യെച്ചൂരിയുമായി ഭിന്നതയില്ലെന്നു കാരാട്ട്
യെച്ചൂരിയുമായി ഭിന്നതയില്ലെന്നു കാരാട്ട്
Thursday, October 30, 2014 12:16 AM IST
ന്യൂഡല്‍ഹി: സീതാറാം യെച്ചൂരിയും താനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്െടന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമാണെന്നും വിഭിന്ന അഭിപ്രായങ്ങളെയാണു ബദല്‍ രേഖയെന്ന പേരില്‍ വളച്ചൊടിച്ചതെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടിക്കുള്ളിലെ വിരുദ്ധ നിലപാടുകള്‍ വ്യക്തിപരമല്ലെന്ന മുഖവുരയോടെയാണു കാരാട്ട് ഇന്നലെ സിപിഎം കേന്ദ്ര കമ്മിറ്റി സമാപിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞത്.

ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം തിരുത്താന്‍ പാര്‍ട്ടി ഒരുങ്ങുന്നു എന്നതു മാധ്യമസൃഷ്ടി മാത്രമാണെന്നു പറഞ്ഞ കാരാട്ട് 1991നു ശേഷമുള്ള കാര്യങ്ങളിലാണു ഇപ്പോള്‍ പാര്‍ട്ടി വിശകലനം നടത്തുന്നതെന്നും വിശദീകരിച്ചു. പ്രധാനമായും ബിജെപിയുടെ വളര്‍ച്ച ശക്തമായത് ഈ കാലഘട്ടത്തിലാണ്. ഈ കാലയളവില്‍ പാര്‍ട്ടിക്കു സംഭവിച്ച അപജയങ്ങള്‍ വിലയിരുത്തി പുതിയ രാഷ്ട്രീയ നയ രൂപീകരണം നടത്തുന്നതെന്നും സിപിഎം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

? കേന്ദ്ര കമ്മിറ്റിയില്‍ ബദല്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നതിനെക്കുറിച്ച് എന്താണു പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണം

കാരാട്ട്: അവലോകനരേഖ സംബന്ധിച്ച് ഉയര്‍ന്നുവന്ന വിഭിന്ന അഭിപ്രായങ്ങള്‍ വ്യക്തിപരമല്ല. പാര്‍ട്ടിയുടെ പോയകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന വേളയില്‍ ഇത്തരത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. ഈ അഭിപ്രായങ്ങളെല്ലാം തന്നെ പാര്‍ട്ടി രീതിയനുസരിച്ചു കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.


? സമീപകാല നേതൃത്വത്തിനു പാളിച്ച പറ്റിയെന്നു വിമര്‍ശമുയര്‍ന്നല്ലോ, അങ്ങനെയൊരു വിലയിരുത്തലുണ്േടാ

പാര്‍ട്ടിക്കു പലയിടങ്ങളിലും നേരിട്ട പരാജയങ്ങളെ നേതൃത്വത്തിന്റ പരാജയമായി വിലയിരുത്തേണ്ടതില്ല. കേരളം, ത്രിപുര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കു പുറത്തേക്കു പാര്‍ട്ടിക്കു വളരാന്‍ കഴിയാതെ പോയതിനു പിന്നിലെ കാരണങ്ങളാണു ഇപ്പോള്‍ നടക്കുന്ന തിരുത്തല്‍ ചര്‍ച്ചകളുടെ മുഖ്യ വിഷയം. പാര്‍ട്ടിയില്‍ എക്കാലത്തും കമ്മിറ്റി രൂപപ്പെടുത്തുന്ന നയങ്ങള്‍ക്കാണു പ്രാതിനിധ്യം. തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കു നേരിട്ട പരാജയങ്ങളെ മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്കു മുന്‍തൂക്കം നല്‍കുന്നത്.

? പിബിയില്‍ അംഗീകാരം നേടിയ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ഭേദഗതിയാകാമെന്നു സമ്മതിച്ചത് വിമത ശബ്ദങ്ങളോടുള്ള ഒത്തുതീര്‍പ്പല്ലേ

അവലോകനരേഖയുടെ കരടുമാത്രമാണു പോളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയ്ക്കു വച്ചത്. കരടു രേഖകളില്‍ ചര്‍ച്ചകള്‍ നടത്തുന്നതു പാര്‍ട്ടിക്കുള്ളിലെ സ്വാഭാവിക നടപടിക്രമം മാത്രമാണ്. ചിലപ്പോള്‍ രണ്ടിലധികം തവണ വരെ ചര്‍ച്ചകള്‍ക്കു ശേഷമാണു ഭേദഗതികള്‍ക്കുശേഷം എല്ലാവര്‍ക്കും ബാധകമായ വിധത്തില്‍ കേന്ദ്ര കമ്മിറ്റി രേഖ അംഗീകരിക്കുന്നത്. മാത്രമല്ല, രേഖകളിന്‍മേലുള്ള ചര്‍ച്ചകളില്‍ വിഭിന്ന അഭിപ്രായമുള്ള അംഗങ്ങള്‍ കുറിപ്പുകള്‍ നല്‍കുന്നതും പതിവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.