മുല്ലപ്പെരിയാര്‍: കേന്ദ്രം വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ല: മന്ത്രി പി.ജെ. ജോസഫ്
മുല്ലപ്പെരിയാര്‍: കേന്ദ്രം വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ല: മന്ത്രി പി.ജെ. ജോസഫ്
Saturday, November 22, 2014 12:03 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ഉന്നതതല യോഗത്തെക്കുറിച്ച് അറിയില്ലെന്നു സംസ്ഥാന ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച യോഗം ചേരുമെന്നും ഇതിനായി സംസ്ഥാനങ്ങള്‍ അഭിപ്രായം അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്െടന്നും കേന്ദ്രമന്ത്രി ഉമാഭാരതി വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തിനാണ് സംസ്ഥാന ജലവിഭവ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത പി.ജെ. ജോസഫ് മറുപടി നല്‍കിയത്.

ഉന്നതതല യോഗം നടത്തുമെന്ന് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു മന്ത്രി വിശദമാക്കി. ബുധനാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തിനുശേഷം സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു. ജലമന്ത്രിമാരുടെ യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു കേന്ദ്രമന്ത്രി ഉമാ ഭാരതി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ക്കുമെന്ന് അറിയിച്ചത്. എന്നാല്‍, ഇതേക്കുറിച്ച് തങ്ങള്‍ക്ക് ഒരു അറിയിപ്പും നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നു കേന്ദ്ര ജല മന്ത്രാലയം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.