മഹാരാഷ്ട്രയില്‍ 130 സീറ്റെങ്കിലും തരണമേ എന്നു ബിജെപി
മഹാരാഷ്ട്രയില്‍ 130 സീറ്റെങ്കിലും തരണമേ എന്നു ബിജെപി
Tuesday, September 23, 2014 12:14 AM IST
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള തര്‍ക്കം തുടരുന്നതിനിടെ 130 സീറ്റെങ്കിലും തരണമെന്ന അപേക്ഷയുമായി ബിജെപി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും ഇന്നലെ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു ബിജെപി നിലപാട് മയപ്പെടുത്തിയത്. ഇതിനിടെ, സീറ്റ് തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ 288 സീറ്റുകളിലും ബിജെപി ഒറ്റയ്ക്കു മത്സരിക്കുമെന്നു മഹാരാഷ്ട്രയുടെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

ബിജെപിക്ക് 119 സീറ്റ് മാത്രമേ നല്‍കൂ എന്നാണു ശിവസേനയുടെ നിലപാട്. അതേസമയം, ശിവസേന ഉറച്ച നിലപാട് സ്വീകരിക്കുന്നില്ലെന്നും സീറ്റ് വിഭജനം സംബന്ധിച്ച നിലപാട് ടിവി ചാനലുകള്‍ വഴിയാണ് അറിയുന്നതെന്നുമാണു ബിജെപിയുടെ ആരോപണം. ശിവസേന ഒരിക്കലും ജയിക്കാത്ത സീറ്റുകളാണു ബിജെപിക്കു നല്കിയതെന്നും പരാതിയുണ്ട്. 25 വര്‍ഷമായുള്ള ശിവസേന-ബിജെപി സഖ്യം തുടരണമെന്നുതന്നെയാണ് ആഗ്രഹമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്നുമാണു ബിജെപി വ്യക്തമാക്കിയത്. മറ്റു പാര്‍ട്ടികളില്‍നിന്ന് എത്തുന്നവര്‍ക്കായുള്ള 20-30 സീറ്റുകളിലൊഴികെ ഭൂരിപക്ഷം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക ബിജെപി തയാറാക്കിയിട്ടുണ്ട്.151 സീറ്റുകളില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ച ശിവസേന 18 സീറ്റുകള്‍ ചെറു സഖ്യകക്ഷികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. ഇരുകക്ഷികളും 135 വീതം സീറ്റുകളില്‍ മത്സരിക്കണമെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടിരുന്നത്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ ബിജെപിക്ക് അത്ര താത്പര്യവുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.