ഗുജറാത്ത് സര്‍ക്കാരിന്റെ കണ്ണിലെ കരടായ ഐപിഎസ് ഓഫീസര്‍ രാഹുല്‍ ശര്‍മ വിരമിക്കുന്നു
Saturday, November 22, 2014 12:20 AM IST
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപക്കേസ് അന്വേഷണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരുമായി കൊമ്പുകോര്‍ക്കേണ്ടിവന്ന ഐപിഎസ് ഓഫീസര്‍ രാഹുല്‍ ശര്‍മ സര്‍വീസില്‍നിന്നു വിരമിക്കുന്നു. സര്‍ക്കാര്‍ നടപടികളുടെ ഭാഗമല്ല, വ്യക്തിപരമായ കാരണങ്ങളാലാണു വിരമിക്കാന്‍ തീരുമാനിച്ചതെന്നു ശര്‍മ പറഞ്ഞു. ഇപ്പോള്‍ വഡോദരയിലെ ആംഡ് യൂണിറ്റില്‍ ഡിഐജിയാണ് ഇദ്ദേഹം. ഗുജറാത്ത് കലാപക്കേസില്‍ വഴിത്തിരിവുണ്ടാക്കിയ ശര്‍മ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു.

അമ്പതു വയസു കഴിഞ്ഞ ഐപിഎസ് ഓഫീസര്‍ക്കു മൂന്നു മാസത്തെ നോട്ടീസ് നല്കി വിരമിക്കലിന് അപേക്ഷ നല്കാമെന്നാണു നിയമം. ഭാര്യയുടെ മരണത്തെത്തുടര്‍ന്നു ഗാന്ധിനഗറിലേക്കോ അഹമ്മദാബാദിലേക്കോ ശര്‍മ സ്ഥലംമാറ്റം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നിരസിക്കുകയാണുണ്ടായത്.

1992 ബാച്ച് ഐപിഎസ് ഓഫീസറായ രാഹുല്‍ ശര്‍മ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന കാലത്താണു ഗുജറാത്ത് കലാപമുണ്ടായത്. നരോദ പാട്യ. നരോദ ഗാം, ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലകള്‍ അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തില്‍ ശര്‍മയുമുണ്ടായിരുന്നു. കലാപത്തില്‍ ബജ്രംഗ് ദളിന്റെയും വിഎച്ച്പിയുടെയും നിരവധി നേതാക്കളുടെ പങ്ക് ശര്‍മ വെളിച്ചത്തുകൊണ്ടുവന്നു. ഇക്കാര്യങ്ങള്‍ കലാപം അന്വേഷിച്ച നാനാവതി കമ്മീഷനു മുമ്പാകെ ശര്‍മ സമര്‍പ്പിക്കുകയും ചെയ്തു. ഗുജറാത്ത് മന്ത്രി മായ കോഡ്നാനിയെയും ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗിയെയും കുടുക്കിയത് ശര്‍മ സമര്‍പ്പിച്ച സിഡിയായിരുന്നു.


അതേസമയം, സിഡി നഷ്ടപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ 2011ല്‍ രാഹുല്‍ ശര്‍മയ്ക്കെതിരേ കേസെടുത്തു. എന്നാല്‍, ഒരു ദൂതന്‍ വഴി താന്‍ ക്രൈംബ്രാഞ്ച് തലവന്‍ പി.പി. പാണ്ഡെയ്ക്കു സിഡി നല്കിയെന്നും അതിനുശേഷമാണ് അത് നഷ്ടപ്പെട്ടതെന്നും ശര്‍മ വ്യക്തമാക്കിയെങ്കിലും ഗുജറാത്ത് സര്‍ക്കാര്‍ അതു ചെവിക്കൊണ്ടില്ല. സിഡി അന്വേഷണസംഘത്തലവനു നല്കാതെ നാനാവതി കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചുവെന്നായിരുന്നു രാഹുല്‍ ശര്‍മയ്ക്കെതിരേ ഗുജറാത്ത് സര്‍ക്കാര്‍ ആരോപിച്ച കുറ്റം.

പെരുമാറ്റദൂഷ്യം, ഡ്രൈവര്‍മാര്‍ക്കും കീഴുദ്യോഗസ്ഥര്‍ക്കും പാരിതോഷികം നല്കി, അക്ഷരത്തെറ്റ് വരുത്തി തുടങ്ങിയവയുടെ പേരില്‍ ആറു കാരണംകാണിക്കല്‍ നോട്ടീസുകളാണു ശര്‍മയ്ക്കു ഗുജറാത്ത് സര്‍ക്കാര്‍ നല്കിയത്. ഇതിനെതിരേ ശര്‍മ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍(സിഎടി) ബെഞ്ചിനെ സമീപിച്ച് സ്റേ വാങ്ങി.

ഉദ്യോഗസ്ഥാനക്കയറ്റം തടയാന്‍ ആന്വല്‍ കോണ്‍ഫിഡന്‍ഷല്‍ റിപ്പോര്‍ട്ടില്‍ എതിരായ പരാമര്‍ശം നടത്തിയ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നടപടിയെയും ശര്‍മ സിഎടി ബെഞ്ചില്‍ ചോദ്യംചെയ്ത് അനുകൂല ഉത്തരവ് നേടിയെടുത്തു. തുടര്‍ന്ന്, തനിക്കെതിരേ സര്‍ക്കാര്‍ ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയാണെന്നു കാണിച്ച് ശര്‍മ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഈ കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.