ഏഴിമല: ഭൂമി നല്‍കിയവര്‍ക്കു കൂടുതല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നു സംസ്ഥാന സര്‍ക്കാര്‍
Thursday, October 23, 2014 11:49 PM IST
ന്യൂഡല്‍ഹി: ഏഴിമല നാവിക അക്കാഡമിക്കു ഭൂമി വിട്ടു നല്‍കിയവര്‍ക്കു കൂടുതല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നു സൂപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു നല്‍കണം എന്നാവശ്യപ്പെട്ട് ഭൂമി വിട്ടു നല്‍കിയ 80ലധികം പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

നിയമനടപടി സ്വീകരിക്കുന്നതില്‍ ഉടമകള്‍ കാലതാമസം വരുത്തിയതിനാല്‍ ഹര്‍ജി തള്ളണമെന്നും സത്യവാങ്മൂലം ആവശ്യപ്പെടുന്നു. 1983ലാണു ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചു 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍, 60 ശതമാനം പേര്‍ക്കു മാത്രമാണ് നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചത്. തുച്ഛമായ തുകയാണു നഷ്ടപരിഹാരമായി ലഭിച്ചതെന്നു ഭൂമി വിട്ടു നല്‍കിയവര്‍ അന്നേ പരാതി ഉയര്‍ത്തിയിരുന്നു.

നഷ്ടപരിഹാരത്തുക സ്വീകാര്യമല്ലെങ്കില്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു സ്പെഷല്‍ തഹസില്‍ദാര്‍ക്കു പ്രത്യേക അപേക്ഷ നല്‍കാമെന്നു ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 28എ(3) വകുപ്പ് പറയുന്നുണ്ട്. ഇത്തരത്തിലുള്ള അപേക്ഷകള്‍ പ്രത്യേക കാരണമൊന്നും കൂടാതെ തഹസില്‍ദാര്‍ തള്ളിയെന്നു ഭൂവുടമകള്‍ സുപ്രീംകോടതിയെ അറിയിച്ചു. അപേക്ഷകള്‍ പത്തുവര്‍ഷത്തിലേറെ കൈവശം വച്ച ശേഷം 2009-2010 കാലയളവിലാണ് തള്ളിയതെന്നും ഉടമകള്‍ ആരോപിക്കുന്നു. അതിനാല്‍ അപേക്ഷ പരിഗണിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം.


തഹസില്‍ദാറുടെ നടപടിക്കെതിരേ 2012-2013 കാലയളവില്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തഹസില്‍ദാര്‍ അപേക്ഷ തള്ളിക്കഴിഞ്ഞ് മൂന്നു നാലു വര്‍ഷത്തിനു ശേഷമാണു ഹര്‍ജി നല്‍കിയതെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതി നടപടി. ഏഴിമല ആക്ഷന്‍ കൌണ്‍സില്‍ എന്ന പേരില്‍ ജനങ്ങള്‍ സംഘടിച്ച് 2012 ജനുവരിയില്‍ മുഖ്യമന്ത്രിക്കും റവന്യു അധികൃതര്‍ക്കും നിവേദനം നല്‍കി കാത്തിരിക്കുകയായിരുന്നുവെന്ന വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണു സുപ്രീംകോടതിയെ സമീപിച്ചത്.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ഹൈക്കോടതി ഹര്‍ജി തള്ളിയതു ശരിയായില്ലെന്ന നിലപാടാണ് വാദം കേട്ട സുപ്രിംകോടതി ബഞ്ച് സ്വീകരിച്ചത്. 1983 മുതലുള്ള പലിശ നല്‍കുന്നതു സര്‍ക്കാരിനു വലിയ ബാധ്യതയുണ്ടാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കേസ് അടുത്തമാസം ഏഴിനു വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.