ഘര്‍ വാപസിക്കെതിരേ അയോധ്യയിലെ സന്യാസിമാര്‍
Saturday, December 20, 2014 12:26 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: സംഘപരിവാര്‍ സംഘടനകള്‍ മതപരിവര്‍ത്തന നീക്കങ്ങളിലൂടെ രക്തച്ചൊരിച്ചിലിന്റെ രാഷ്ട്രീയം കളിക്കുകയാണെന്നു വിവാദഭൂമിയായ അയോധ്യയിലെ പ്രമുഖ സന്യാസിമാര്‍. ആര്‍എസ്എസിനെയും വിഎച്ച്പിയെയും പേരെടുത്തു വിമര്‍ശിച്ചാണു രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസും അഖിലേന്ത്യാ അഖാര പരിഷത്ത് പ്രസിഡന്റ് ഗ്യാന്‍ ദാസും രൂക്ഷഭാഷയില്‍ പ്രതികരിച്ചത്. സംഘപരിവാര്‍ സംഘടനകളുടെ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനു പിന്നില്‍ മോദി സര്‍ക്കാരിന്റെ പിന്തുണയുണ്െടന്നും മുതിര്‍ന്ന സന്യാസിമാര്‍ ആരോപിച്ചു.

യേ ലോഗ് ഖൂന്‍ കി രാജ്നീതി ഖേല്‍ രഹേ ഹേ (ഇവര്‍ രക്തച്ചൊരിച്ചലിന്റെ രാഷ്ട്രീയം കളിക്കുന്നു) എന്നാണ് അയോധ്യയിലെ ഏറ്റവും പ്രമുഖ സന്യാസിയായി വിശേഷിപ്പിക്കപ്പെടുന്ന മഹന്ത് ഗ്യാന്‍ ദാസ് പറഞ്ഞത്. ഇന്ത്യയില്‍ വിഭാഗീയത വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണു ആര്‍എസ്എസ് നടത്തുന്നത്. ഏതു മതത്തില്‍ വിശ്വസിക്കണമെന്നത് ഒരാള്‍ വ്യക്തിപരമായി തെരഞ്ഞെടുക്കുന്ന കാര്യമാണ്. മറ്റാര്‍ക്കുംതന്നെ അതില്‍ ഇടപെടാനുള്ള അവകാശമില്ല.

മതസ്വാതന്ത്യ്രത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം അങ്ങേയറ്റം കുറ്റകരമാണ്. ഇത്തരം ശ്രമങ്ങള്‍ക്കെതിരേ ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍ നടപടിയെടുക്കണമെന്നുമാണ് അയോധ്യയില്‍ ഏറ്റവുമധികം സ്വാധീനമുള്ള സന്യാസിയായ ഗ്യാന്‍ ദാസ് പറയുന്നത്. മുമ്പു രാമന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കിയവര്‍ ഇപ്പോള്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മതസൌഹാര്‍ദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സന്യാസിയാണു ഗ്യാന്‍ ദാസ്. അയോധ്യയില്‍ ഒരു ക്ഷേത്രവും മുസ്ലിം പള്ളിയും ഉണ്ടാവണമെന്നാണു തന്റെ ആഗ്രഹമെന്ന് അടുത്തിടെ അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗുണ്ടകളെ തങ്ങളുടെ ലക്ഷ്യങ്ങളേറ്റെടുക്കാന്‍ അനുവദിക്കരുതെന്നും കോടതി വിധിക്കു കാത്തിരിക്കണമെന്നുമാണ് അദ്ദേഹം രാമക്ഷേത്രവിഷയത്തിലും പ്രതികരിച്ചത്. വിശുദ്ധ നഗരത്തില്‍ കലാപകാരികളുടെ തേരോട്ടം അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

2003ല്‍ അയോധ്യയിലെ ഹനുമാന്‍ഘടി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ഗ്യാന്‍ ദാസ് ക്ഷേത്രത്തിനകത്തു റംസാനോടനുബന്ധിച്ച് ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചിരുന്നു. വിവാദ സ്ഥലത്തെ രാം ലല്ല ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ സത്യേന്ദ്രദാസും അന്ന് ഇഫ്താറില്‍ പങ്കെടുത്തിരുന്നു. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ യൂനുസ് അന്‍സാരി, കേസ് ഫയല്‍ ചെയ്ത ഹാഷിം അന്‍സാരി തുടങ്ങിയവരും അന്നു ചടങ്ങില്‍ പങ്കെടുത്തു.


രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്ര ദാസും ആര്‍എസ്എസിനെതിരേ രൂക്ഷ ഭാഷയിലാണു പ്രതികരിച്ചത്. സംഘപരിവാര്‍ സംഘടനകള്‍ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കാരണം മോദിസര്‍ക്കാരാണ്. സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കിക്കൊണ്ടു മാത്രമേ ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ക്കു നിലനില്‍ക്കാന്‍ കഴിയൂ. മതപരിവര്‍ത്തനത്തെ ഹിന്ദുമതം ഒരിക്കലും അംഗീകരിക്കുന്നില്ല. മതപരിവര്‍ത്തനം കൊണ്ടു ഹിന്ദുമതം ശക്തിപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെമേല്‍ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയം പ്രശ്നങ്ങളുണ്ടാക്കാനുള്ളതല്ല മറിച്ചു പ്രശ്നങ്ങളൊഴിവാക്കാനാണു രാഷ്ട്രീയത്തിലൂടെ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാമാനന്ദി സന്യാസി സംഘത്തിന്റെ പ്രസിഡന്റായ രാംദിനേശാചാര്യയും മതപരിവര്‍ത്തനത്തിനെതിരേ രൂക്ഷമായാണു പ്രതികരിച്ചത്. ഇത്തരം പ്രവൃത്തികള്‍ സമൂഹത്തില്‍ ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നും ഇതിനെതിരേ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശൈവവിഭാഗത്തില്‍പ്പെടുന്ന ഏഴും വൈഷ്ണവ വിഭാഗത്തില്‍പ്പെട്ട മൂന്നും സിക്കു വിഭാഗത്തില്‍പ്പെട്ട മൂന്നും അഖാരകളടക്കം 13 അഖാരകളടങ്ങിയ ഓള്‍ ഇന്ത്യാ അഖാര പരിഷത്തിന്റെ പ്രസിഡന്റാണു മഹന്ത് ഗ്യാന്‍ ദാസ്.

ദീര്‍ഘകാലമായി അയോധ്യയിലെ സന്യാസി സംഘങ്ങളും സംഘപരിവാര്‍ സംഘടനകളും തമ്മില്‍ സമാന്തര പാതയിലാണു സഞ്ചാരം. 1990ല്‍ അയോധ്യ സന്യാസികളില്‍ വന്‍ സ്വാധീനമുണ്ടാക്കാന്‍ വിഎച്ച്പിക്കു കഴിഞ്ഞിരുന്നു. പിന്നീടു പിണങ്ങിപ്പിരിഞ്ഞതിനുശേഷം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വരെ അകന്നു കഴിയുകയായിരുന്നു സംഘപരിവാറും സന്യാസിസംഘങ്ങളും.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ബിജെപിക്കുവേണ്ടിയാണു സംഘപരിവാര്‍ ഒരിക്കല്‍ക്കൂടി സന്യാസി സംഘങ്ങളുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ മതപരിവര്‍ത്തന വിഷയത്തില്‍ ഒരിക്കല്‍ക്കൂടി വഴിപിരിയുകയാണെന്ന സൂചനകളാണു സന്യാസിമാരുടെ രൂക്ഷ പ്രതികരണങ്ങളില്‍നിന്നു വ്യക്തമാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.