അരുണ്‍ ജയ്റ്റ്ലിക്കു കോണ്‍ഗ്രസിന്റെ മറുപടി: കള്ളപ്പണത്തിന്റെ കാര്യം പറഞ്ഞു പേടിപ്പിക്കണ്ട
അരുണ്‍ ജയ്റ്റ്ലിക്കു കോണ്‍ഗ്രസിന്റെ മറുപടി: കള്ളപ്പണത്തിന്റെ കാര്യം പറഞ്ഞു പേടിപ്പിക്കണ്ട
Thursday, October 23, 2014 11:34 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ പേരില്‍ ഭയപ്പെടുത്താന്‍ നോക്കേണ്െടന്നു കോണ്‍ഗ്രസ്. വിദേശത്തു കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടാല്‍ കോണ്‍ഗ്രസിനു നാണക്കേടാകുമെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി അജയ് മാക്കനാണു രംഗത്തെത്തിയത്. ബിജെപിയുടെ ഭീഷണി കൊണ്െടാന്നും കോണ്‍ഗ്രസ് പേടിക്കാന്‍ പോകുന്നില്ല. കള്ളപ്പണ നിക്ഷേപമുള്ളവരുടെ വിവരം ബിജെപിയുടെ കൈയിലുണ്െടങ്കില്‍ പൂര്‍ണമായും വെളിപ്പെടുത്തുകയാണു വേണ്ടത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. ഭീഷണികള്‍ക്കു പകരം കള്ളപ്പണം സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ പുറത്തു കൊണ്ടു വരണം. അതൊരിക്കലും പകവീട്ടലോ അര്‍ധസത്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച വിവരങ്ങളോ ആകരുത്. കോണ്‍ഗ്രസ് ഏതു തരത്തിലുള്ള അന്വേഷണങ്ങളെയും നേരിടാന്‍ തയാറാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ അജയ് മാക്കന്‍ പറഞ്ഞു.

ജനങ്ങളെ പറ്റിക്കാതെ തെരഞ്ഞെടുപ്പു സമയത്തു നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതു പോലെ ഓരോ പൌരന്റെ അക്കൌണ്ടില്‍ എന്നാണ് മൂന്നുലക്ഷം രൂപ നിക്ഷേപിക്കുകയെന്നു ധനമന്ത്രി വ്യക്തമാക്കണം. പ്രധാനമന്ത്രിയുടെ 'ജനധന്‍' പദ്ധതിയുടെ ഭാഗമായി ദീപാവലി സമ്മാനമായി അതു നല്‍കിക്കൂടേ. അതോ 2019 വരെ കാത്തിരിക്കേണ്ടിവരുമോ. എന്നായിരുന്നു അജയ്മാക്കന്‍ ട്വിറ്ററില്‍ ബിജെപിക്കും അരുണ്‍ ജയ്റ്റ്ലിക്കുമുള്ള മറുപടിയായി കുറിച്ചിട്ടത്.

കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുള്ള എല്ലാവരുടെയും പേരുകളാണു വെളിപ്പെടുത്തേണ്ടത്. തെരഞ്ഞെടുത്ത 136 പേരുകള്‍ പുറത്തുവിട്ടാല്‍ മാത്രം പോരെന്നും അജയ് മാക്കന്‍ ചൂണ്ടിക്കാട്ടി. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമ്പോള്‍ ഓരോ പൌരനും 15 ലക്ഷം രൂപ വച്ചു ലഭിക്കുമെന്നായിരുന്നു നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനം. ചിലരുടെ പേരുകള്‍ മാത്രം പുറത്തു വിട്ടു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.


100 ദിവസം പിന്നിട്ട് 150 ദിവസമാകുന്നു. ഇതുവരെയും ഒറ്റപൈസപോലും തിരിച്ചു കൊണ്ടുവന്നില്ല. താന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജനങ്ങള്‍ 15 ലക്ഷം രൂപയ്ക്കുവേണ്ടി കാത്തിരിക്കുകയാണെന്നും മാക്കന്‍ പരിഹസിച്ചു.

ഒരാഴ്ച മുന്‍പു സുപ്രീംകോടതിയില്‍ കള്ളപ്പണം സംബന്ധിച്ച കേസ് പരിഗണിക്കവേ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിവിധ രാജ്യങ്ങളുമായി ഒപ്പിട്ടിരിക്കുന്ന ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിന്റെ ലംഘനമാകുമെന്നതിനാലാണു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയാത്തതെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്തുവരികയായിരുന്നു.

കേന്ദ്രത്തിന്റെ നിലപാട് വിവാദമായതോടെ ചില വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നു പ്രധാനമന്ത്രി തന്നെ വ്യക്തമാക്കുകയായിരുന്നു.അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ ചിലരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും അത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാകുമെന്നുമായിരുന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞദിവസം പറഞ്ഞത്. ഈ പ്രതികരണത്തിനാണ് ഇപ്പോള്‍ രൂക്ഷമായ മറുപടികളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.