ഭീകരരെ മേജര്‍ മുകുന്ദ് വരദരാജന്‍ വകവരുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.