വിലനിയന്ത്രിത പട്ടികയില്‍ 175 മരുന്നുകള്‍ കൂടി
വിലനിയന്ത്രിത പട്ടികയില്‍ 175 മരുന്നുകള്‍ കൂടി
Friday, December 19, 2014 12:17 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കാന്‍സറിനുള്ള 47 മരുന്നുകള്‍ ഉള്‍പ്പടെ 175 മരുന്നുകള്‍ കൂടി വിലനിയന്ത്രിത പട്ടികയില്‍ ഉള്‍പ്പെടുത്തി. കേന്ദ്രമന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം ഇന്നലെ ലോക്സഭയില്‍ അറിയിച്ചത്. അവശ്യ മരുന്നുകളുടെ വിലനിയന്തണത്തിനായി കേന്ദ്രം പ്രത്യേക സംവിധാനം ആവിഷ്കരിച്ചതായും മന്ത്രി വിശദീകരിച്ചു.

സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ഇതുവരെ നിരവധി അവശ്യമരുന്നുകള്‍ വിലനിയന്ത്രിത പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും മരുന്നുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ 370 കോടി രൂപയാണു മരുന്നുകമ്പനികള്‍ക്കു നഷ്ടമെങ്കിലും അവശ്യമരുന്നുകളുടെ വിലകൂട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 175 മരുന്നുകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുമ്പോള്‍ 440 അവശ്യമരുന്നുകളാവും ഇതോടെ വിലനിയന്ത്രിത പട്ടികയില്‍ ഉണ്ടാകുക.

വേദനസംഹാരികളും ആന്റിബയോട്ടിക്കുകളുമടക്കം 52 മരുന്നുകള്‍ കഴിഞ്ഞ ആഴ്ച വിലനിയന്ത്രിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റിയുടെ വിലനിയന്ത്രിത പട്ടികയില്‍ ഇടംപിടിച്ച മരുന്നുകളുടെ എണ്ണം ഇതോടെ 600 കവിഞ്ഞു.


എന്നാല്‍, കോണ്‍ഗ്രസ് എംപിമാരായ രഞ്ജിത്ത് രഞ്ജനും സുസ്മിതാ ദേവും കാന്‍സറിനുള്‍പ്പടെയുള്ള മരുന്നുകളുടെ വില കൂടിയതായി ആരോപിച്ചു. ഹൃദ്രോഗം, പ്രമേഹം, എച്ച്ഐവി എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയും കൂടിയിട്ടുണ്ട്. വന്ധ്യംകരണത്തെത്തുടര്‍ന്നു ചത്തീസ്ഗ ഡില്‍ 17 പേര്‍ മരിച്ച സംഭവത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാമെന്നു ആരോഗ്യ മന്ത്രി ജെ.പി നദ്ദ ലോക്സഭയില്‍ വ്യക്തമാക്കി. ജീവന്‍ രക്ഷാ മരുന്നുകളുടെ വിലനിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ നടപടിയെടുക്കുമെന്നും മന്ത്രി വിശദമാക്കി. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ അവശ്യ മരുന്നുകളുടെ വിലയില്‍ കാര്യമായ വര്‍ധനവൊന്നും ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.