ബാംഗളൂരില്‍ മൂന്നര വയസുകാരി സ്കൂളില്‍ ലൈംഗികപീഡനത്തിനിരയായി
Thursday, October 23, 2014 11:45 PM IST
ബാംഗളൂര്‍: ബാംഗളൂര്‍ നഗരത്തിലെ സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ഥിനിയായ മൂന്നര വയസുകാരി ലൈംഗികപീഡനത്തിനിരയായെന്നു കര്‍ണാടക പോലീസ് സ്ഥിരീകരിച്ചു. ജാലഹള്ളിയിലെ ഓര്‍ക്കിഡ് ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാര്‍ഥിനി ചൊവ്വാഴ്ചയാണു പീഡനത്തിനിരയായത്. തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായെന്നു സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു സ്കൂളിനെതിരേ രക്ഷിതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി.

കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് ഐപിസി 376, ലൈംഗിക കുറ്റകൃത്യത്തില്‍നിന്നു കുട്ടികളെ സംരക്ഷിക്കല്‍ നിയമം എന്നിവ ചുമത്തി കേസ് രജിസ്റര്‍ ചെയ്തതായി ബാംഗളൂര്‍ പോലീസ് കമ്മീഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും സ്കൂള്‍ ജീവനക്കാരെ ചോദ്യംചെയ്തതായും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ദീപാവലി ആഘോഷത്തിനുശേഷം വിദ്യാര്‍ഥികള്‍ ഉച്ചയോടെ സ്കൂളില്‍നിന്നു മടങ്ങിയതായി സ്കൂള്‍ ജീവനക്കാര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ക്ളാസിലിരുന്നു കരഞ്ഞകുട്ടിയെ അമ്മയെത്തി വീട്ടില്‍ കൊണ്ടുപോയി. തന്നെ ചിലര്‍ ഉപദ്രവിച്ചതായി അമ്മയോടു പെണ്‍കുട്ടി പറഞ്ഞു. സംശയം തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്.


എന്നാല്‍, സ്കൂളിനു പുറത്തുവച്ചാണു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതെന്നു സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സ്കൂള്‍ അധികൃതരോടു ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്െടന്നും കമ്മീഷണര്‍ പറഞ്ഞു. ആന്ധ്രപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണു സ്കൂള്‍. നാലു മാസത്തിനിടെ നാലാം തവണയാണു നഗരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയാകുന്നത്.

63 വയസുള്ള അധ്യാപകന്‍ എട്ടു വയസുകാരിയായ വിദ്യാര്‍ഥിനിയെ കഴിഞ്ഞ ഓഗസ്റില്‍ പീഡനത്തിനിരയാക്കിയതും ആറുവയസുകാരി വിബ്ജിയോര്‍ ഹൈസ്കൂളില്‍ പീഡനത്തിനിരയായതും ബാംഗളൂര്‍ നഗരത്തെ ഞെട്ടിച്ചിരുന്നു. വിബ്ജിയോര്‍ സംഭവത്തെത്തുടര്‍ന്നു വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നഗരത്തില്‍ അരങ്ങേറിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.