ജമ്മു കാഷ്മീരില്‍ 65% പോളിംഗ്, ജാര്‍ഖണ്ഡില്‍ 70%
Sunday, December 21, 2014 12:13 AM IST
ജമ്മു: ജമ്മു കാഷ്മീരിലെയും ജാര്‍ഖണ്ഡിലെയും അവസാനവട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് പോളിംഗ്. കാഷ്മീരില്‍ 65 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയപ്പോള്‍ ജാര്‍ഖണ്ഡില്‍ പോളിംഗ് 70.43 ശതമാനമായി.

തീവ്രവാദ ഭീഷണിയുള്ള കാഷ്മീരില്‍ 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കൂടിയ പോളിംഗാണിത്. ജാര്‍ഖണ്ഡിലേതു ബംപര്‍ പോളിംഗാണ്. 16 നിയമസഭാ മണ്ഡലങ്ങളില്‍ 208 സ്ഥാനാര്‍ഥികളാണ് അവസാനവട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. 36,90,069 വോട്ടര്‍മാരാണു ഇവിടെയുള്ളത്. 2009 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 63.8 ശതമാനമായിരുന്നു പോളിംഗ്.

ജമ്മു കാഷ്മീര്‍ ഉപ മുഖ്യമന്ത്രി താരാചന്ദ്, മന്ത്രിമാരായ ശ്യാംലാല്‍ ശര്‍മ, രമണ്‍ ഭല്ല, മനോഹര്‍ലാല്‍ ശര്‍മ, അജയ് സഝോത്ര എന്നിവര്‍ ഉള്‍പ്പെടെ 213 സ്ഥാനാര്‍ഥികളാണു ജമ്മുവിലെ 20 നിയമസഭാ മണ്ഡലങ്ങളില്‍നിന്നു ജനവിധി തേടിയത്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയതു മര്‍ഹ് മണ്ഡലത്തിലാണ്. 65.44 ശതമാനം. ജമ്മു സിറ്റിയിലെ ഗാന്ധിനഗറിലാണ് കുറവു പോളിംഗ്. 41.42 ശതമാനം. അഖ്നുരില്‍ 62 ശതമാനവും രജൌറിയില്‍ 54 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കനത്ത തണുപ്പിനെ അവഗണിച്ചും രാവിലെ എട്ടിനുമുമ്പുതന്നെ നിരവധി പേര്‍ പോളിംഗ് ബുത്തുകളില്‍ എത്തിയിരുന്നു.

കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ചെറിയ അനിഷ്ട സംഭവങ്ങളൊഴിച്ചാല്‍ പോളിംഗ് സമാധാനപരമായിരുന്നുവെന്ന് ജില്ല ഇലക്ടറല്‍ ഓഫീസര്‍ അജീത് കുമാര്‍ സാഹു പറഞ്ഞു. അധികമായി 40,000 സൈനികരെയാണു സുരക്ഷയ്ക്കായി പോളിംഗ് ബൂത്തുകളില്‍ വിന്യസിച്ചിരുന്നത്. 2366 പോളിംഗ് സ്റേഷനുകളും 18,28,904 വോട്ടര്‍മാരാണു കാഷ്മീരിലുള്ളത്.

1996, 2002, 2008 വര്‍ഷങ്ങളില്‍ വിജയിച്ച താരാ ചന്ദിനു സീറ്റ് തിരിച്ചുപിടിക്കാനുള്ള അങ്കമാണെങ്കില്‍ അഖ്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ ശ്യാം ലാലിനു ഹാട്രിക്കാണു ലക്ഷ്യം. 2002ലെയും 2008ലെയും വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണു മന്ത്രി രമണ്‍ ഭല്ലയ്ക്കുള്ളത്. പിഡിപിയുടെ ആറു സിറ്റിംഗ് എംഎല്‍എമാരും മത്സരരംഗത്തുണ്ട്. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 10 സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് അഞ്ചു സീറ്റാണു ലഭിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സിനു രണ്ടും പിഡിപിക്ക് ഒരു സീറ്റും രണ്ടു സീറ്റ് സ്വതന്ത്രസ്ഥാനാര്‍ഥികള്‍ക്കും ലഭിച്ചു. ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന്‍ ദുംക, ബര്‍ഹയിത് മണ്ഡലങ്ങളില്‍നിന്നു ജനവിധി തേടി. ശരത് മണ്ഡലത്തില്‍ നിയമസഭാ സ്പീക്കര്‍ ശശാങ്ക് ശേഖറിന്റെ എതിരാളി ജാര്‍ഖണ്ഡ് വികാസ് ദള്‍ പാര്‍ട്ടി എംപി സൂരജ് മണ്ഡലാണ്. മന്ത്രി ലോബിന്‍ ഹെംബ്രൂം ബോറിയോയില്‍നിന്നു മത്സരിക്കുന്നു.

ഏറ്റവും കുടുതല്‍ പോളിംഗ് രേഖപ്പെടുത്തിയതു പകൂര്‍ സീറ്റിലാണ്.75.50 ശതമാനം. കുറവ് പോളിംഗ് ദുംകയിലാണ്. 63 ശതമാനം.


രാജ്മഹല്‍ (67%) ബോറിയോ(68%), ബര്‍ഹെത്(69%), ലിട്ടിപര(75.20%), മഹേഷ്പുര്‍(75%), ശികാരിപര(74%), നല (74%), ജാംതാര(71%), ജമ(71%), ജര്‍മുന്‍ഡ്(72%), ശരത്(75.47%), പൊരിയാഹത്(68.27%), ഗോഡ്ഡ(65.28%) മഘാമ(66%) എന്നിങ്ങനെയാണു പോളിംഗ് രേഖപ്പെടുത്തിയത്. 2009ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജെഎംഎമ്മിന് 16 ല്‍ ഒമ്പതു സീറ്റ് ലഭിച്ചിരുന്നു. ഡിസംബര്‍ 23 നാണു വോട്ടെണ്ണല്‍.

ജമ്മുവില്‍ തൂക്കുസഭ, ജാര്‍ഖണ്ഡില്‍ ബിജെപി

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തുമെന്നും ജമ്മുകാഷ്മീരില്‍ തൂക്കു നിയമസഭയ്ക്കു സാധ്യതയെന്നും അഭിപ്രായസര്‍വേ ഫലം. രണ്ടു സംസ്ഥാനങ്ങളിലെയും നിയമസഭാ വോട്ടെടുപ്പു നടപടികള്‍ പൂര്‍ത്തിയായതോടെ പരസ്യമായ അഭിപ്രായസര്‍വേ ഫലമനുസരിച്ച് ജമ്മുകാഷ്മീരില്‍ പിഡിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ ബിജെപിക്കും സഖ്യകക്ഷിയായ എജെഎസ്യുവിനും 37 മുതല്‍ 45 വരെ സീറ്റ് ലഭിക്കാമെന്നാണ് ഇന്ത്യ ടിവി-സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. ടുഡേയ്സ് ചാണക്യയുടെ പ്രവചനമനുസരിച്ച് ബിജെപിക്ക് 61 സീറ്റ് ലഭിക്കും.

87 അംഗ ജമ്മു കാഷ്മീര്‍ നിയമസഭയില്‍ കേവലഭൂരിപക്ഷമായ 44 എന്ന കടമ്പ കടക്കാന്‍ ഒരുകക്ഷിക്കും കഴിയില്ല. 27 മുതല്‍ 33 വരെ സീറ്റ് ബിജെപിക്കു ലഭിക്കാം. ഇതില്‍ ഭൂരിഭാഗവും ജമ്മു മേഖലയില്‍നിന്നായിരിക്കും. മുഫ്തി മുഹമ്മദ് സെയ്ദ് നയിക്കുന്ന പിഡിപിക്ക് 32 മുതല്‍ 38 വരെ സീറ്റ് കിട്ടുമെന്ന് ഇന്ത്യ ടിവി പറയുന്നു.

ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തോടെ മൂന്നാംസ്ഥാനത്തെത്തും. എട്ടു മുതല്‍ 14 വരെ സീറ്റാണു പാര്‍ട്ടിക്കു പ്രവചിക്കപ്പെടുന്നത്. കോണ്‍ഗ്രസിനു നാലു മുതല്‍ 10 വരെ സീറ്റുകള്‍ ലഭിക്കാം.

കാഷ്മീര്‍ താഴ്വരയിലെ 46 സീറ്റില്‍ 29 മുതല്‍ 35 വരെ പിഡിപി സ്വന്തമാക്കും. നാഷണല്‍ കോണ്‍ഫറന്‍സിന് കാഷ്മീര്‍ താഴ്വരയില്‍ നിന്ന് ഏഴു മുതല്‍ 13 വരെ സീറ്റ് ലഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ അണിനിരത്തി ബിജെപി കാഷ്മീരില്‍ വലിയ തോതിലുള്ള പ്രചാരണപ്രവര്‍ത്തനങ്ങളാണ് നടത്തിയതെങ്കിലും വോട്ടെടുപ്പില്‍ അത് ഫലംചെയ്യില്ലെന്നാണ് അഭിപ്രായസര്‍വേയിലെ നിഗമനം.

ജാര്‍ഖണ്ഡില്‍ ഇന്ത്യ ടിവിയുടെ പ്രവചനമനുസരിച്ച് ഭരണകക്ഷിയായ ജെഎംഎം 15 മുതല്‍ 23 വരെ സീറ്റ് നേടും. ജെഎംഎമ്മിന് 12 സീറ്റ് വരെ ലഭിക്കുമെന്നാണ് ടുഡെ ചാണക്യ പറയുന്നത്. കോണ്‍ഗ്രസിനു മൂന്നു മുതല്‍ ഏഴു വരെ സീറ്റ് ലഭിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയും ജെഎംഎമ്മും 18 സീറ്റ് വീതമാണു നേടിയത്. കോണ്‍ഗ്രസ് 14 ഇടങ്ങളില്‍ വിജയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.