രാജീവ്ഗാന്ധിയുടെ ജാതകമെഴുതിയതിനു തെളിവുമായി കേന്ദ്രമന്ത്രിമാര്‍
Friday, December 19, 2014 12:23 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: രാജീവ്ഗാന്ധിയുടെ ജാതകമെഴുതിക്കാന്‍ മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്റു മുന്‍കൈയെടുത്തെന്നു ബിജെപി മന്ത്രിമാര്‍. നെഹ്റു ഒരു ജ്യോതിഷ വിശ്വാസിയാണെന്നു തെളിയിക്കാനാണു കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടു നെഹ്റു, സഹോദരി കൃഷ്ണ ഹഥീസിംഗിനയച്ച കത്തു പുറത്തു വിട്ടത്.

വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പടെ ഹിന്ദുത്വ അജന്‍ഡകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തുവെന്ന ആരോപണങ്ങളാല്‍ പാര്‍ലമെന്റ് പ്രതിഷേധ മുഖരിതമായിരിക്കുന്നതിനിടെയാണു നെഹ്റു ജ്യോതിഷ വിശ്വാസിയാണെന്നു സൂചന നല്‍കുന്ന കത്തുമായി കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും വെങ്കയ്യ നായിഡുവും രംഗത്തെത്തിയത്. ഇതിനു പുറമേ, 1987 ഏപ്രില്‍ 13നു നവോദയ വിദ്യാലയ സമിതി എല്ലാ പ്രിന്‍സിപ്പല്‍മാര്‍ക്കും ഉത്സവദിവസങ്ങളില്‍ അവധി നല്‍കരുതെന്നു നിര്‍ദേശിച്ചുകൊണ്ട് അയച്ച സര്‍ക്കുലറും മന്ത്രിമാര്‍ ഉയര്‍ത്തിക്കാണിക്കുന്നു. ക്രിസ്മസ് പ്രവൃത്തിദിനമാക്കണമെന്നും സദ്ഭരണ ദിവസമായി ആചരിക്കണമെന്നുമുള്ള വിഷയത്തില്‍ പാര്‍ലമെന്റ് ഇളകി മറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്. തങ്ങള്‍ ഒരു പാപവും ചെയ്തിട്ടില്ലെന്നും ശരിയുടെ പക്ഷത്താണെന്നുമായിരുന്നു മന്ത്രിമാരുടെ വിശദീകരണം.

ജ്യോതിഷം ശാസ്ത്രം തന്നെയാണെന്നു മറ്റുമുള്ള പ്രചാരണങ്ങള്‍ ബിജെപി എംപിമാരും നേതാക്കളും നടത്തിവരികയാണ്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാണു ബി ജെപി ഇപ്പോള്‍ നെഹ്റുവിന്റെ കത്തു പുറത്തുവിട്ടത്. മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രാജസ്ഥാനില്‍ ജ്യോത്സ്യനെ കണ്ടതും ജ്യോത്സ്യന്‍ കൈ രേഖ നോക്കി ഉടന്‍ രാഷ്ട്രപതിയാകുമെന്നായിരുന്നു പ്രവചിച്ചതും വിവാദമുയര്‍ത്തിയിരുന്നു.


ജനിച്ച് എട്ടു ദിവസത്തിനു ശേഷമാണു രാജീവിന്റെ ജാതകം കുറിക്കണമെന്നാവശ്യപ്പെട്ടു നെഹ്റു തന്റെ സഹോദരി കൃഷ്ണ ഹഥീസിംഗിനു കത്തയച്ചത്. മികച്ച ഒരു ജ്യോത്സ്യനെ കണ്െടത്തി രാജീവിന്റെ ജാതകം കുറിപ്പിക്കാനാണു അഹമ്മദ്നഗറിലെ ജയിലില്‍നിന്നു 1944 ഓഗസ്റ് 29ന് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. നെഹ്റു ഇതേ കാര്യം ആവശ്യപ്പെട്ട് മകളായ ഇന്ദിരാഗാന്ധിക്കും കത്തയച്ചിരുന്നെന്നും മന്ത്രിമാര്‍ വെളിപ്പെടുത്തി. സഹോദരിക്കയച്ച കത്തില്‍ ഗാന്ധികുടുംബത്തിലേക്ക് ഒരു പുതിയ അംഗംകൂടി എത്തിയതില്‍ നെഹ്റു സന്തോഷം പങ്കുവയ്ക്കുന്നു. മകള്‍ ഇന്ദിര പ്രസവിച്ചപ്പോള്‍ ദൌര്‍ഭാഗ്യവശാല്‍ തടവിലാണെന്ന നിരാശയും കത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്ദിരയുടേതു സുഖപ്രസവമായിരുന്നതില്‍ നെഹ്റു സന്തോഷവും പങ്കു വെക്കുന്നു.

ജാതകത്തിന്റെ ആവശ്യം കത്തില്‍ നെഹ്റു ഉന്നയിക്കുന്നു. ജനനസമയവും തീയതിയും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും കത്തിലുണ്ട്. സമര്‍ഥനായ ജോത്സ്യനെ കണ്െടത്തേണ്ട ആവശ്യം ഉന്നയിച്ച് മകള്‍ ഇന്ദിരാഗാന്ധിക്കും നെഹ്റു കത്തയച്ചിരുന്നുവെന്നുമാണ് ബിജെപി മന്ത്രിമാരായ വെങ്കയ്യ നായിഡുവും രവിശങ്കര്‍ പ്രസാദും പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

ജ്യോത്സ്യനെ തിരക്കിക്കൊണ്ടുള്ള നെഹ്റുവിന്റെ കത്ത് ഒരു റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനാണു സോഷ്യല്‍ മീഡിയയിലൂടെ തനിക്കയച്ചു തന്നതെന്നാണു പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞത്. ഒരു പഴയ പോലീസ് ജേര്‍ണലില്‍നിന്നു കണ്െടത്തിയ കത്ത് പുറത്തിറക്കേണ്ട ഉചിത സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. കത്തിന്റെ പകര്‍പ്പുകള്‍ എല്ലാ ബിജെപി എംപിമാര്‍ക്കും വിതരണം ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.