സുനന്ദയുടെ മരണം: പ്രത്യേക അന്വേഷണസംഘം വേണ്െടന്നു ഡല്‍ഹി പോലീസ്
സുനന്ദയുടെ മരണം: പ്രത്യേക അന്വേഷണസംഘം വേണ്െടന്നു ഡല്‍ഹി പോലീസ്
Tuesday, October 21, 2014 12:15 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കേണ്െടന്നു ഡല്‍ഹി പോലീസ്. മരണ സമയത്ത് സുനന്ദ പുഷ്കറിന്റെ ദേഹത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍, കിടക്കവിരി എന്നിവ വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി അറിയിച്ചു.

മരണം സംഭവിച്ചതു വിഷം ഉള്ളില്‍ചെന്നാണെന്നാണു കഴിഞ്ഞ മാസം 30ന് എയിംസ് ആശുപത്രി അധികൃതര്‍ സമര്‍പ്പിച്ച ആന്തരിക അവയവങ്ങളുടെ പരിശോധനാഫലത്തില്‍ വ്യക്തമാക്കുന്നത്. എയിംസിലെ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും പരിശോധിച്ചശേഷം ഈ റിപ്പോര്‍ട്ട് ഡല്‍ഹി പോലീസിനു കൈമാറിയിരുന്നു.


തുടര്‍ന്നാണു സുനന്ദയുടെ നിത്യോപയോഗ വസ്തുക്കള്‍കൂടി ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാന്‍ തീരുമാനിച്ചത്. വിഷം എങ്ങനെ ശരീരത്തില്‍ എത്തിയെന്നു വ്യക്തമാകാത്തതിനാല്‍ ബലപ്രയോഗം നടന്നിട്ടുണ്െടങ്കില്‍ കൂടുതല്‍ തെളിവുകള്‍ ഈ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകുമെന്നാണു പോലീസിന്റെ പ്രതീക്ഷ.

സുനന്ദ പുഷ്കര്‍ മരണസമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ഹോട്ടല്‍ മുറിയിലെ കിടക്കവിരി, തലയിണ എന്നിവയാണു ഫോറന്‍സിക് പരിശോധനയ്ക്കായി നല്‍കിയിരിക്കുന്നത്.

നിലവില്‍ ഈ കേസിന്റെ അന്വേഷണം തടസങ്ങളില്ലാതെ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ പ്രത്യേകമായി ഒരു അന്വേഷണസംഘത്തിന്റെ ആവശ്യം ഈ കേസില്‍ ഇല്ലെന്നാണു കമ്മീഷണര്‍ വ്യക്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.